‘വണ്ടര്‍ ക്‌ളബ്’ മെമ്പര്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കി വണ്ടര്‍ല

ഭുവനേശ്വറില്‍ 120 കോടി മുടക്കി പാര്‍ക്ക് സ്ഥാപിക്കും

-Ad-

വണ്ടര്‍ലയുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഫാസ്ട്രാക്ക് അനുമതിയോടെ പ്രവേശനവും നക്ഷത്ര ഹോട്ടലുകളില്‍ താമസവും ഉറപ്പാക്കുന്ന ‘വണ്ടര്‍ ക്‌ളബ്’ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വണ്ടര്‍ല സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൊച്ചിയില്‍ പുറത്തിറക്കി.

ഗോള്‍ഡ്, ഡയമണ്ട് എന്നീ രണ്ടു തരം കാര്‍ഡുകളില്‍ ഗോള്‍ഡിന് മൂന്നു വര്‍ഷവും ഡയമണ്ടിന് ആറു വര്‍ഷവുമാണ് കാലാവധി. പദ്ധതിക്കായി കൊച്ചിയിലെ മികച്ച സ്റ്റാര്‍ ഹോട്ടലുമായി കരാര്‍ ഒപ്പുവച്ചതായി വണ്ടര്‍ല ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. വണ്ടര്‍ല കൊച്ചിയില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന പുതിയ റൈഡായ വെര്‍ച്വല്‍ റിയാലിറ്റി കോസ്റ്ററിന്റെ ഉദ്ഘാടനവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാട്ടര്‍ റൈഡായ ഫ്യൂഷന്‍ സ്ലൈഡും നെറ്റ്വാക്കും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

190 മീറ്ററുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കോസ്റ്റര്‍ എന്ന പുതിയ റൈഡില്‍, ഹെഡ്സെറ്റ് ധരിച്ചു റൈഡ് ചെയ്യുമ്പോള്‍ സാഹസികത നിറഞ്ഞ വിസ്മയ ദൃശ്യാനുഭവമാണ്. പല വര്‍ണങ്ങളിലുള്ള ലൈറ്റ് ഇഫക്ടുകള്‍ നല്‍കിയിട്ടുള്ള ഫ്യൂഷന്‍ സ്ലൈഡ് ട്യൂബുകളിലൂടെ ആടിയുലഞ്ഞ് ഒഴുകിയിറങ്ങുന്ന അനുഭവം നല്‍കും. ഒരേസമയം സാഹസികതയും ശാരീരിക ക്ഷമതയും നല്‍കുന്ന നെറ്റ് വാക് റൈഡിലൂടെ മുകളിലേക്കു കയറാം.

-Ad-

ചെന്നൈ കോളമ്പാക്കത്തിനു സമീപം അറുപതോളം ഏക്കര്‍ സ്ഥലത്ത് വണ്ടര്‍ലായുടെ നാലാമത്തെ പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.  പുതിയ സംരംഭം എന്ന നിലയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒഡീഷയിലെ ഭുവനേശ്വറില്‍ പുതിയ പാര്‍ക്കിനുള്ള പ്രാരംഭ പഠനങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് 120 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. അന്താരാഷ്ട്ര ഏജന്‍സിയായ ടി.യു.വിയുടെ നേതൃത്വത്തില്‍ പാര്‍ക്കിലെ റൈഡുകളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐ.എസ്.ഒ 14001, സുരക്ഷയുമായി ബന്ധപ്പെട്ട ഒ.എച്ച്.എസ്.എ.എസ് 18001 സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here