ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കാം

ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല. പ്രായം, ആവശ്യം എന്നിവയൊക്കെ മനസ്സിലാക്കി കൊണ്ടുള്ള ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ക്ക് വേണ്ടത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് പ്രാധാന്യമുള്ളകാര്യമാണെന്നിരിക്കെ എല്ലാവരുടെയും പ്രായവും ആരോഗ്യ സ്ഥിതിയും ഭാവിയിലെ ആവശ്യങ്ങളും കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാം. ഇതാ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

എപ്പോള്‍ എടുക്കണം
ആരോഗ്യമുളളപ്പോള്‍ ശരിയായ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുക എന്നതാണ് ശരിയായ മാര്‍ഗം. ശരിയായ തുക എന്നാല്‍ കുടുംബ വരുമാനത്തിനും, ഭാവി ചികിത്സാ ചിലവുകള്‍ക്കും ഇണങ്ങുന്ന രീതിയില്‍ തിരഞ്ഞെടുക്കുന്ന തുക എന്നാണര്‍ഥം. നിങ്ങള്‍ക്ക് 25 നും 30 നുമിടയിലാണ് പ്രായം, അവിവാഹിതനോ അവിവാഹിതയോ ആണ് എങ്കില്‍ നിങ്ങള്‍ വളരെ ബുദ്ധിപൂര്‍വം മാത്രം വിവിധ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തമ്മില്‍ താരതമ്യം ചെയ്തു മാത്രം ഉചിതമായ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുക. കാരണം തീരെ ഉപയോഗിക്കേണ്ടി വരാനിടയില്ലാത്ത സൗകര്യങ്ങള്‍ക്ക് കൂടി നിങ്ങള്‍ അധിക തുക പ്രീമിയം നല്‍കേണ്ടി വരാനിട വന്നേക്കാം.
ഹോസ്പിറ്റല്‍ ഡെയ്ലി ക്യാഷ്, നോ ക്ലെയിം ബോണസ് എന്നിവ പോലുള്ള പ്ലാനുകള്‍ നിങ്ങള്‍ എടുക്കേണ്ട കാര്യമില്ല. കാരണം രണ്ട് കാരണങ്ങളാണിതിലുള്ളത്. ഒന്ന് നിങ്ങള്‍ക്ക് യുവത്വമാണെന്നിരിക്കെ ഒരു വലിയ കവര്‍ നേടാനായി നല്‍കുന്ന ഭീമമായ തുക ലാഭിക്കാം. നിങ്ങള്‍ക്ക് മറ്റസുഖങ്ങള്‍ ഒന്നും തന്നെ ഇല്ല എങ്കില്‍ ഒരു നാല് വര്‍ഷ പ്രീ എക്സിസ്റ്റിംഗ് വെയ്റ്റിംഗ് പിരീഡ് ഉള്ള ഇന്‍ഷുറന്‍സ് എടുത്താല്‍ മതിയാകും.
സബ് ലിമിറ്റ് ഇല്ലാത്ത ഇന്‍ഷുറന്‍സ് പോളിസി വിദഗ്ധ സഹായത്തോടെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സാധാരണ ഇന്‍ഷുറന്‍സുകളില്‍ റൂം റെന്റ്, ഐസിയു ചാര്‍ജ്, വിദഗ്ധ ചികിത്സ എന്നിവയ്ക്കൊക്കെ സബ് ലിമിറ്റ് വയ്ക്കാറുണ്ട്.
എന്താണ് സബ് ലിമിറ്റ് ?
ചില പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ക്ലെയിം തീര്‍പ്പാക്കുന്ന അവസരത്തില്‍ റൂം വാടകയ്ക്ക് ആനുപാതികമായി ക്ലെയിം തുകകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇതാണ് സബ് ലിമിറ്റ്. ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത ഒരാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സിക്കുമ്പോള്‍ 2,000 രൂപയില്‍ അധികം മുറിവാടക ഇനത്തില്‍ നല്‍കിയാല്‍ എത്ര ശതമാനമാണോ കൂടിയത്, അത്ര ശതമാനം ചികിത്സാ ചെലവുകള്‍ കുറയ്ക്കുന്നുണ്ട്. 4000 രൂപയുടെ റൂമില്‍ കിടത്തി ചികിത്സിക്കുകയും ഒരു ലക്ഷം രൂപ ആശുപത്രി ചെലവുമായാല്‍ കൈയില്‍ കിട്ടുന്നത് വെറും 50,000 രൂപ മാത്രമായിരിക്കും. സബ് ലിമിറ്റ് ഇല്ലാത്തവ തെരഞ്ഞെടുത്തില്ലെങ്കില്‍ പണി കിട്ടുന്നതെങ്ങനെ എന്നു മനസ്സിലായില്ലേ.
