Begin typing your search above and press return to search.
കൊച്ചി വിമാനത്താവളത്തിൻ്റെ ഓഹരികളും ടാറ്റയ്ക്ക്
എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനൊപ്പം കൊച്ചി വിമാനത്താവളത്തിൻ്റെ ( Cochin International Airport limited-CIAL) ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് ശതമാനം ഓഹരികളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. 45 കോടിയുടെ നിക്ഷേപമായിരുന്നു എയര്‍ ഇന്ത്യ നടത്തിയത്. ഇതോടെ ഒരു പ്രധാന വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തമുള്ള ഏക ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായി ടാറ്റ മാറും.
അതേ സമയം ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസ്, എയര്‍ ഇന്ത്യ അലയ്ഡ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍പോര്‍ട്ട് സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലെ എയര്‍ ഇന്ത്യയുടെ ഓഹരി പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കില്ല. എയര്‍ ഇന്ത്യയെക്കൂടാതെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച വിമാനത്തവളത്തിൻ്റെ 33.36 ശതമാനം ഓഹരികളും കേരള സര്‍ക്കാരിന്റേതാണ്.
എയര്‍ ഇന്ത്യ ഏറ്റെടുപ്പ് പൂര്‍ത്തിയായ ശേഷം കൊച്ചി വിമാത്താവളത്തിലെ ഓഹരിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ടാറ്റ വക്താവ് അറിയിച്ചിട്ടുണ്ട്. ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടാറ്റ പരിഗണിച്ചേക്കും. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ 18000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് (tata sons) ഏറ്റെടുത്തത്. ഡിസംബറോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എയര്‍ ഇന്ത്യ, എയര്‍ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് കൈമാറുന്നത്.
Next Story
Videos