'ജീവിത സുരക്ഷിതത്വത്തിന് നല്ല വീട് മാത്രം പോര'

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ടൂറിസത്തില്‍ തനതായ സ്ഥാനം നേടിയ സംസ്ഥാനം. ഇന്ന് എല്ലാ സംസ്ഥാനങ്ങളും കടുത്ത മത്സരത്തിലാണ്; മികച്ച ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ഒക്കെ. കേരളം പണ്ടേ 100 ശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ്. ഇനി കേരളം 100 ശതമാനം സാമ്പത്തിക സാക്ഷരത നേടുന്ന തലത്തിലേക്ക് എത്തണം.

എന്തിനാണ് 100 ശതമാനം സാമ്പത്തിക സാക്ഷരത?

മനുഷ്യര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കൊണ്ട് മാത്രം തൃപ്തരാകുന്നില്ല. മെച്ചപ്പെട്ട ജീവിതനിലവാരം എല്ലാവരും ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നമ്മള്‍ എത്രമാത്രം അറിവുള്ളവരാകുന്നുവോ അത്രമാത്രം ജീവിതവും മെച്ചപ്പെടും. ഉദാഹരണത്തിന്, ബാങ്കിംഗ് സേവനങ്ങളുടെ കാര്യമെടുക്കാം. ബാങ്കുകള്‍ നിക്ഷേപ ഉത്പന്നങ്ങളും വായ്പാ ഉത്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വായ്പാ വിതരണം ഏറെ കുറവാണ്. രാജ്യത്തെ 100 പേരോട് ബാങ്കിംഗ് സേവനങ്ങളെ പറ്റിയുള്ള അവര്‍ക്കുള്ള ധാരണയെ കുറിച്ച് ചോദിച്ചാല്‍ അതില്‍ 20-30 പേര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് ധാരണ കാണൂ. ബാങ്കുകളില്‍ നിന്നുള്ള വായ്പ ആകട്ടെ അല്ലെങ്കില്‍ നിക്ഷേപമാകട്ടെ, അതെല്ലാം ഉപയോഗിക്കുന്നവരുടെ ജീവിത നിലവാരം മാത്രമേ മെച്ചപ്പെടുകയുള്ളൂ.

ഇന്‍ഷുറന്‍സ് പരിരക്ഷ: മറക്കരുത് ഇക്കാര്യം

ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്നവരാണ് നമ്മള്‍. ഒരു കുടുംബത്തിന്റെ അത്താണിയായ വ്യക്തി അപ്രതീക്ഷിതമായി മരിക്കുകയോ അല്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ആ കുടുംബത്തിന്റെ സ്ഥിതി ദയനീയമാകും. പാവപ്പെട്ടവരാണെങ്കില്‍ ആ കുടുംബം മാത്രമല്ല, അവരുടെ ബന്ധുക്കളും കഷ്ടസ്ഥിതിയിലാകും. എന്നാല്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലോ? കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. ആ കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഇതിന്റെ ആശ്വാസം ലഭിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് എല്‍.ഐ.സി വമ്പനാണ്. പക്ഷേ രാജ്യത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കുകയെന്ന വലിയ ദൗത്യം ഞങ്ങള്‍ക്ക് മുന്നിലുണ്ട്. എല്‍.ഐ.സിയുടെ അഞ്ച് ഡിവിഷനുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ഡിവിഷന്‍ സ്വതന്ത്രമായൊരു കമ്പനിയെ പോലെയാണ്. ഏതാണ്ട്് 70 ലക്ഷം പോളിസികള്‍ കേരളത്തില്‍ എല്‍.ഐ.സിക്കുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ 100 ശതമാനം സാമ്പത്തിക സാക്ഷരത നേടി, കുടുംബ സുരക്ഷിതത്വത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണെന്ന ധാരണ കുടുംബാംഗങ്ങള്‍ക്കുണ്ടായാല്‍ പോളിസികളുടെ എണ്ണം എളുപ്പത്തില്‍ ഒന്നര കോടി വരെയെത്തിക്കാനാവും.

രാജ്യത്ത് 50 കോടിയോളം പേര്‍ കുടുംബത്തിന്റെ ഏക അത്താണിയാണെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോഴുമില്ല. 'മതിയായ' എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയവര്‍ക്ക് പോലും ആവശ്യമായ പരിരക്ഷയില്ല. പോളിസി ഉടമ എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സ് തുകയും ശരിയായ അളവില്‍ വേണ്ട തുകയും തമ്മിലുള്ള വിടവ് ഇന്ത്യയില്‍ 83 ശതമാനമാണ്.

