സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും ഏഴ് ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സ്; പുതിയ ഇപിഎഫ് പരിരക്ഷ ഇങ്ങനെ

കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ചട്ടം പുതുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ). സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇപിഎഫില്‍ അംഗമാണെങ്കില്‍ ജോലിയിലിരിക്കെ മരിച്ചാല്‍ രണ്ടര ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സായി ലഭിക്കും.

കോവിഡ് മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഗസറ്റ് വിഞ്ജാപനത്തിലൂടെ ആണ് കേന്ദ്രസര്‍ക്കാര്‍ ആറു ലക്ഷം ആയിരുന്ന കവറേജ് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഈ പുതുക്കിയ നിരക്ക് ഏപ്രില്‍ 28 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇപിഎഫ് വിഹിതം അടയക്കുന്നവര്‍ക്കാണ് ഈ കവറേജ്. എന്നാല്‍ ഈ കവറേജിനായി ജീവനക്കാരന്‍ അധികമായി ഒരു രൂപ പോലും അടയക്കേണ്ടതില്ല. തൊഴിലുടമയില്‍ നിന്നും ഈടാക്കുന്ന ചെറിയ വിഹിതമാണ് പ്രീമിയമായി ഉപയോഗിക്കുന്നത്. ജോലിയിലിരിക്കെ മരണപ്പെട്ടാല്‍ ജീവനക്കാരന്റെ മാസശമ്പളവും പിഎഫിലെ തുകയും അടിസ്ഥാനമാക്കി 2.5 ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ നോമിനിക്കു നല്‍കും. 20000 രൂപ ശമ്പളവും രണ്ടു ലക്ഷം രൂപ പിഎഫ് തുകയും ഉണ്ടെങ്കില്‍ പരമാവധി കവറേജ് ആയ ഏഴു ലക്ഷം രൂപയും കിട്ടും.

കേന്ദ്ര സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്. സ്‌കീമില്‍ ചേരുന്നതിന് ജീവനക്കാരന്‍ ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നല്‍കുന്നത്.

പുതിയ ജീവനക്കാര്‍ക്ക്

പുതുതായി കിട്ടിയ ജോലിയാണെങ്കില്‍ 12 മാസം (ഒരു വര്‍ഷമെങ്കിലും കുറഞ്ഞത്) തുടര്‍ച്ചയായി പിഎഫ് അടച്ചവര്‍ക്ക് മിനിമം കവറേജ് ആയ 2.5 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരിക്കുന്ന സമയത്ത് 20000 രൂപ കുറഞ്ഞ ശമ്പളം ലഭിക്കുന്നുണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപയോളം പിഎഫ് അക്കൗണ്ടില്‍ ഉണ്ടെങ്കിലും 7 ലക്ഷം രൂപ ക്ലെയി ലഭിക്കും. പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല.

ക്ലെയിം ചെയ്യുന്നത് എങ്ങനെ ?

ജീവനക്കാരന്റെ/ജീവനക്കാരിയുടെ നോമിനി അഥവാ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നല്‍കേണ്ടത്. തൊഴിലുടമ നിലവില്‍ ഇല്ലെങ്കിലോ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാതിരിക്കുകയോചെയ്താല്‍ ബാങ്ക് മാനേജര്‍, ഗസറ്റഡ് ഓഫീസര്‍, മജിസ്ട്രേറ്റ്, എംപി, എംഎല്‍എ തുടങ്ങിയവര്‍ അറ്റസ്റ്റ് ചെയ്താല്‍ മതി. മരണസമയത്തോ അടുത്തുള്ള തീയതികളില്‍ തന്നെയോ അപേക്ഷ നല്‍കണമെന്നും നിര്‍ബന്ധമില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും.

Related Articles
Next Story
Videos
Share it