ഭാരത് ഗൃഹരക്ഷക് പോളിസി വീടിനൊപ്പം നേടാം വീട്ടുപകരണങ്ങള്‍ക്കും സംരക്ഷണം

പ്രളയവും കൊടുങ്കാറ്റും തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ വീട് തകരുന്നത് ഇന്ന് നിത്യസംഭവമായി മാറിയിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഐആര്‍ഡിഎയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച പുതിയ സ്റ്റാര്‍ഡേര്‍ഡ് ഹോം ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഭാരത് ഗൃഹ രക്ഷക് പോളിസി.

സാധാരണ പോളിസികളില്‍ പ്രകൃതി ദുരന്തങ്ങള്‍, തീപ്പിടിത്തം എന്നിവയ്‌പ്പൊക്കം കലാപങ്ങളും സമരങ്ങളും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും സംരക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ പുതിയ പദ്ധതിയുടെ മുഖ്യആകര്‍ഷണം അത് ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്കും സംരക്ഷണം നല്‍കുന്നു എന്നതാണ്. താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്മേല്‍ വീട്ടുമസ്ഥനും വാടകക്കാരനും പോളിസി എടുക്കാം. കെട്ടിടത്തിന്റെ പഴക്കം 40 വര്‍ഷത്തില്‍ താഴെയായിരിക്കണം എന്ന നിബന്ധനയുണ്ട്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് പോളിസി കാലാവധി.
പോളിസി എടുക്കുന്ന ദിവസത്തെ കെട്ടിടത്തിന്റെ മൂല്യത്തിനനുസരിച്ചാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ പ്രീമിയവും നിശ്ചയിക്കുന്നു.
അനുബന്ധ വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ 20 ശതമാനം പോളിസി പ്രകാരം ലഭിക്കും. ഇത് പരമാവധി 10 ലക്ഷം രൂപ വരെയാണ്. എല്ലാ ഫിറ്റിംഗ്‌സും ഫര്‍ണിച്ചറുകളും ഗാരേജ് പോലുള്ള അധിക നിര്‍മിതികളും ഔട്ട്ഹൗസുകള്‍, കോംപൗണ്ട് വാളുകള്‍, വേലികള്‍, ഗേറ്റുകള്‍, അകത്തുള്ള റോഡുകള്‍, വാട്ടര്‍ ടാങ്ക്, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിവയൊക്കെ പോളിസിയില്‍ ഉള്‍പ്പെടുത്താം.
കൂടാതെ ഇവയ്ക്ക് പുറമേ പോളിസിയുടമയുടെ താല്‍പ്പര്യത്തിനനുസരിച്ച് ആഭരണങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കുമൊക്കെ അധിക സംരക്ഷണം തെരഞ്ഞെടുക്കുകയുമാകാം. മാത്രമല്ല, വീടിനൊപ്പം താമസക്കാര്‍ക്കും സംരക്ഷണം നേടാനും അവസരമുണ്ട്. പോളിസിയുടമയോ ജീവിതപങ്കാളിയോ മരണപ്പെടുകയാണെങ്കില്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെ നോമിനികള്‍ക്ക് ലഭിക്കും.
വാടക ലഭിക്കുന്ന കെട്ടിടമാണെങ്കില്‍ അത് അപകടത്തില്‍ താമസയോഗ്യമല്ലാതായാല്‍ പോളിസി പ്രകാരം വാടകയ്ക്ക് തുല്യമായ തുക ലഭിക്കും. പോളിസിയുടമ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിനാണെങ്കില്‍ പകരം താമസിക്കാന്‍ വാടക തുകയും ലഭിക്കും.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ആര്‍ക്കിടെക്‌നുള്ള തുക, സര്‍വേയര്‍ക്കും കണ്‍സള്‍ട്ടിംഗ് എന്‍ജിനീയര്‍ക്കും നല്‍കാനുള്ള തുക എന്നിവയും പോളിസി പ്രകാരം ലഭിക്കും.
ദീര്‍ഘകാല പോളിസിയില്‍ ഇന്‍ഷുറന്‍സ് തുകയില്‍ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനയുണ്ടാകും. ഇതിനായി അധിക പ്രീമിയം നല്‍കേണ്ടതുമില്ല.
എങ്ങനെ ക്ലെയിം ചെയ്യാം?
അപകടം സംഭവിച്ചാല്‍ ഉടനെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം. പോളിസി നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. നഷ്ടം സംഭവിച്ച് 30 ദിവസത്തിനുള്ളില്‍ ക്ലെയിം ചെയ്യേണ്ടതുണ്ട്. നഷ്ടം സംബന്ധിച്ച വിവരങ്ങള്‍, പോലീസ് അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ റിപ്പോര്‍ട്ട്, മറ്റു പോളിസികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കണം. അപകടം സംബന്ധിച്ച ഫോട്ടോയെടുത്ത് നല്‍കുകയും വേണം. മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയെ തെളിവുകളും മറ്റു വിവരങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും വേണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it