40 കഴിഞ്ഞവര്‍ അറിഞ്ഞിരിക്കണം; സാമ്പത്തിക ഭദ്രതയുടെ ഈ വഴികള്‍..
40 എന്നത് ഒരു നിര്‍ണായക വയസാണ്. ആയുസ്സിന്റെ ഏതാണ്ട് പകുതി പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ മിച്ചമെന്തെന്ന് ചിന്തിക്കാനുള്ള സമയം. ഈ പ്രായത്തില്‍ സാമ്പത്തിക ഭദ്രത നേടുന്നവര്‍ക്ക് റിട്ടയര്‍മെന്റ് ജീവിതം താരത്യമേന സന്തോഷത്തിന്റേതാകും. ഭദ്രതയിലേക്കുള്ള വഴികള്‍ അത്ര കഠിനമല്ല. ചിട്ടയായ ശീലങ്ങള്‍ ഉണ്ടാകണമെന്ന് മാത്രം. കടം കുറക്കുക, ആസ്തി വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക, നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ശീലങ്ങളിലൂടെ മുന്നോട്ടുള്ള ജീവിതം സുഗമമാക്കാം.
വര്‍ധിക്കുന്ന ഉത്തരവാദിത്തങ്ങള്‍
ജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ കൂടി വരുന്ന സമയവുമാണിത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, മാതാപിതാക്കളുടെ സംരക്ഷണം, റിട്ടയര്‍മെന്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മുന്നിലുണ്ടാകും. എന്നാല്‍ 40 വയസിന് മുമ്പ് മികച്ച ജോലി സമ്പാദിച്ച് വരുമാനമുണ്ടാക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക പ്ലാനിംഗിലൂടെ ഈ ഉത്തരവാദിത്തങ്ങളെ ചിരിച്ചു കൊണ്ട് നേരിടാം.
സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യക്തമായി മനസിലാക്കല്‍ പ്രധാനമാണ്. വരുമാനത്തിന്റെ തോത് അവയുടെ ഉപയോഗം, വരാനിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ എന്നിവ സംബന്ധിച്ച് ധാരണ വേണം. ഇവയെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കല്‍ പ്രധാനമാണ്. ഇതിനായി ഹ്രസ്വകാല, മധ്യ-ദീര്‍ഘകാല പദ്ധതികള്‍ ഉണ്ടാകണം. മക്കളെ വിദേശത്ത് പഠനത്തിന് അയക്കുന്നുവെങ്കില്‍ വരാനുള്ള ചെലവുകള്‍ക്കൊപ്പം രാജ്യത്തെ പണപ്പെരുപ്പവും മുന്നില്‍ കാണണം.
കടം ഇല്ലാതാക്കാന്‍ പരമാവധി ശ്രമം
സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കൽ ഈ പ്രായത്തില്‍ പ്രധാനമാണ്. കയ്യിലുള്ള പണത്തെ നിയന്ത്രിത റിസ്‌കുള്ള മേഖലകളില്‍ നിക്ഷേപിച്ച് വരുമാനം കൂട്ടാന്‍ കഴിയണം. ഇതുവഴി വായ്പാ തിരിച്ചടവുകള്‍ക്കുള്ള അധിക പണം കണ്ടെത്താനാകും. ലോണുകള്‍ പൂര്‍ണമായി അടച്ചു തീര്‍ക്കും വരെ ഈ തന്ത്രം തുടരണം. വിവിധ വായ്പകള്‍ക്ക് പകരം ഒരു വായ്പയിലേക്ക് സാമ്പത്തിക ബാധ്യതകളെ ക്രമീകരിക്കാന്‍ ശ്രമിക്കണം.
ജീവിത ലക്ഷ്യങ്ങള്‍ നിശ്ചയിച്ചാല്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പണം നിക്ഷേപിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമം വേണം. കടപ്പത്രങ്ങളിലും ഓഹരികളും നിക്ഷേപമാകാം. പ്രായം കൂടുന്തോറും ഓഹരികളിലെ നിക്ഷേപം കുറക്കുകയും കടപ്പത്രങ്ങളില്‍ കൂട്ടുകയും ചെയ്യുന്നതാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. 60:40 എന്ന അനുപാതമാണ് അഭികാമ്യം.
റിട്ടയര്‍മെന്റ് മുന്നിലുണ്ടാകണം
ഉത്തരവാദിത്തങ്ങളെ കുറിച്ച് ബോധ്യമുണ്ടാകുമ്പോഴും സ്വന്തം റിട്ടയര്‍മെന്റിനെ കുറിച്ച് ഗൗരവമായി ചിന്തിക്കണം. വരുമാനമുണ്ടായി തുടങ്ങുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനുകളില്‍ നിക്ഷേപം തുടങ്ങാം. റിട്ടയര്‍മെന്റിന് എത്രകാലമുണ്ടെന്നും വിരമിച്ചാല്‍ എത്ര പണം വേണ്ടിവരുമെന്നും കണക്കാക്കാം. ഇതിനനുസരിച്ചുള്ള തുക നേരത്തെ തന്നെ നിക്ഷേപിക്കാന്‍ തുടങ്ങണം. വരുമാനം വര്‍ധിക്കുന്നതിനൊപ്പം നിക്ഷേപ തുകയിലും വര്‍ധന വരുത്തണം. നിക്ഷേപത്തിന്റെ വളര്‍ച്ച ഇടക്കിടെ വിലയിരുത്തണം. മെച്ചപ്പെട്ട പ്ലാനുകളുണ്ടെങ്കില്‍ അതിലേക്ക് മാറണം.
ഇന്‍ഷുറന്‍സും പ്രധാനം
പ്രായമാകുമ്പോഴാണ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം കൂടുന്നത്. അപ്രതീക്ഷിതമായ കാര്യങ്ങള്‍ വരുമ്പോള്‍ സമ്പാദ്യം ചോരാതിരിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ സഹായിക്കും. ലൈഫ് ഇന്‍ഷുറന്‍സ് വഴി മറ്റു കുടുംബാംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാമെന്ന ആശ്വാസവും ലഭിക്കും. ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കൊപ്പം മാരക രോഗങ്ങള്‍, ശാരീരിക വൈകല്യം എന്നിവക്കുള്ള ഇന്‍ഷുറന്‍സുകളും പ്രത്യേകമായി എടുക്കാവുന്നതാണ്.