വെള്ളി ഇ.ടി.എഫ് പദ്ധതിയുമായി എഡല്‍വീസ്, നിക്ഷേപം ആദായകരമോ?

ഫണ്ട് ഓഫര്‍ നവംബര്‍ 20 വരെ, കുറഞ്ഞ നിക്ഷേപം 5,000 രൂപ
Silver ETF
Image : Canva
Published on

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളി ഇ.ടി.എഫ് നിക്ഷേപങ്ങള്‍ ആദായകരമാകുമോ? 2021 നവംബറില്‍ വെള്ളി ഇ.ടി.എഫുകള്‍ തുടങ്ങാനുള്ള അനുമതി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി നല്‍കിയതോടെ പല പ്രമുഖ സ്ഥാപനങ്ങളും ഇ.ടി.എഫുകള്‍ ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 6 എണ്ണം മാത്രമെ ഉള്ളൂ എന്നത് കൊണ്ട് ദീര്‍ഘകാല നേട്ടങ്ങളെ കുറിച്ച് വിലയിരുത്താന്‍ കഴിയില്ല.

5,000 രൂപ മുതല്‍ നിക്ഷേപം

മ്യൂച്വല്‍ഫണ്ട് കമ്പനിയായ എഡല്‍വീസാണ് വെള്ളി ഇ.ടി.എഫുമായി പുതുതായി (NFO) വിപണിയില്‍ എത്തിയിരിക്കുന്നത്. 2023 നവംബര്‍ 16 മുതല്‍ 20 വരെയാണ് എന്‍.എഫ്.ഒയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. തുടക്കത്തില്‍ 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അധിക തുക നിക്ഷേപിക്കാം. ഉയര്‍ന്ന നിക്ഷേപ പരിധി ഇല്ല.

നവംബര്‍ 24 മുതല്‍ ഓഹരി വിപണി വഴി തുടര്‍ച്ചയായി വാങ്ങാനും വില്‍ക്കാനും സാധിക്കും. നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ 95% വെള്ളി അല്ലെങ്കില്‍ വെള്ളി അനുബന്ധ ഡെറിവേറ്റീവുകളിലാണ് നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വെള്ളിയുടെ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കുക.

വാര്‍ഷിക ആദായം

ഇടത്തരം മുതല്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് വെളളി ഇ.ടി.എഫ് നിക്ഷേപം ഉള്‍പെടുത്തിയിരിക്കുന്നത്. എങ്കിലും വാര്‍ഷിക ആദായം മെച്ചപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച നിപ്പോണ്‍ ഇന്ത്യ വെള്ളി ഇ.ടി.എഫ് 13.73 ശതമാനം വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷത്തെ സംയുക്ത വാര്‍ഷിക ആദായം 26.33 %. വെള്ളിയുടെ വിലയില്‍ ഉണ്ടായ സംയുക്ത വാര്‍ഷിക വളര്‍ച്ച 26.33 ശതമാനമാണ്.

ആക്‌സിസ് സില്‍വര്‍ ഇ.ടി.എഫ് 13.83%, എച്ച്.ഡി.എഫ്.സി സില്‍വര്‍ ഇ.ടി.എഫ് 12.98%, ഡി.എസ്.പി സില്‍വര്‍ ഇ.ടി.എഫ് 13.28%. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇ.ടി.എഫ് 12.82%, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇ.ടി.എഫ് 12.48% എന്നിങ്ങനെ വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്.

വെള്ളി ഡിമാന്‍ഡ്

2023ല്‍ വെള്ളിയുടെ വ്യാവസായിക ഡിമാന്‍ഡ് 8% വര്‍ധിച്ച് 17,916 ടണ്ണായി ഉയരുമെന്ന് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും സോളാര്‍ പാനലുകള്‍, പവര്‍ ഗ്രിഡ്, 5ജി, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, വൈദ്യുത വാഹനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഡിമാന്‍ഡ്. വെള്ളി ആഭരണ ഡിമാന്‍ഡ് 22 ശതമാനം കുറഞ്ഞ് 5,159 ടണ്‍, വെള്ളി പാത്രങ്ങളുടെ ഡിമാന്‍ഡ് 47% കുറഞ്ഞ് 1,105 ടണ്‍. വെള്ളിയുടെ വില ഈ വര്‍ഷം ശരാശരി 6 ശതമാനം വര്‍ധിക്കും. ഇന്ത്യയില്‍ റെക്കോഡ് ആഭ്യന്തര വില വര്‍ധന കാരണം (9%) വെള്ളി നിക്ഷേപത്തില്‍ 46 ശതമാനം ഇടിവ് ഉണ്ടായി. ലാഭം എടുക്കുന്നത് വര്‍ധിച്ചതാണ് പ്രധാന കാരണം.

വെള്ളിയുടെ അന്താരാഷ്ട്ര വില നിലവില്‍ ഒരു ഔണ്‍സിന് 24 ഡോളറാണ്. പ്രമുഖ ബാങ്കായ കൊമേഴ്സ് ബാങ്ക് വെള്ളിയുടെ വില 2024 അവസാനത്തോടെ 29 ഡോളറിലേക്ക് ഉയരുമെന്ന് വിലയിരുത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ 2023 ജനുവരിയില്‍ വെള്ളിക്ക് 73,000 രൂപയായിരുന്നത് ഏപ്രില്‍ മാസം 81,000 രൂപയ്ക്ക് മുകളില്‍ എത്തിയ ശേഷമാണ് കുറഞ്ഞത്, നിലവില്‍ 72,372 രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com