ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുമ്പോള്‍ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ 5 കാര്യങ്ങള്‍

ക്രിപ്‌റ്റോ കറന്‍സി ചര്‍ച്ചയാണെങ്ങും. വിദ്യാര്‍ത്ഥികള്‍ മുതലെല്ലാവര്‍ക്കും ഒരേ ചര്‍ച്ചാവിഷയമാണ് ക്രിപ്‌റ്റോവിപണി. ഇക്കഴിഞ്ഞ ദിവസം കേന്ദ്രം ക്രിപ്‌റ്റോകള്‍ക്കെതിരെയുള്ള ചുവപ്പു കൊടി മാറ്റുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത് ക്രിപ്‌റ്റോകളെ ആസ്തികളായി പരിഗണിച്ച് സെബിക്ക് കീഴില്‍ വരുത്തിയേക്കുമെന്നാണ്.

താരുമാനങ്ങള്‍ ആയില്ലെങ്കിലും ക്രിപ്‌റ്റോ നിക്ഷേപം ഇപ്പോള്‍ തരംഗമാണ്. എന്നാല്‍ ഊഹക്കച്ചവടങ്ങള്‍ നിറഞ്ഞ, അടിക്കടി വിലനിലവാരം മാറിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ യുവാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം കൂടുതലാണ്. എന്നാല്‍ ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ക്രിപ്‌റ്റോ നിക്ഷേപത്തിനായി ഒരു സ്ട്രാറ്റജി രൂപീകരിക്കുക
നല്ലതും മോശവുമായ ക്രിപ്റ്റോകറന്‍സികള്‍ വേര്‍തിരിക്കുന്നത് എളുപ്പമല്ല. നിങ്ങളുടെ പണം എടുക്കാന്‍ ധാരാളം സ്രാവുകള്‍ ഉള്ള ലോകമാണ് അത്. 2020ല്‍, യുകെ ഫ്രോഡ്-അലേര്‍ട്ട് സേവനമായ ആക്ഷന്‍ ഫ്രോഡ് അനുസരിച്ച്, ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വര്‍ഷം തോറും 57% ഉയര്‍ന്ന് 5,581 ആയിരുന്നു. നിക്ഷേപകര്‍ക്ക് മൊത്തം 113ദശലക്ഷം പൗണ്ടും നഷ്ടമായി. അതിനാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ അറിവില്ലാതെ നിക്ഷേപിക്കാനുള്ള എളുപ്പമാര്‍ഗമായി കാണരുത്.
നിങ്ങള്‍ നിക്ഷേപിക്കുന്ന ക്രിപ്‌റ്റോയെ വിമര്‍ശനാത്മകമായി കാണാന്‍ ശ്രമിക്കുക. ഇതിന് എത്ര ഉപയോക്താക്കളുണ്ട്?ഇതിന് ബിസിനസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണോ, വിവിധ പഠനങ്ങള്‍ നടക്കുന്നതാണോ എന്നതൊക്കെ കാര്യമായി പരിശോധിക്കുക.
റിസ്‌കുകള്‍ തിരിച്ചറിയണം
ക്രിപ്റ്റോ ട്രേഡിംഗ് നുറുങ്ങുകള്‍ വാഗ്ദാനം ചെയ്യുന്നവരുടേതെല്ലാം വായിച്ച് തെറ്റുകള്‍ വരുത്തി വയ്ക്കരുത്. ഒരു പ്രത്യേക കറന്‍സിയില്‍ നിങ്ങള്‍ എത്രമാത്രം നിക്ഷേപിക്കുന്നു എന്നതിന് പരിധി നിശ്ചയിക്കുക. നിങ്ങള്‍ക്ക് താങ്ങാനാകാത്ത വലിയൊരു തുക ഒരിക്കലും വ്യാപാരത്തിനായി ഉപയോഗിക്കരുത്. ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് ചെയ്യുക എന്നത് ഉയര്‍ന്ന അപകടസാധ്യതയുള്ള ബിസിനസാണ്. ഇത് അറിഞ്ഞ് മാത്രം വലിയ കളികള്‍ക്ക് നില്‍ക്കുക.
നിങ്ങളുടെ ക്രിപ്റ്റോ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക
ഓഹരികള്‍ പോലെ തന്നെ ക്രിപ്‌റ്റോ പോര്‍ട്ട്‌ഫോളിയോയും വൈവിധ്യവല്‍ക്കരിക്കുന്നത് വലിയ നഷ്ട സാധ്യകള്‍ കുറയ്ക്കും.
വിവിധ കറന്‍സികളില്‍ നിക്ഷേപം നടത്തിയാല്‍, അവയിലൊന്നിന്റെ മൂല്യം കുത്തനെ ഇടിഞ്ഞാല്‍ നിങ്ങള്‍ അമിതമായി നിരാശരാകുകയോ സാമ്പത്തിക ബാധ്യതയിലാകുകയോ ഇല്ല. പ്രത്യേകിച്ചും ഈ നിക്ഷേപങ്ങള്‍ വളരെ അസ്ഥിരമാണെന്നിരിക്കെ ഒരെണ്ണത്തില്‍ മാത്രം നിലയുറപ്പിക്കരുത്.
ദീര്‍ഘകാല നിക്ഷേപം
ഓഹരി വിപണിയിലെന്നപോലെ ക്രിപ്‌റ്റോ നിക്ഷേപവും ദീര്‍ഘമായിരിക്കണം. നിരന്തര പഠനത്തിലൂടെ മാത്രമേ ക്രിപ്‌റ്റോകളുടെ കയറ്റിറക്കങ്ങള്‍ മനസ്സിലാക്കാനാകൂ. മാത്രമല്ല ചെറിയ ചില ഉയര്‍ച്ച താഴ്ചകളില്‍ വികാരത്തിന് അടിമപ്പെട്ട് വാങ്ങലുകളും വില്‍ക്കലുകളും നടത്തരുത്. മൂല്യമിടിയുകയാണെങ്കിലും വീണ്ടും കുറഞ്ഞ തുകയ്ക്കുള്ള നിക്ഷേപം ബോധപൂര്‍വം തുടരുക.
ഓട്ടോമേഷനും പഠനവും
ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുതെങ്ങനെയെന്ന് പഠിക്കുക. ഓട്ടോമേറ്റഡ് ആക്കാനുള്ള ടെക്‌നോളജികള്‍ പഠിക്കാം. വിദേശത്തിരുന്ന് നിക്ഷേപിക്കുന്നവര്‍ക്ക് ട്രേഡിംഗ് ബോട്ടുകളെ ഉപയോഗിച്ച് ക്രിപ്‌റ്റോ വിനിമയം നടത്തുന്ന പഠനമൊക്കെ ലഭ്യമാണ്. സാധാരണ നിക്ഷേപിക്കുമ്പോള്‍ പോലും എല്ലാവശങ്ങളും പഠിക്കുക. പരമാവധി ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ അറിയുക.


Related Articles
Next Story
Videos
Share it