ഇന്‍ഷുറന്‍സിനും ചെലവ് കൂടും; ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ വര്‍ധന വരുന്നു

പുതുതായി ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നവരുടെ പ്രീമിയം നിരക്കുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ധിക്കും. ഏപ്രിലില്‍ മുതല്‍ പ്രമുഖ പ്രൈവറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തുകകളില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ടാറ്റാ എഐഎ, ഏഗണ്‍ ലൈഫ്, മാക്‌സ് ലൈഫ്, പി എന്‍ ബി മെറ്റ്‌ലൈഫ്, ഇന്ത്യ ഫസ്റ്റ് ലൈഫ് എന്നീ കമ്പനികള്‍ ഉയര്‍ന്ന നിരക്കുകളിലുള്ള പുതിയ ടേം പ്രോഡക്ടുകള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിട്ടി മുമ്പാകെ സമര്‍പ്പിച്ചു കഴിഞ്ഞു. മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഇതേ വഴി പിന്തുടരുമെന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) പ്രീമിയം തുകയില്‍ വര്‍ധന വരുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികളും ആഗോള റിഇന്‍ഷുറര്‍മാര്‍ നേരിട്ട കനത്ത നഷ്ടവുമാണ് ലൈഫ് ഇന്‍ഷുര്‍ ചെയ്യന്നതിനുള്ള ചെലവ് കൂട്ടാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രേരിപ്പിക്കുന്നത്. പ്രീമിയം തുകയില്‍ 25 മുതല്‍ 30 ശതാമനം വരെ വര്‍ധനയാണ് ടേം പ്രൈസ് പരിഷ്‌കരിക്കുന്നതിലൂടെ ഉണ്ടായേക്കാമെന്ന് ഒരു പ്രമുഖ റി ഇന്‍ഷുറര്‍ സൂചിപ്പിച്ചു. പ്രമുഖ വിദേശ റി ഇന്‍ഷുററായ സ്വിസ് റി സാമ്പത്തിക നഷ്ടം നികത്താന്‍ നിരക്കുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിനാണ് റി ഇന്‍ഷുറന്‍സ് കരാറുകള്‍ നിലവില്‍ വരുന്നത്.

ഇന്ത്യന്‍ ഇന്‍ഷുറന്‍സ്് കമ്പനികളുടെ ലൈഫ് ഇന്‍ഷുറന്‍സ് ടേം നിരക്കുകള്‍ നിലവിലെ സാഹച്യത്തിലുള്ള റിസ്‌കുകള്‍ കവര്‍ ചെയ്യാന്‍ പര്യാപ്തമല്ലെന്നും ഈ നിരക്കിലുള്ള ബാധ്യതകള്‍ താങ്ങാനാകില്ലെന്നുമാണ് റി ഇന്‍ഷുറര്‍മാരുടെ നിലപാട് എന്ന് ഇത് സംബന്ധിച്ച എക്കണോമിക് ടൈംസ് ദിനപത്രം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈ മാസം അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തെങ്ങുമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഈ നഷ്ടം കുറച്ചു കൊണ്ടുവരുന്നതിനാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ റി ഇന്‍ഷുറര്‍മാര്‍ ശ്രമിക്കുന്നത്. നഷ്ടപരിഹാര നടപടികളില്‍ ഇന്ത്യന്‍ കമ്പനികള്‍ അഴിച്ചുപണി നടത്തണമെന്നും കൂടുതല്‍ കര്‍ശനവും വ്യവസ്ഥാപിതവുമാക്കണമെന്നുമാണ് റി ഇന്‍ഷുറര്‍മാര്‍ ആവശ്യപ്പെടുന്നത്.

ടെലിമെഡിസിനുകളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് കര്‍ശനമായ വ്യവസ്ഥകള്‍ വരും. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് പുതുക്കിയ വരുമാന രേഖകളും മെഡിക്കല്‍ രേഖകളും നിര്‍ബന്ധമാക്കും. നിബന്ധനകള്‍ കര്‍ശനമാക്കിയാല്‍ രോഗങ്ങളുമായി ബന്ധപ്പെട്ട റിസ്‌കുകളുടെ കാര്യത്തിലടക്കം ഇന്‍ഷുറന്‍സ് പോളിസികളില്‍ റിജക്ഷന്‍ റേറ്റുകള്‍ ഉയര്‍ന്നേക്കും.

