ഇന്‍ഷുറന്‍സ് പോളിസി നിരസിക്കപ്പെടാതിരിക്കാന്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജീവിതത്തിലെ അവിചാരിത സംഭവങ്ങളില്‍ തളരാതിരിക്കാനാണ് നാം ടേം പ്ലാനും ഹെല്‍ത്ത് പോളിസിയുമെല്ലാം എടുക്കുന്നത്. അതുമൂലം ഗുണം ലഭിക്കേണ്ട ഘട്ടത്തില്‍ കമ്പനികള്‍ ക്ലെയിം നിരസിച്ചാല്‍ അവതാളത്തിലാകുന്നത് നമ്മുടെ മുന്‍കരുതലുകള്‍ തന്നെയാണ്. ക്ലെയിം നിരസിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ നമ്മുടെ പിഴവ് മൂലം അത് സംഭവിക്കാന്‍ പാടില്ല. ഇതാ ഇന്‍ഷുറന്‍സ് പോളിസി നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍.

1. ന്യൂനതകളില്ലാത്ത പ്രൊപ്പോസല്‍ ഫോം:
യാഥാര്‍ത്ഥ വിവരങ്ങള്‍ മാത്രം നല്‍കി പ്രൊപ്പോസല്‍ ഫോം പൂര്‍ണമായും പൂരിപ്പിക്കുക. മുമ്പ് ഉണ്ടായിരുന്ന രോഗം, പരിക്ക്, അംഗവൈകല്യം എന്നിവ സൂചിപ്പിക്കാന്‍ മറക്കരുത്. അതല്ലെങ്കില്‍ ക്ലെയിം ചെയ്യുമ്പോള്‍ നിരസിക്കപ്പെടാനും അപൂര്‍വ അവസരങ്ങളില്‍ പോളിസി റദ്ദു ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ എല്ലാ വിവരങ്ങളും സത്യസന്ധമായി തന്നെ നല്‍കുക. മാത്രമല്ല, വയസ്, വ്യക്തി ശീലങ്ങള്‍, ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ഇപ്പോഴത്തെ ആരോഗ്യ നില, രക്തസമ്മര്‍ദം തുടങ്ങിയവയെല്ലാം പോളിസി ലഭിക്കുന്നതിനുള്ള മാനദണ്ഡം ആവാറുണ്ട്.
നിങ്ങള്‍ 45 വയസിന് താഴെയുള്ള നല്ല ആരോഗ്യവാനാണെങ്കില്‍ എളുപ്പത്തില്‍ ടേം പ്ലാനും മെഡിക്ലെയ്മും ലഭിക്കും. ആരോഗ്യസംന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്നതിനു മുമ്പു തന്നെ അത് പരിഹരിക്കാന്‍ ശ്രദ്ധിക്കുക. ദിവസേനയുള്ള വ്യായാമം പോലും മികച്ച പ്രീമിയം നിരക്ക് നിങ്ങള്‍ക്ക് സമ്മാനിച്ചേക്കാം.
2. ശരിയായ ജീവിത ശൈലി
നല്ല ജീവിതരീതി ഉള്ള ഒരാള്‍ക്ക് പോളിസി നിരസിക്കപ്പെടില്ല എന്നത് സത്യമാണ്. നിങ്ങള്‍ പുകവലിക്കാരനല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ ടേം പ്ലാനില്‍ മെച്ചപ്പെട്ട പ്രീമിയം നിരക്ക് നിങ്ങള്‍ക്ക് ലഭിക്കാം. അതേസമയം പുകവലിക്കാരനാണെങ്കില്‍ 50 ശതമാനം വരെ അധിക പ്രീമിയം അടക്കേണ്ടി വരും.
നിങ്ങള്‍ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉപകാരപ്പെടും. താഴ്ന്ന പ്രീമിയം നിരക്ക് ലഭ്യമാകാന്‍ പുകവലി ഉപേക്ഷിച്ച് എത്രവര്‍ഷം കഴിഞ്ഞിരിക്കണമെന്ന നിബന്ധന പല കമ്പനികളുടേതും വ്യത്യസ്തമാണ്. അതായത് മൂന്നു വര്‍ഷം കാലാവധി വെച്ചിരിക്കുന്ന കമ്പനികളുടെ പോളിസികള്‍ പുകവലി ഉപേക്ഷിച്ച് മൂന്നു വര്‍ഷം കഴിയുമ്പോള്‍ താഴ്ന്ന നിരക്കില്‍ ലഭ്യമാകും.

ജീവിതശൈലീ രോഗങ്ങളുണ്ടെങ്കില്‍
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കാന്‍സര്‍, ഹൃദയ സംന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പോളിസി വാങ്ങല്‍ ഏറെക്കുറെ അസാധ്യം തന്നെ. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രദ്ധിക്കുക.

