70 കഴിഞ്ഞവര്‍ ചികിത്സാ ചെലവുകള്‍ക്ക് ഒറ്റ പൈസ മുടക്കണ്ട, ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടോ?

സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് അപ്രതീക്ഷിതമായുണ്ടാകുന്ന ഹോസ്പിറ്റല്‍ ചെലവുകള്‍. പ്രായം കൂടുന്തോറും പലര്‍ക്കും ഇത് വലിയ മാനിസിക വ്യഥയുമാകാറുണ്ട്. കാരണം മക്കളെ ആശ്രയിച്ചായിരിക്കും പലരും വാര്‍ധക്യ കാലം കഴിഞ്ഞുകൂടുന്നത്. മക്കളെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി പലരും അസുഖത്തെ കുറിച്ച് തുറന്നു പറയാറുമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് ഇതിനൊരു പരിഹാരമാണെങ്കിലും ഉയര്‍ന്ന പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ മിക്കവരും വലിയ പ്രാധാന്യം നല്‍കുന്നുമില്ല. എന്നാല്‍ ഒറ്റ രൂപ പോലും നല്‍കാതെ 70 വയസിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചാലോ?

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-Jay)

2018 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് (70 വയസിനു മുകളിലുള്ളവര്‍ക്ക്) വേണ്ടി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-Jay). സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക പരാധീനതകളില്ലാതെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 70 വയസും അതിനുമുകളിലുമുള്ളവര്‍ക്ക് അവരുടെ വരുമാനം കണക്കാക്കാതെ ചികിത്സാ ചെലവുകള്‍ക്കായി അഞ്ച് ലക്ഷം രൂപ വരെ ഈ പോളിസി കവറേജ് നല്‍കും. 4.5 കോടിയോളം വരുന്ന കുടുംബങ്ങള്‍ക്കും ആറ് കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പദ്ധതിയില്‍ ലഭിക്കുന്നത്

ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കും തന്നെ പദ്ധതി പരിരക്ഷ നല്‍കുന്നുണ്ട്. പ്രധാനമായ ചിലത് നോക്കാം.

ആശുപത്രി വാസത്തിന് മൂന്ന് ദിവസം മുന്‍പ് വരെയുള്ള മരുന്നുകള്‍, രോഗനിര്‍ണയ ടെസ്റ്റുകള്‍ എന്നിവയ്ക്ക് കവറേജ് ലഭിക്കും. ചികിത്‌സ കാലാവധിയില്‍ ആവശ്യമായ മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്ക് വേണ്ടി വരുന്ന തുകയും ലഭിക്കും. ഐ.സി.യു പോലുള്ള സൗകര്യങ്ങളും പദ്ധതിക്കുള്ളില്‍ വരുന്നുണ്ട്.

സ്റ്റെന്റ്, പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ചികിത്സയ്ക്കായി ആവശ്യം വന്നാല്‍ അതിനും ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നതാണ്.
ചികിത്‌സക്കിടയില്‍ ഉണ്ടാകുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍
പരിഹരിക്കാന്‍ വേണ്ട ചെലവുകളും പദ്ധതിയില്‍ പെടും.
ചികിത്സ കഴിഞ്ഞ് 15 ദിവസത്തേക്ക് തുടര്‍ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതിനും സഹായം ലഭിക്കും.
നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളായ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് എന്നിവയില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് ഈ പദ്ധതികളില്‍ തുടരുകയോ എ.ബി പി.എം-ജെയ് പദ്ധതിയിലേക്ക് മാറുകയോ ചെയ്യാം.
എ.ബി പി.എം ജെയ് പദ്ധതിയില്‍ ചേരുന്ന എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് കാര്‍ഡ് (മോദി ഹെല്‍ത്ത് കാര്‍ഡ്) ലഭിക്കും. ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.

ആയുഷ്മാന്‍ ഭാരത് കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

1. ആയുഷ്മാന്‍ ഭാരത് പി.എം-ജെയ് പദ്ധതിയില്‍ ചേരാന്‍ https://ayushmanup.in/ അല്ലെങ്കില്‍ https://setu.pmjay.gov.in/setu/ എന്നീ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക.
2. ക്വിക്ക് ലിങ്ക്‌സില്‍ പോയി രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് ഓണ്‍ സേതു എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. നാഷണല്‍ ഹെല്‍ത്ത് അതോറ്റിയുടെ സേതു പോര്‍ട്ടലിലേക്ക് പ്രവേശിക്കും.
4. ഇതില്‍ രജിസ്‌ട്രേഷന്‍ ഫോം പൂര്‍ണമായി പൂരിപ്പിക്കുക.
5. അതിനു ശേഷം രജിസ്‌ട്രേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
6. തുടര്‍ന്നു വരുന്ന പേജില്‍ നിര്‍ബന്ധമായും നല്‍കേണ്ട വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം. കെ.വൈ.സി വേരിഫിക്കേഷനു ശേഷം അപ്രൂവലിനായി വെയിറ്റ് ചെയ്യുക.
7. അപ്രൂവല്‍ ലഭിച്ച ശേഷം സംസ്ഥാനം, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കി ഒ.ടി.പി വഴി വേരിഫൈ ചെയ്യണം. അതിനുശേഷം ആയുഷ്മാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും.

പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, പൊതുമേഖല ആശുപത്രികളില്‍ ചികിത്സ തേടാം. കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ പദ്ധതി പ്രകാരം ചികില്‍സ ലഭിക്കുന്ന ആശുപത്രികളുടെ വിവരങ്ങള്‍ക്ക്: https://sha.kerala.gov.in/list-of-empanelled-hospitals/



Related Articles
Next Story
Videos
Share it