
വ്യക്തി ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. ഇന്ന് വിവിധങ്ങളായ പോളിസികള്‍ നിലവിലുള്ളതിനാല്‍ തന്നെ അവ കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഒഴിവാക്കപ്പെട്ടിട്ടുളള അസുഖങ്ങള്‍, കാലാവധി, ക്ലെയിം നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് പോളിസി ഉടമയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ പലപ്പോഴും പ്രതീക്ഷിച്ച പോലെ ക്ലെയിമുകള്‍ ലഭ്യമാവണമെന്നില്ല. ഇതാ പോളിസി ക്ലെയിം നിരസിക്കാവുന്ന സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടതെങ്ങനെയെന്നും നോക്കാം.
ആശുപത്രിയില്‍ രണ്ടു തരത്തില്‍ അഡ്മിറ്റായി ചികിത്സ തേടാം. ഒന്ന് അടിയന്തിര സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നത്. രണ്ട് മുന്‍കൂട്ടി നിശ്ചയിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കുന്ന രീതി. ഈ രണ്ട് സാഹചര്യത്തിലും പോളിസി നിബന്ധനകള്‍ക്ക് അനുസൃതമായി അഡ്മിറ്റായ വിവരം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്. ഇതിനെ ക്ലെയിം ഇന്റിമേഷന്‍ എന്നാണ് പറയുന്നത്.
സാധാരണയായി അഡ്മിറ്റായ ഉടനെയോ അല്ലങ്കില്‍ ഏഴ് ദിവസത്തിനകമോ വിവരം നല്‍കണം. ആശുപത്രിയില്‍ നിന്നും രോഗിയെ പരിശോധിച്ച ഡോക്ടര്‍, രോഗിയുടെ ചികിത്സക്കായി വേണ്ടിവരുന്ന ചികിത്സാ തുക തയ്യാറാക്കി, ക്ലെയിം തീര്‍പ്പാക്കുന്ന കമ്പനിക്ക് നല്‍കുന്നു. ഇതിനെ പ്രീ - ഓതറൈസേഷന്‍ എന്നാണ് പറയുക. ഈ തുക പാസായിവരുമ്പോള്‍ സ്വാഭാവികമായും ആശുപത്രിയില്‍ നിന്ന് സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.
എന്നാല്‍ ചില പോളിസികളിലെ നിബന്ധനകള്‍ക്കനുസൃതമായി ക്ലെയിമിന്റെ ഒരു നിശ്ചിത തുക സ്വയം വഹിക്കേണ്ടതായിവന്നേക്കാം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അനുബന്ധ രേഖകള്‍, ബില്ലുകള്‍, പരിശോധനാ റിപ്പോര്‍ട്ട് എന്നിവ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ക്ലെയിം തുക റീഇംമ്പേഴ്‌സ്‌മെന്റായി തിരികെ ലഭിക്കുന്ന സംവിധാനവും നിലവിലുണ്ട്. ഇവിടെയും കമ്പനികള്‍ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്.
കോവിഡ് ചികിത്സാ ചിലവുകള്‍ ഇപ്പോള്‍ ധാരളമായി നിരസിക്കപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ 'ആക്ടീവ് ലൈന്‍ ഓഫ് ട്രീറ്റ്‌മെന്റ്' ഉറപ്പ് വരുത്തണം. അതായത് രോഗ നിര്‍ണയം നടത്തി ചികിത്സകള്‍ കൃത്യമായും ഒരു ഡോക്ടറുടെ നേതൃത്വത്തിലും ചെയ്തിരിക്കണം. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടുന്നില്ല എന്ന പരാതികള്‍ ധാരാളമുണ്ട്. അര്‍ഹമായ ക്ലെയിം തുക കിട്ടാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്.
അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്ന ഘട്ടം മുതല്‍ അതിനെ സസൂഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം. മാത്രമല്ല മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അര്‍ഹമായക്ലെയിം തുക നമുക്ക് നേടുവാന്‍ സഹായകരമാവുകയും ചെയ്യും. അര്‍ഹമായ തുക കിട്ടാത്ത സാഹചര്യത്തില്‍ അതാത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പരാതിപരിഹാര സെല്ലിലേയ്ക്ക് കത്തു നല്‍കാം. എന്നിട്ടും നീതി കിട്ടിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് ഓംബുഡ്‌സ്മാന്‍ ഓഫീസിലെക്കോ അതല്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയിലോ പരാതി നല്‍കാവുന്നതാണ്.
(വിശദവിവരങ്ങള്‍ക്ക് : വിശ്വനാഥന്‍ ഒടാട്ട്, മാനേജിംഗ് ഡയറക്റ്റര്‍ ഫോണ്‍:9895768333 odatt@aimsinsurance.in)
Read DhanamOnline in English
Subscribe to Dhanam Magazine