പഠനച്ചെലവ് കണ്ടെത്താം; കുട്ടികള്‍ക്കായി എല്‍.ഐ.സിയുടെ 'അമൃത്ബാല്‍' പോളിസി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് അമൃത് ബാല്‍ പോളിസിയുമായി എല്‍.ഐ.സി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷം കഴിയുമ്പോഴും 1,000 രൂപയ്ക്ക് 80 രൂപയെന്ന ക്രമത്തിലുള്ള ഗ്യാരണ്ടി അഡീഷനാണ് പദ്ധതിയുടെ പ്രത്യേകത. പോളിസി കാലാവധി തീരും വരെ ഇത് തുടരും.

പോളിസിയുടെ വിശദാംശങ്ങള്‍

30 ദിവസം മുതല്‍ 13 വയസുവരെ പ്രായമുള്ള കുട്ടികളുടെ പേരില്‍ പോളിസിയെടുക്കാം. 18 വയസിനും 25 വയസിനുമിടയില്‍ പോളിസി കാലാവധി പൂര്‍ത്തിയാകുന്ന വിധത്തിലാണ് ക്രമീകരണം.

അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ പരിമിത കാലത്തേക്കോ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം. ഒറ്റത്തവണ പ്രീമിയത്തിന് ചുരുങ്ങിയത് അഞ്ച് വര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 25 വര്‍ഷവും. കുറഞ്ഞ അഷ്വറന്‍സ് തുക രണ്ട് ലക്ഷം രൂപ. ഉയര്‍ന്ന പരിധിയില്ല.
കാലാവധിയെത്തുമ്പോള്‍ പ്രാബല്യത്തിലുള്ള പോളിസിക്ക് അഷ്വറന്‍സ് തുകയും സുനിശ്ചിത വര്‍ധനയും ചേര്‍ന്ന തുക ലഭിക്കും. ഇത് 5, 10, 15 വര്‍ഷ തവണകളായും വാങ്ങാം.
വായ്പയുമെടുക്കാം
പ്രാബല്യത്തിലുള്ള പോളിസിയില്‍ മരണാനന്തര തുകയായി അഷ്വറന്‍സ് തുകയും സുനിശ്ചിത വര്‍ധനയും നോമിനിക്ക് ലഭിക്കും. ചെറിയ തുക അധിക പ്രീമിയം അടച്ചാല്‍ പ്രീമിയം ഒഴിവാക്കല്‍ ആനുകൂല്യം ലഭ്യമാണ്. ഉയര്‍ന്ന അഷ്വറന്‍സ് തുകയ്ക്കും ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലിനും പ്രീമിയത്തില്‍ ഇളവ് ലഭിക്കും. ഈ പദ്ധതി വിപണി ബന്ധിതമോ ലാഭസഹിതമോ അല്ല. നിബന്ധനകള്‍ക്ക് വിധേയമായി പോളിസി കാലാവധിക്കുള്ളില്‍ വായ്പയെടുക്കാം.
Related Articles
Next Story
Videos
Share it