3. ജോലിയുടെ സ്വഭാവം

ഒരാളുടെ ജോലി ഏത് വിഭാഗത്തില്‍ പെടുന്നു എന്നതും പോളിസി നിരസിക്കുന്നതിനും നല്‍കുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് ലൈഫ് ഇന്‍ഷുറന്‍സില്‍. കൂടിയ അപകട സാധ്യതയുള്ള ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ അപകട സാധ്യതയുള്ള ജോലിക്കാര്‍ അടയ്ക്കുന്നതിന്റെ ഇരട്ടിയോളം പ്രീമിയം കൂടുതലായി അടക്കേണ്ടി വരും.
അഡ്മിനിസ്ട്രേഷന്‍, മാനേജീരിയല്‍ തസ്തികകള്‍, ഡോക്റ്റര്‍, അഭിഭാഷകര്‍, ആര്‍ക്കിടെക്റ്റ്, അധ്യാപകര്‍ തുടങ്ങിയവര്‍ അപകട സാധ്യത കുറഞ്ഞ ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നവരാണ്. രണ്ടാമത്തെ വിഭാഗത്തില്‍ സാധാരണ കൂലിപ്പണിക്കാര്‍, മെക്കാനിക്ക്, മെഷീന്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍, ബില്‍ഡര്‍, കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അപകടസാധ്യത കൂടിയ മൂന്നാമത്തെ വിഭാഗത്തില്‍ ഖനി തൊഴിലാളികള്‍, സര്‍ക്കസ് കലാകാരന്മാര്‍, പര്‍വതാരോഹകര്‍ തുടങ്ങിയവരാണുള്ളത്. ചില പോളിസികള്‍ ഒന്നാമത്തെ വിഭാഗക്കാര്‍ക്ക് മാത്രമേ നല്‍കാറുള്ളൂ.
4. സാമ്പത്തിക നില
മെച്ചപ്പെട്ട സാമ്പത്തിക നിലയാണ് നിങ്ങള്‍ക്കെങ്കില്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവര്‍ എളുപ്പത്തില്‍ ലഭിക്കും. ഓണ്‍ലൈന്‍ ടേം പ്ലാനുകളില്‍ പ്രീമിയം കുറവായിരിക്കുന്നതിന് കാരണം അവര്‍ ലക്ഷ്യം വെക്കുന്ന വിഭാഗത്തിലെ കുറഞ്ഞ മരണനിരക്കാണ്. പ്രായോഗിക ബുദ്ധിയുള്ള, സാമ്പത്തികമായി സുരക്ഷിതരായ ആളുകള്‍ മെച്ചപ്പെട്ട ജീവിതരീതി പിന്തുടരുന്നവരും മികച്ച ആശുപത്രികളെ സമീപിക്കുന്നവരുമായിരിക്കും. ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരെ അപേക്ഷിച്ച് മരണനിരക്ക് നാലു മടങ്ങുവരെ കൂടുതലാണ്. താഴ്ന്ന തലത്തിലുള്ള ജീവനക്കാര്‍ക്ക് അതുകൊണ്ടുതന്നെ സാമ്പത്തിക നില അനുസരിച്ചായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
5. മെഡിക്കല്‍ ടെസ്റ്റ്
നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ കുഴപ്പങ്ങള്‍ പരിഹരിച്ച ശേഷം ഇന്‍ഷറന്‍സിനായി അപേക്ഷിക്കുക. പ്രമേഹം പോലുള്ള രോഗം ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാനുള്ള സാധ്യത കുറവാണ്. ചില കമ്പനികള്‍ അതിനായി മെഡിക്ലെയിം പോളിസികള്‍ നല്‍കുന്നുണ്ടെങ്കിലും. പ്രമേഹം തുടക്കത്തിലാണെങ്കിലോ നിയന്ത്രണ വിധേയമാണെങ്കിലോ പോളിസി ലഭിക്കാനുള്ള സാധ്യത കൂടും. ഇന്‍ഷുറന്‍സിനുള്ള മെഡിക്കല്‍ ടെസ്റ്റിനു മുമ്പ് നിങ്ങള്‍ ടെസ്റ്റ് നടത്തി ചികിത്സ നടത്തുക.
6. ശരിയായ ഡിക്ലറേഷന്‍ ഫോം
ഡിക്ലറേഷന്‍ ഫോമില്‍ കൃത്യവും സത്യസന്ധവുമായ കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തുക. നിങ്ങള്‍ ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിരിക്കുന്നതെങ്കില്‍ അത് രേഖപ്പെടുത്തണമെന്നില്ല. പലപ്പോഴും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ വിലയുണ്ട് ഡിക്ലറേഷന്. ഡിക്ലറേഷനെ മാത്രം ആശ്രയിച്ച് (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ) നല്‍കുന്ന പോളിസികളുമുണ്ട്.
7. ഇടനിലക്കാരെ തെരെഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ
നിങ്ങള്‍ക്ക് പോളിസിയെടുക്കാനായി ഇടനിലക്കാരുടെ സഹായം ആവശ്യമാണെങ്കില്‍ ബുദ്ധിപൂര്‍വം വേണം തെരഞ്ഞെടുക്കാന്‍. നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ഡോക്യുമെന്റ്സില്‍ നല്‍കിയിരിക്കുന്നത് എന്താണെന്ന് പരിശോധിച്ച് ഉറപ്പിക്കണം. ഇന്‍ഷുറന്‍സിനുള്ള കാര്യങ്ങള്‍ കഴിയുമെങ്കില്‍ സ്വയം ചെയ്യുന്നതാണ് നല്ലത്. ഇടനിലക്കാര്‍ വരുത്തുന്ന തെറ്റുകളും കുഴപ്പങ്ങളും ഇല്ലാതാക്കാന്‍ ഇതുവഴി കഴിയും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന പ്രൊപ്പോസലിന്റെ കോപ്പി കൈയില്‍ സൂക്ഷിക്കേണ്ടതുമാണ്. നിങ്ങള്‍ക്ക് പോളിസി നല്‍കാനായി ഒരു സ്വാധീനവും ചെലുത്താന്‍ ഇടനിലക്കാരെ കൊണ്ട് കഴിയില്ല. നിങ്ങള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ പോളിസി എന്തായാലും ലഭിക്കുകയും ചെയ്യും.


Related Articles
Next Story
Videos
Share it