പോളിസി ഉടമകള്‍ക്ക് 532 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് ഈ ഇന്‍ഷുറന്‍സ് കമ്പനി

യോഗ്യതയുള്ള പോളിസി ഉടമകള്‍ക്ക് 532 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് പി എന്‍ ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (പി എന്‍ ബി മെറ്റ് ലൈഫ്). കുറഞ്ഞത് 4.6 ലക്ഷം ഉപഭോക്താക്കളെങ്കിലും ബോണസിന് അര്‍ഹരാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം കൂടിയതോടെ അതിനനുസൃതമായി ബോണസ് തുകയില്‍ 7 ശതമാനം വര്‍ധനയും കമ്പനി നടത്തിയിരുന്നു.

ബോണസ് തുക ഉപഭോക്താക്കളുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേര്‍ക്കും. 2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പോളിസി ഉടമകളും ഈ ബോണസ് സ്വീകരിക്കുന്നതിന് യോഗ്യരാണ്.
'പി എന്‍ ബി മെറ്റ് ലൈഫിന്റെ മികച്ച ഫണ്ട് മാനേജുമെന്റും റിസ്‌ക് മാനേജ്‌മെന്റ് രീതികളുമാണ് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്‍കാന്‍ കമ്പനിയെ പ്രാപ്തമാക്കിയതെന്ന്' - കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. കോറോണ വൈറസ് രണ്ടാം തരംഗത്തിനിടയില്‍ ഇത് ഉപഭോക്താക്കളെ കൂടുതല്‍ സഹായിക്കുമെന്നും കമ്പനി പറയുന്നു.
മെറ്റ് ലൈഫ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് എല്‍ എല്‍ സി, പഞ്ചാബ് നാഷണല്‍ ബാങ്ക് ലിമിറ്റഡ് (പി എന്‍ ബി), ജമ്മു കശ്മീര്‍ ബാങ്ക് ലിമിറ്റഡ് (ജെ കെ ബി), എം പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മറ്റ് സ്വകാര്യ നിക്ഷേപകര്‍ എന്നിവരടങ്ങുന്നതാണ് പി എന്‍ ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍.
2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് 867 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചിരുന്നു.


Related Articles
Next Story
Videos
Share it