ബോട്ടുകളും വള്ളങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റാം, പുത്തന്‍ സാങ്കേതികവിദ്യയുമായി യെസെന്‍ സസ്റ്റെയ്ന്‍

ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി ഇലക്ട്രിക്കാക്കി മാറ്റാവുന്ന പുത്തന്‍ സാങ്കേതികവിദ്യയുമായി യെസെന്‍ സസ്റ്റെയ്ന്‍. നിലവിലുള്ളതും പുതിയതുമായ ബോട്ടുകളെയും വള്ളങ്ങളെയും കുറഞ്ഞചെലവിലും നിക്ഷേപം വേഗത്തില്‍ തിരിച്ചു പിടിക്കാവുന്ന വിധവും ഇലക്ട്രിക്കാക്കി മാറ്റാവുന്ന 'ഇ-മറൈന്‍' സാങ്കേതികവിദ്യായാണ് യെസെന്‍ സസ്റ്റെയ്ന്‍ അവതരിപ്പിച്ചത്. ലോകത്തില്‍ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു വിപ്ലവകരമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് യെസെന്‍ സസ്റ്റെയ്ന്‍ കമ്പനി വ്യക്തമാക്കി. ഇ-മറൈന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് മോഡ്യുലര്‍ കിറ്റുകള്‍ ഉപയോഗിച്ചാണ് ബോട്ടുകളെയും വള്ളങ്ങളെയും ഇലക്ട്രിക്കാക്കി മാറ്റുക.

യെസെന്‍ സസ്റ്റെയ്ന്റെ കൊച്ചിയിലുള്ള കേന്ദ്രത്തിലാണ് ഈ രംഗത്തെ ആഗോള നിര്‍മാണകമ്പനികളായ ഹൈപ്പര്‍ ക്രാഫ്റ്റ്, എല്‍കോ, പോളാരിയം, സിഇടിഎല്‍, എന്‍ആര്‍കാ എന്നിവയുടെ സാങ്കേതികസഹായത്തോടെ ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതെന്ന് യെസെന്‍ സസ്റ്റെയ്ന്‍ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മാത്യു പറഞ്ഞു.
ബോട്ടുകളിലും വള്ളങ്ങളിലും ഘടിപ്പിക്കാവുന്ന പ്രി-എന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്‍, സോളാരൈസേഷന്‍ കിറ്റുകളാണ് ഇ-മറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐസി എന്‍ജിനുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ ചെലവ് കുറഞ്ഞതാണെന്നും മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിക്ഷേപം തിരിച്ചുപിടിക്കാവുന്നതാണെന്നും കമ്പനി അവകാശപ്പെട്ടു.
ഔട്ട്ബോഡ് എന്‍ജിനുകളുടെ റിട്രോഫിറ്റിംഗ് രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ടും ഇന്‍ബോഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാം. ഐആര്‍എസ് നിബന്ധനകള്‍ക്കനുസൃതമായ ഉയര്‍ന്ന ഗുണനിലവാരവും ഇ-മറൈന്‍ സാങ്കേതികവിദ്യ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ലിക്വിഡ്-കൂള്‍ഡ് മറൈന്‍ ബാറ്ററി പാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കഠിനമായ സാഹചര്യങ്ങളിലും മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. ജലയാനങ്ങളുടേയും അതിലെ യാത്രക്കാരുടേയും പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ബഹുമുഖ സുരക്ഷാ സംവിധാനങ്ങളും ഈ സാങ്കേതികവിദ്യയുടെ ഭാഗമാണ്. 1 എച്ച്പി മുതല്‍ 2000 എച്ച്പി വരെ ശക്തിയുള്ള ഫിഷിംഗ് ബോട്ടുകള്‍, വള്ളങ്ങള്‍, ഹൗസ്ബോട്ടുകള്‍ തുടങ്ങിയവയ്ക്ക് ഇ-മറൈന്‍ കിറ്റുകള്‍ അനുയോജ്യമാണ്.
ഇന്ത്യയില്‍ സമുദ്ര ഷിപ്പ്‌യാഡ്, മാതാ മറൈന്‍സ് എന്നീ ഷിപ്പ്‌യാഡ് എന്നിവയുമായി ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ദുബായ് കേന്ദ്രീകരിച്ച് മിഡ്ല്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിപണികളിലും വിയറ്റ്നാം കേന്ദ്രീകരിച്ച് ഫാര്‍ ഈസ്റ്റ് വിപണികളിലും യെസെന്‍ സസ്റ്റെയ്ന്‍ സേവനമാരംഭിച്ചിട്ടുണ്ട്.
കൊച്ചിലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ഇ-മറൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകനും സിഇഒയുമായ ജോസ് ഡൊമിനിക്, സി-ഡാറ്റ് ജോയിന്റ് ഡയറക്ടര്‍ ജയന്‍ പി പി, എനര്‍ജി ഓഡിറ്റര്‍ ജയരാമന്‍ സി., സമുദ്ര ഷിപ്പ്‌യാഡ് സിഎംഡി ഡോ. ജീവന്‍ സുധാകരന്‍, ലൈഫ് വേ സോളാര്‍ എംഡി ജോര്‍ജുകുട്ടി കരിയമ്പള്ളി, മാതാ മറൈന്‍ സ്ഥാപകനും എംഡിയുമായ ജോയ് ജേക്കബ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സാറാ പോള്‍, ജാസ്മിന്‍ തോമസ്, ആന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.


Related Articles
Next Story
Videos
Share it