തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും, പുതിയ നിരക്കുകളിതാ

തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഷുറന്‍സിനുള്ള (Motor Vehicle Insurance) പുതിയ അടിസ്ഥാന പ്രീമിയം നിരക്കുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, 1000 സിസിയില്‍ കവിയാത്ത സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക നിരക്ക് 2,072 രൂപയില്‍ നിന്ന് 2,094 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 1000 സിസിക്കും 1500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായും വര്‍ധിപ്പിച്ചു.

1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയില്‍ നിന്ന് 7,897 രൂപയാക്കി. 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും.
1000 സിസിയില്‍ കൂടാത്ത പുതിയ കാറിന് മൂന്ന് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം 6,521 രൂപയും 1000 - 1500 സിസിയുള്ള കാറിന് 10,640 രൂപയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. 1500 സിസിയില്‍ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനത്തിന് 24,596 രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. 75 സിസിയില്‍ കൂടാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ സിംഗിള്‍ പ്രീമിയം 2,901 രൂപയും 75 - 150 സിസിയില്‍ വരുന്നവയ്ക്ക് 3,851 രൂപയുമാണ് പ്രീമിയം. 150 - 350 സിസി ഇരുചക്ര വാഹനത്തിന് 7,365 രൂപയും 350 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 15,117 രൂപയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് പുതിയ നിരക്കില്‍ ഇന്‍ഷുറന്‍സ് ചെയ്യാം.
30 കിലോവാട്ടില്‍ കൂടാത്ത പുതിയ സ്വകാര്യ ഇലക്ട്രിക് വാഹനത്തിന് മൂന്ന് വര്‍ഷത്തേക്ക് 5,543 രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യാം. 30-65 കിലോവാട്ടിന് ഇടയില്‍ വരുന്ന ഇവികളുടെ മൂന്ന് വര്‍ഷത്തെ പ്രീമിയം 9,044 രൂപയായിരിക്കും. 65 കിലോവാട്ടില്‍ കൂടുതലുള്ള വലിയ ഇവികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 20,907 രൂപയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.
പുതിയ ഇരുചക്ര വാഹനങ്ങള്‍ 3 കിലോവാട്ടില്‍ കൂടാത്ത പക്ഷം അഞ്ച് വര്‍ഷത്തെ സിംഗിള്‍ പ്രീമിയത്തിന് കീഴില്‍ 2,466 രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്. 3 കിലോവാട്ടില്‍ കൂടുതലുള്ളതും എന്നാല്‍ 7 കിലോവാട്ട് അല്ലാത്തതുമായ ഇവി ഇരുചക്ര വാഹനങ്ങള്‍ക്ക് 3,273 രൂപയ്ക്കും 7 കിലോവാട്ടില്‍ കൂടുതലുള്ള എന്നാല്‍ 16 കിലോവാട്ട് അല്ലാത്തവയ്ക്ക് 6,260 രൂപയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. 16 കിലോവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള ഉയര്‍ന്ന പവര്‍ ഇവി ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 12,849 രൂപയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it