ബിസിനസിനും വേണം പോളിസി

ലൈഫ് ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാത്തരം റിസ്‌കുകളെയും കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ലഭ്യമാണ്. ഒരു വ്യക്തി ലൈഫ്, ഹെല്‍ത്ത്, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ തീര്‍ച്ചയായും എടുത്തിരിക്കണം. ഇന്ത്യയിലെ നിരത്തില്‍ ഓടുന്ന 67 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ച് അപകടം സംഭവിച്ചാല്‍ കുടുംബം തകരാന്‍ അതുമതിയാകും. നിങ്ങള്‍ ബിസിനസുകാരനാണെങ്കില്‍ ബിസിനസുമായി ബന്ധപ്പെട്ട നിരവധി സംഗതികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാകും. ഇതെല്ലാം അറിയണമെങ്കില്‍ സാമ്പത്തിക സാക്ഷരത അനിവാര്യമാണ്.

വരുമാനമില്ലാതെ വിശ്രമ ജീവിതം നയിക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ?

ഇന്ത്യയില്‍ പെന്‍ഷന്‍ പ്ലാനുകളെ കുറിച്ച് ചിന്തിക്കുന്നവര്‍ എത്ര ശതമാനം പേരാണെന്ന് അറിയുമോ? വെറും 3-5 ശതമാനം പേര്‍. മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണ്. ആധുനിക വൈദ്യശാസ്ത്രം അതിന് ഏറെ സഹായിച്ചിട്ടുണ്ട്. പക്ഷേ ജോലിയില്ലാതെ, സ്ഥിരമായ വരുമാനമില്ലാതെ ദീര്‍ഘനാള്‍ ജീവിക്കേണ്ടി വരുമ്പോള്‍ എന്താണ് ചെയ്യുക? പലരും ഇത് ആലോചിച്ചിട്ടേയില്ല. വികസിത രാജ്യങ്ങളില്‍ ശക്തമായ സാമൂഹ്യസുരക്ഷാ പദ്ധതികളുണ്ട്. ഇന്ത്യയില്‍ മതിയായ പെന്‍ഷന്‍ കിട്ടുന്നത് മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ്. പെന്‍ഷന്‍ പദ്ധതികളുടെ രംഗത്തും വലിയ അവസരങ്ങളാണുള്ളത്.

ജീവിത സ്വപ്നം പോലെ നല്ലൊരു വീട് കെട്ടിയുയര്‍ത്തി അതില്‍ ജീവിച്ചതുകൊണ്ട് ഭാവി ജീവിതം ശോഭനമാകില്ല. മറിച്ച് സാമ്പത്തിക സാക്ഷരത നേടി മതിയായ സ്ഥിര നിക്ഷേപം, മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ, വിശ്രമ ജീവിതം നയിക്കുന്ന കാലത്ത് സാമ്പത്തിക പിന്തുണ നല്‍കാന്‍ വേണ്ടി പെന്‍ഷന്‍ പ്ലാന്‍ എന്നിവയെല്ലാം ഓരോ വ്യക്തിക്കും അനിവാര്യമാണ്. കോവിഡ് കാലത്ത്, കോവിഡ് മൂലം മരണമടഞ്ഞ ഒരു പോളിസി ഉടമയ്ക്ക് പോലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെ പോകരുതെന്ന കര്‍ശന നിര്‍ദേശം എല്‍.ഐ.സി ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ എല്ലാ ഡിവിഷന്‍ മേധാവികള്‍ക്കും നല്‍കിയിരുന്നു.

അവരെല്ലാം അതത് ജില്ലാ കലക്റ്റര്‍മാരുമായി ബന്ധപ്പെട്ട് കോവിഡ് മരണ വിവരങ്ങള്‍ എടുക്കുകയും എല്‍.ഐ.സി പോളിസി ഉടമയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ക്ലെയിം സെറ്റില്‍ ചെയ്ത് തുക കൈമാറാനും അഹോരാത്രം പ്രയത്നിക്കുകയും ചെയ്തു. ഞങ്ങളുടെ കുറേ ചട്ടങ്ങള്‍ വരെ ഈ നാളുകളില്‍ തിരുത്തിയെഴുതി. 36,000 കോടി രൂപയാണ് ക്ലെയിം ഇനത്തില്‍ വിതരണം ചെയ്തത്. അതായത്, ഒരു പോളിസിയുണ്ടെങ്കില്‍ ദുര്‍ഘടഘട്ടത്തില്‍ ഊന്നുവടിയാകാന്‍ അത് സഹായിക്കും. അതിലൂടെയെല്ലാം മാത്രമേ ഭാവി സുരക്ഷിതമാകൂ.

(ധനം ബി.എഫ്.എസ്.ഐ സമിറ്റില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തെ അടിസ്ഥാനമാക്കി തയാറാക്കിയത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it