ക്ലെയിമുകളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ടേം നിരക്കുകളില്‍ വര്‍ധന വരുത്തുന്നതെന്ന് ഇന്ത്യ ഫസ്റ്റ് ലൈഫ് ചീഫ് എക്‌സിക്യൂട്ടീവ് ആര്‍ എം വിശാഖ വ്യക്തമാക്കി. ഒരു ബിസിനസ് എന്ന നിലയില്‍ ടേം ഇന്‍ഷുറന്‍സ് വന്‍തോതിലുള്ള മൂലധനം ആവശ്യപ്പെടുന്നുണ്ട്. ക്ലെയിമുകളിലുണ്ടാകുന്ന വര്‍ധനവ് നഷ്ടത്തിന്റെ നിരക്കുകളില്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തരത്തിലുള്ള വര്‍ധനവുണ്ടാക്കും. ഇത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് രണ്ടു തരം ചിന്താഗതികളുണ്ടെന്ന് വിശാഖ ചൂണ്ടിക്കാട്ടി. ഒന്ന് നഷ്ടം എഴുതിത്തള്ളി മറ്റ് പോര്‍ട്‌ഫോളിയോകളില്‍ അതിന്റെ സമ്മര്‍ദമുണ്ടാകുന്നത് അനുവദിക്കുക, രണ്ടാമത്തേത് നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസ്‌ക് നേരിടുക. പോര്‍ട്ട്‌ഫോളിയോകളെയും നിലവിലുള്ള പ്രോഡക്ടുകളെയും അടിസ്ഥാനപ്പെടുത്തി െ്രെപസിംഗ് റിസ്‌ക് കവര്‍ ചെയ്യുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചുവരുന്നത്.

നിലവിലെ നിരക്കുകള്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണെന്നും കോവിഡ് മഹാമാരി നിരക്കുകള്‍ ഉയര്‍ത്തുന്നതിനുള്ള ഒരു നിമിത്തം മാത്രമാണെന്നും ആക്ച്വറീസ് ഓഫ് ഇന്ത്യ(ഐ എ ഐ) പ്രസിഡണ്ടും എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് റിസ്‌ക് ഓഫീസറുമായ ശുഭേന്ദു ബാല്‍ കരുതുന്നു. വിപണിയിലെ മത്സരത്തിന്റെ ഭാഗമായി ചില കമ്പനികള്‍ കുറഞ്ഞ നിരക്കിലുള്ള പ്രോഡക്ടുകള്‍ അവതരിപ്പിക്കുന്നതാണ് സ്ഥിതി വഷളാകാന്‍ കാരണം. ക്ലെയിമുകളുടെ കാര്യത്തിലുള്ള പ്രതികൂല അനുഭവങ്ങളും നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള കാരണമാണ്.

ടേം നിരക്കുകളില്‍ തിടുക്കത്തില്‍ വര്‍ധന അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിട്ടി തയ്യാറാകില്ലെന്നും അതിനാല്‍ പുതിയ പ്രോഡക്ടുകളുടെ ഘടനയില്‍ മാറ്റം വേണ്ടിവരുമെന്നും ഒരു പ്രമുഖ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. ഇന്‍ഷുറന്‍സ് വ്യവസായം കര്‍ശനമായ റെഗുലേഷന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ടേം നിരക്കുകളുടെ പരിഷ്‌കരണം കര്‍ശനമായ സ്‌ക്രൂട്ടിനിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത് ഏറ്റവും കുറഞ്ഞ ടേം െ്രെപസ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിട്ടും ലൈഫ് ഇന്‍ഷുറന്‍സ് വ്യാപന ശരാശരിയില്‍ ചൈനയേക്കാളും (4.3%) മലേഷ്യയെക്കാളും (4.7%) പിന്നിലാണ് ഇന്ത്യ(2.94%). ടേം പ്രൈസുകളിലുണ്ടാകാന്‍ പോകുന്ന വര്‍ധനയും കര്‍ശന വ്യവസ്ഥകളും ഇന്‍ഷുറന്‍സിന്റെ വ്യാപനത്തോതില്‍ കുറവ് വരുത്തുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നു. പ്രത്യേകിച്ചും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രചാരം കുറയാന്‍ ഇത് കാരണമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it