30 കഴിഞ്ഞവര്‍ക്ക്
30, 40 വയസ്സുകളിലുള്ളവര്‍ പങ്കാളിക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമെല്ലാം ചേര്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ബാധ്യസ്ഥരാണെന്നിരിക്കെ ഫാമിലി ഫ്ളോട്ടര്‍ പോളിസിയാണ് ഉചിതം. ഇതിലും സബ് ലിമിറ്റുകള്‍ ഇല്ലാത്തത് തെരഞ്ഞെടുക്കാന്‍ ശ്രമിക്കണേ. ഒരു നിശ്ചിത ശതമാനം തുക പോളിസി ഉടമ വഹിക്കേണ്ടത് എന്നു പറഞ്ഞു ചേര്‍ത്തിരിക്കുന്ന കോ-പെയ്‌മെന്റ്, നേരത്തെ പറഞ്ഞ പോളിസി സബ് ലിമിറ്റ് എന്നീ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചികിത്സാ ചെലവുകള്‍ പലപ്പോഴും കുറഞ്ഞ തുകയേ ലഭ്യമാവുകയുള്ളൂ. അതുപോലെ തന്നെ ആജീവനാന്തം പോളിസി പുതുക്കാനുള്ള സൗകര്യം, ആയുര്‍വേദ ചികിത്സാ സൗകര്യം,സൗജന്യ ചികിത്സ ലഭ്യമാവാന്‍ ഏറ്റവും അടുത്ത നെറ്റ് വര്‍ക്ക് ആശുപത്രികള്‍ എന്നീ കാര്യങ്ങളും പരിഗണിക്കണം.
ഒരു കുടുംബം ഒന്നിച്ച് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഫാമിലി ഫ്ളോട്ടര്‍ പോളിസിയാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ആരോഗ്യവും വരുമാനവും ഉള്ളപ്പോള്‍ വേണം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍. അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇന്‍ഷുര്‍ ചെയ്യേണ്ട തുക നിശ്ചയിക്കാന്‍. എന്നാല്‍ അസുഖങ്ങള്‍, അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയ്ക്ക് വേണ്ട ഭാരിച്ച ചികിത്സാ ചെലവുകള്‍ ഓര്‍ത്ത് വേണം ഇന്‍ഷുര്‍ ചെയ്യുന്ന തുക നിശ്ചയിക്കാന്‍. നിലവില്‍ പോളിസി ഉള്ളവര്‍ ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 'ടോപ് അപ്' പോളിസികള്‍ എടുത്താല്‍ ചുരുങ്ങിയ പ്രീമിയത്തിന് വര്‍ധിച്ച തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യാനാകും. നിങ്ങള്‍ 40 കടന്ന ഷുഗറോ പ്രഷറോ പോലുള്ള ജീവിത ശൈലീ രോഗങ്ങളുള്ള ആളെങ്കില്‍ വിദഗ്ധ പരിശോധനകള്‍ നടത്തി ഇന്‍ഷുറന്‍സ് കമ്പനികളിലെ വിവിധ പോളിസികള്‍ താരതമ്യം ചെയ്ത്, ഒരു വിദഗ്ധോപദേശത്തോട് കൂടി മാത്രം ഇന്‍ഷുറന്‍സ് എടുക്കുക.
സീനിയര്‍ സിറ്റിസന്‍സ് ഇന്‍ഷുറന്‍സ്
നിങ്ങള്‍ക്ക് 60 വയസ്സ് കഴിഞ്ഞാലും ആരോഗ്യ സ്ഥിതി മെച്ചമെങ്കില്‍ തീര്‍ച്ചയായും മികച്ച കവര്‍ തന്നെ ലഭിക്കുന്ന ധാരാളം പോളിസികള്‍ ഇന്നുണ്ട്. മിക്ക കമ്പനികളും 65 വയസ്സു വരെ ഇത്തരത്തില്‍ ഉയര്‍ന്ന പ്രീമിയം ഇല്ലാത്ത ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നുണ്ട്. പ്രീമിയം കുറവുള്ള പോളിസികളില്‍ ചാടി വീണാല്‍ മുമ്പ് പറഞ്ഞ സബ് ലിമിറ്റ്, കോ- പേ തുടങ്ങിയ നൂലാമാലകള്‍ ഉണ്ടായേക്കാം. ഇതെല്ലാം നോക്കി വേണം ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കാം. നിങ്ങളുടെ വരുമാനം, ആസ്തി, ആരോഗ്യം, പ്രായം എന്നിവ കണക്കാക്കി വിദഗ്ധോപദേശത്തോടെ മാത്രം പോളിസി തെരഞ്ഞെടുക്കണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it