കേരളത്തില്‍ 'അഞ്ചില്‍ ഒന്ന്' വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല
സാക്ഷരതയില്‍ ഏറെ മുന്നിലുള്ള മലയാളികൾ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ വളരെ പിന്നിലെന്ന് കണക്കുകള്‍. കേരളത്തില്‍ 19 ശതമാനം വാഹനങ്ങൾക്കും ഇന്‍ഷുറന്‍സില്ലെന്ന് മാഗ്മ എച്ച്.ഡി.ഐ ഇന്‍ഷുറന്‍സ് കമ്പനിയുടെ റിപ്പോർട്ട്. മറ്റ് ഇൻഷുറൻസുകളുടെ കാര്യത്തിലും വളരെ പുറകിലാണ് കേരളത്തിലുള്ളവർ.
രണ്ട് കോടിയോളം വരുന്ന മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല. 75 ശതമാനത്തോളം എം.എസ്.എം.ഇകളും ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല. ഭവന ഇന്‍ഷുറന്‍സ് എടുത്തവരും വളരെ കുറവാണ്. ഇന്‍ഷുറന്‍സിനെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതാണ് ഈ കണക്കുകള്‍ക്ക് പിന്നിലുള്ള കാരണമെന്ന് കമ്പനി പറയുന്നു.
ഇന്‍ഷുറന്‍സ് എടുത്തോ
ഇന്‍ഷുറന്‍സിനെ കുറിച്ച് പലര്‍ക്കും കൃത്യമായ അവബോധമില്ലാത്തതാണ് ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍ പോലും ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് മാഗ്മ എച്ച്.ഡി.ഐ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു. ഭാവിയില്‍ അപകടമൊന്നും സംഭവിക്കില്ലെന്ന ചിലരുടെ മനോഭാവവും മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ദേശീയ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ദിനാഘോഷത്തിന്റെ ഭാഗമായി 'ഇന്‍ഷുറന്‍സ് എടുത്തോ' എന്ന ബോധവല്‍ക്കരണ കാമ്പയിനുമായി എത്തിയിരിക്കുകയാണ് കമ്പനി.
ആദ്യപടി ബോധവത്കരണം
'2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ഇതിനായി കേരളത്തിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അറിവുകള്‍ എത്തിക്കും. ബോധവത്കരണമാണ് ഇന്‍ഷുറന്‍സ് ഓരാള്‍ എടുക്കുന്നതിനുള്ള ആദ്യപടിയെന്നും അമിത് ഭണ്ഡാരി പറഞ്ഞു. ഇതിന്റെ ഭാഗമായി www.insuranceedutho.com എന്ന വെബ്സൈറ്റ് ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ ഔദ്യോഗിക വെബ്‌സൈറ്റുകളും വിവിധതരം ഇന്‍ഷുറന്‍സുകളെ പറ്റിയും അവയുടെ ആനുകൂല്യങ്ങളെ പറ്റിയുമുള്ള വിവരങ്ങളും ഇതില്‍ ലഭിക്കും.
മറ്റ് മാര്‍ഗങ്ങളും
'ഇന്‍ഷുറന്‍സ് എടുത്തോ' എന്ന കാമ്പയിനിന്റെ ഭാഗമായി വെബ്‌സൈറ്റ് കൂടാതെ വാള്‍ പെയിന്റിംഗ്, ഡിജിറ്റല്‍ പ്രചാരണങ്ങള്‍, എസ്.എം.എസ്, ഇമെയില്‍, ലഘുലേഖ, പുസ്തകങ്ങള്‍, ഇ-ബുക്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അറിവുകള്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. എറണാകുളം അസി. കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് സി.ഇ.ഒ രാഗേഷ് ജി.ആര്‍ പങ്കെടുത്തു.