ഭവന ഇന്‍ഷുറന്‍സ് എടുക്കും മുന്‍പ്

ഭവന ഉടമകളെ സംബന്ധിച്ച് അത്യാവശ്യമായി നടത്തേണ്ട ഒരു നിക്ഷേപമാണ് ഭവന ഇന്‍ഷുറന്‍സ്. വീടിന് എന്തെങ്കിലും വലിയ കേടുപാടുകള്‍ സംഭവിച്ചാല്‍ അത് തരണം ചെയ്യാന്‍ ഭവന ഇന്‍ഷുറന്‍സ് പോളിസികള്‍ സഹായിക്കും. എന്നാല്‍ അനുയോജ്യമായ പോളിസി തെരഞ്ഞെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ ജോലി. ഭവന ഇന്‍ഷുറന്‍സ് എടുക്കും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

നഷ്ട സാധ്യത
ആദ്യം തന്നെ മനസിലാക്കേണ്ടത് പോളിസി എത്രത്തോളം സംരക്ഷണം നല്‍കും എന്നതിനെ കുറിച്ചാണ്. പൊതുവേ മിക്ക പോളിസികളും വീടിന്റെ സ്ട്രക്ചറിന് മാത്രമാണ് സംരക്ഷണം നല്‍കുക. അതിനുള്ളിലെ വസ്തുക്കള്‍, വിലപ്പെട്ട രേഖകള്‍ എന്നിവയ്‌ക്കൊന്നും പരിരക്ഷ നല്‍കില്ല. പോളിസിയിലെ ഒഴിവാക്കലുകളും നിബന്ധനകളും വ്യക്തമായി അറിഞ്ഞിരിക്കണം.
ഉദാഹരണത്തിന് ചില പോളിസികള്‍ ഭൂകമ്പം, പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ പോളിസിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ല. അത്തരം നാശനഷ്ടങ്ങള്‍ പ്രോപ്പര്‍ട്ടിക്ക് സംഭവിക്കാനുള്ള സാധ്യത കൂടി പരിഗണിക്കുക. അതേ പോലെ കെട്ടിടത്തിനുള്ളില്‍ വച്ച് തേഡ് പാര്‍ട്ടിക്ക് സംഭവിക്കുന്ന അപകടങ്ങളും പോളിസിയില്‍ ഉള്‍പെടില്ല.
പരമാവധി സംരക്ഷണം
പോളിസിയെടുക്കും മുന്‍പ് വീടിന്റെ മൂല്യം, വീട് വീണ്ടും പണിയുന്നതിനുള്ള ചെലവ്, മറ്റ് പ്രോപ്പര്‍ട്ടികളുടെ വില എന്നിവ കണക്കിലെടുക്കണം. വീടിന് സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥ മനസില്‍ കണ്ട്, അതായത് വേണ്ടി വന്നാല്‍ വീണ്ടും വീട് വയ്‌ക്കേണ്ടി വരും എന്ന് കണക്കുകൂട്ടി തന്നെ പോളിസി എടുക്കുക. വീടിനുള്ളിലുള്ള എല്ലാ സാധന സാമഗ്രികളുടേയും നഷ്ടത്തിന് കൂടി പോളിസി സംരക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. എച്ച്.ഡി.എഫ്.സിയുടെ ഭാരത് ഗൃഹ രക്ഷ പദ്ധതി അത്തരത്തില്‍ ഒരു പോളിസിയാണ്. കെട്ടിടം, ഫര്‍ണീച്ചര്‍, ഫിറ്റിംഗ്‌സുകള്‍, വീടിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സംരക്ഷണം ലഭിക്കും. എന്നാല്‍ വീട് നവീകരണം പോളിസിയില്‍ ഉള്‍പ്പെടുന്നില്ല.
ഒഴിവാക്കലുകള്‍
നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ യാതൊരു ഒഴിവാക്കലുകളും കൂടാതെ തന്നെ സമഗ്രമായ പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ട്. മുന്‍പ് പറഞ്ഞ ഭാരത് ഗൃഹ് രക്ഷ പോളിസിയില്‍ വെള്ളപൊക്കം, ഭൂകമ്പം എന്നിവ മൂലമുള്ള നഷ്ടങ്ങള്‍, ആര്‍ക്കിടെക്റ്റിന്റെ ഫീസ്, താത്കാലികമായ താമസസൗകര്യം, ചെളി നീക്കം ചെയ്യല്‍ എന്നിവയൊക്കെ ഒരു പരിധിവരെ പരിരക്ഷ ഉറപ്പു നല്‍കുന്നു.
എങ്ങനെ ക്ലെയിം ചെയ്യാം
ക്രെയിം ചെയ്യേണ്ടത് എങ്ങനെയെന്ന് ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് ഇതിന് എന്തൊക്കെ രേഖകള്‍ ആവശ്യമായി വരും, ക്ലെയിം തീര്‍പ്പാക്കാന്‍ എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങള്‍. എന്തെങ്കിലും പരിധികളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അതും ചോദിച്ചറിയുക. ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുക്കും മുന്‍പ് തന്നെ ഐ.ആര്‍.ഡി.എയുടെ വെബസൈറ്റില്‍ കയറി ക്ലെയിം തീര്‍പ്പ് അനുപാതം കൂടി മനസിലാക്കി വയ്ക്കണം.
രേഖകള്‍ സൂക്ഷിക്കുക
പ്രോപ്പര്‍ട്ടിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുണം. ഉടമസ്ഥാവകാശ രേഖ, പ്രോപ്പര്‍ട്ടിയുടെ അകത്തെയും പുറത്തെയും ദൃശ്യങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ പോലുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ രസീത് എന്നിങ്ങനെ എല്ലാം സൂക്ഷിച്ചുവയ്ക്കുക. ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാന്‍ ഇത് സഹായിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it