പ്രീമിയം വർധനയെ പേടിക്കേണ്ട , ഈ പോളിസികളും വരും

വിപണിയില്‍ വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണ്, എന്നാല്‍ പലപ്പോഴും താങ്ങാനാകാത്ത പീമിയം തുക സാധാരണക്കാരെ ഇന്‍ഷുറന്‍സില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കാം. എന്നാല്‍ പ്രിമീയം കുറവ് പരിഗണിച്ച് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ വഴിയോ ഓണ്‍ലൈനിലോ ഒക്കെ തെരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സുകള്‍ വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറാന്‍ പ്രാപ്തമായത് ആവണമെന്നില്ല. ഈ അവസ്ഥ ഏപ്രില്‍ ഒന്നുമുതല്‍ മാറുകയാണ്. ഇന്‍ഷുറന്‍സുകളുടെ പ്രീമിയം നിരക്കിലും പരിരക്ഷയിലും ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി.

സാധാരണക്കാരനും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശങ്ങളാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തമാക്കാം. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വരുന്ന ആക്സിഡന്റ്, പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ചികിത്സാ ആവശ്യങ്ങളും പെന്‍ഷന്‍ അടക്കമുള്ള വിവിധ ആവശ്യങ്ങളും നിറവേറ്റാന്‍ സാധാരണ നിലയിലുളള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് രൂപം നല്‍കാനാണ് എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ ഇത് നടപ്പാക്കണമെന്നും ഐആര്‍ഡിഎയുടെ ഉത്തരവില്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് പോളിസിക്ക് ഒരേ നിരക്കായിരിക്കണം എല്ലാ കമ്പനികളും ഈടാക്കേണ്ടതെന്ന് ഐആര്‍ഡിഎ നിര്‍ദേശിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാനവും ഭാവിയിലെ ചെലവുകളും റിസ്‌കുകളും കണക്കാക്കി പോളിസികള്‍ തെരഞ്ഞെടുക്കാം. ഇതാ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് മനസ്സിലാക്കാം.
1. സരള്‍ പെന്‍ഷന്‍ പ്ലാന്‍
ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കു പോലും പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 1000 രൂപ മുതല്‍ പ്രതിമാസ പെന്‍ഷന്‍ മേടാം. 40 മുതല്‍ 80 വയസ്സുവരെ ഉള്ളവര്‍ക്ക് സിംഗിള്‍ പ്രീമിയം പ്ലാന്‍ ആയി ഇതില്‍ നിക്ഷേപിക്കാം. 100 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന ലൈഫ് ആന്വിറ്റി ഓപ്ഷനും ജോയ്ന്റ് ലൈഫ് ആന്വിറ്റി ഓപ്ഷനും ലഭ്യമാണ്.
2. സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ പ്ലാന്‍
നിങ്ങളുടെ യാത്രാ ചെലവുകളെയെല്ലാം ഇത് കവര്‍ ചെയ്യുന്നു. ഇതില്‍ ചേരാന്‍ പ്രായ പരിധി ഇല്ല. ആഭ്യന്തര യാത്രകള്‍ക്ക് അഞ്ച് വേരിയന്റുകളുണ്ട്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട്, ട്രെയ്ന്‍ യാത്ര, വിമാന യാത്ര, എല്ലാത്തരം ആഭ്യന്തര യാത്രകളും. വിദേശ യാത്രകള്‍ക്കും നാല് വേരിയന്റുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല യാത്ര, വിനോദ യാത്രകള്‍ക്കായുള്ള ഷോര്‍ട്ട് ട്രിപ്പുകള്‍, പോളിസി കാലയളവിലുള്ള ബിസിനസ് ട്രിപ്പുകള്‍, പോക്കുവരവിനായുള്ള യാത്രാ ചെലവ് അങ്ങനെ.
3. സ്റ്റാന്‍ഡേര്‍ഡ് പേഴ്സണല്‍ ആക്സിഡന്റ് പ്ലാന്‍
മരണം, ഭാഗികമായോ പൂര്‍ണമായോ സംഭവിക്കുന്ന അങ്കഭംഗം എന്നിവയ്ക്ക് കവറേജ് ലഭിക്കുന്നു. ആക്സിഡന്റുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപരിപാലന കവറേജും ഇതില്‍ ഉള്‍പ്പെടുന്നു. 2.5 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് കവറേജ് ലഭിക്കുക. മുടക്കമില്ലാതെ പോളിസി പുതുക്കുന്നവര്‍ക്ക് അഞ്ച് സതമാനം മുതല്‍ 50 ശതമാനം വരെ ഇന്‍ഷ്വേര്‍ഡ് തുക വര്‍ധനവും ഉറപ്പുതരുന്നു.
നൂറു ശതമാനം ഡെത്ത് ബെനഫിറ്റ് ഉറപ്പു നല്‍കുന്നു. ആശുപത്രി ചെലവുകള്‍ക്ക് ഇന്‍ഷുര്‍ ചെയ്ത തുകയുടെ 10 ശതമാനം വരെ അധിക പരിരക്ഷ.
ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ രണ്ട് മക്കള്‍ക്ക് വരെ 10 ശതമാനം വിദ്യാഭ്യാസ ഗ്രാന്റ്.
4. വീട് ഇന്‍ഷുര്‍ ചെയ്യാത്തവര്‍ക്ക് ഭാരത് ഗൃഹ രക്ഷ
പ്രകൃതിദുരന്തങ്ങളാലോ അല്ലാതെയോ സംഭവിക്കുന്ന നാശ നഷ്ടങ്ങളെല്ലാം കവര്‍ ചെയ്യുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇന്‍ഷുര്‍ ചെയ്ത തുക ലഭ്യമാക്കിയേക്കും. 10 ലക്ഷം രൂപയ്ക്കുള്ളില്‍ വരുന്ന നാശ നഷ്ടങ്ങള്‍ പ്രത്യേക ഡിക്ലറേഷന്‍ ഇല്ലാതെ തന്നെ ലഭ്യമാക്കും. ജൂവല്‍റി, വിലപിടിച്ചതും പുരാതനവുമായ വസ്തുക്കള്‍ എന്നിവയ്ക്കും ഓപ്ഷണല്‍ കവറേജ്. വീടിന്റെ നാശനഷ്ടത്തോടൊപ്പം സംഭവിക്കുന്ന അപകടത്തിനും ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്കും പാങ്കാളിക്കും പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നു ഇതില്‍.
5. മാഷക് രക്ഷക്
ഡെങ്കി പനി, മലേറിയ. ഫിലേറിയ, ചിക്കുന്‍ഗുനിയ, സിക്ക വൈറസ് തുടങ്ങി വിവിധതരം പകര്‍ച്ച വ്യാധികള്‍ക്ക് പരിരക്ഷ നല്‍കുന്നതാണ് ഈ പോളിസി. 12 മാസക്കാലയളവിലേക്ക് ഇന്‍ഷുര്‍ ചെയ്യാം. 10000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. 15 ദിവസം മാത്രം കാത്തിരിപ്പുള്ള ഇത് സിംഗിള്‍ പ്രീമിയം പോളിസി ആണ്. 18 വയസ്സിനുമുകളിലേക്കുള്ള 65 വയസ്സുവരെ പ്രായമുള്ള ആര്‍ക്കും പോളിസി എടുക്കാം. 72 മണിക്കൂര്‍ വരെഎങ്കിലും അഡിമിറ്റ് ആകുന്ന വ്യക്തികള്‍ക്ക് പൂര്‍ണമായ ലംസം ബെനഫിറ്റ് ലഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it