ഏജന്റുമാരുടെ ടേം കവറും ഗ്രാറ്റുവിറ്റിയും ഉയര്‍ത്തി എല്‍.ഐ.സി
ജീവനക്കാരുടേയും ഏജന്റുമാരുടേയും വിവിധ ക്ഷേമപദ്ധതികള്‍ക്ക് അനുമതി നല്‍കി എല്‍.ഐ.സി. 13 ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്കും നേട്ടമാകുന്നതാണ് പദ്ധതി.
ഇതനുസരിച്ച് എല്‍.ഐ.സി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി. ഏജന്റുമാര്‍ക്കുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷ 25,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. നേരത്തെ ഇത് 3,000 മുതല്‍ 20,000 രൂപ വരെയായിരുന്നു.
എല്‍.ഐ.സിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിനായി കുടുംബ പെന്‍ഷനും ധനമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. അവസാന ശമ്പളത്തിന്റെ 30% എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെന്‍ഷന്‍.
കൂടാതെ ഒരിക്കല്‍ ഉപേക്ഷിച്ച ഏജന്‍സി പുനരാരംഭിക്കുന്ന ഏജന്റുമാര്‍ക്കും റിന്യൂവല്‍ കമ്മീഷന് അര്‍ഹതയുണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്‍.ഐ.സിയുമായുള്ള സഹകരണം തുടരാന്‍ ഏജന്റുമാരെ പ്രചോദിപ്പിക്കാനാണ് ഈ നീക്കം.