ലോകത്തിലെ ഭക്ഷോ്യല്‍പ്പന്നങ്ങളുടെ വില സൂചിക ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നരിക്കില്‍ എത്തിയതോടെ വിലക്കയറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വലയ്ക്കുമെന്ന ആശങ്ക ശക്തമാവുന്നു. പാമോയില്‍ മുതല്‍ സോയബീന്‍ വരെയുള്ള ഒരു പിടി ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ചൈനയില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പ്രതികൂല കാലാവസ്ഥ എന്നിവയാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണങ്ങള്‍. ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം 2021 ജനുവരിയിലെ ഭക്ഷ്യ വില സൂചിക 113.3 ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭക്ഷ്യ വില സൂചിക 102.5 ആയിരുന്നു. മാസം, ധാന്യങ്ങള്‍, സസ്യ എണ്ണ, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാര തുടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ ഏഴുമാസമായി തുടര്‍ച്ചയായ വര്‍ദ്ധന രേഖപ്പെടുത്തുന്നു. FAO-യുടെ കണക്കുകള്‍ പ്രകാരം ജൂലൈ 2014-നു ശേഷം ഭക്ഷ്യവില സൂചിക ഇത്ര ഉയര്‍ന്ന നിരക്കില്‍ എത്തുന്നത് ആദ്യമായാണ്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2000-ത്തിന്റെ തുടക്കത്തില്‍ അനുഭവപ്പെട്ടതു പോലെയുള്ള ഒരു കമ്മോഡിറ്റി 'സൂപ്പര്‍ സൈക്കിളിന്റെ' തുടക്കമാണെന്ന് ചില ബാങ്കുകള്‍ വിലയിരുത്തന്നതായി വാര്‍ത്ത ഏജന്‍സിയായ ബ്ലൂംബര്‍ഗ് റിപോര്‍ട് ചെയ്യുന്നു. ചെമ്പടക്കമുള്ള ലോഹങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില ഏതാനും മാസങ്ങളായി ഉയരുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
സുഡാനില്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടുണീഷ്യ, ലബനോണ്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്കയറ്റം അസ്വസ്ഥതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിലക്കയറ്റത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളായി ബ്രസീല്‍, റഷ്യ. തുര്‍ക്കി, നൈജീരിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാറിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഭക്ഷ്യ-കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന അഞ്ചോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷകളും ശക്തമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍, ബസ്മതിയും, അല്ലാത്തതുമായ അരി, ഇറച്ചി, പഞ്ചസാര, പരുത്തി എന്നിവയാണ് ഈ ഉല്‍പ്പന്നങ്ങള്‍. സമുദ്രോല്‍പ്പന്നങ്ങളുടെ നിരക്കില്‍ വരുന്ന വര്‍ദ്ധന കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു.
അതേസമയം ഇറക്കുമതിയെ ആശ്രയിച്ചു നില്‍ക്കുന്ന സസ്യ എണ്ണ, ചില പഴവര്‍ഗങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വില ആഭ്യന്തര വിപണയില്‍ ഉയരുമെന്നു കണക്കാക്കപ്പെടുന്നു. കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഉയരുമെങ്കിലും വിലക്കയറ്റം സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന നിരീക്ഷണങ്ങളും ശക്തമാണ്. ആഗോള വിപണയില്‍ അരിയുടെ വില ഉയരുന്ന പക്ഷം കച്ചവടക്കാര്‍ സ്വാഭാവികമായും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്നതിന് താല്‍പര്യപ്പെടുന്നതിനെ തുടര്‍ന്ന് ആഭ്യന്തര വിപണയിലെ ലഭ്യതയില്‍ കുറവ് വരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ പ്രദേശിക വിപണികളില്‍ വില ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. അരി ഉള്‍പ്പടെയുള്ള ധാന്യങ്ങളുടെ വില സൂചിക 2000 ജനുവരിയില്‍ 100.5 പോയിന്റായിരുന്നുവെങ്കില്‍ 2021 ജനുവരിയില്‍ സൂചിക 124.2 പോയിന്റാണ്. പാല്‍ ഉല്‍പ്പന്നങ്ങളുടെ സൂചിക 103.8 പോയിന്റില്‍ നിന്നും 111.0 പോയിന്റായും, സസ്യ എണ്ണകള്‍ 108.7-ല്‍ നിന്നും 138.8 പോയിന്റായും ഉയര്‍ന്നു. പഞ്ചസാരയുടെ സൂചിക 87.5-ല്‍ നിന്നും 94.2 ആയി ഉയര്‍ന്നു.
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉല്‍പ്പാദകരായ റഷ്യ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപോര്‍ട് ചെയ്യുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയില്‍ ഏറ്റവും വേഗത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയത് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്ഘടനയായ ബ്രസീലില്‍ ആണ്.
ഇന്ത്യയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം പരിധി വിടുകയാണെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് കരുതപ്പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കായി പ്രധാനമായും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലെയുള്ള പ്രദേശങ്ങളില്‍ വിലക്കയറ്റം സാരമായി ബാധിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
.