ആദിത്യ ബിര്‍ല ഫാഷന്‍ 'ഡബ്ല്യു', ഓറേലിയ ബ്രാന്‍ഡുകളെ 1,650 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു
പ്രമുഖ ലേഡീസ് എത്‌നിക് ഫാഷന്‍ വെയര്‍ ബ്രാന്‍ഡുകളായ 'ഡബ്ല്യു', ഓറേലിയ എന്നീ ബ്രാന്‍ഡുകള്‍ ഇനി ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴില്‍. ടി.സി.എന്‍.എസ് ക്ലോത്തിംഗിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ ഈ ബ്രാന്ഡുകളുൾപ്പെടെ അഞ്ച് പ്രമുഖ ബ്രാൻഡുകൾ ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റീറ്റെയ്ലിന്റെ (എ.ബി.എഫ്.ആര്‍.എല്‍) സ്വന്തമാകും.
1,650 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. ഓപ്പണ്‍ ഓഫര്‍ വഴി 29 ശതമാനവും സ്ഥാപക പ്രൊമോട്ടര്‍മാരുടെ ഓഹരികളും ഏറ്റെടുത്തായിരിക്കും 51 ശതമാനം എന്നത് പൂര്‍ത്തിയാക്കുക.
ഓപ്പണ്‍ ഓഫര്‍ ഓരോ ഓഹരിക്കും 503 രൂപ എന്ന നിരക്കിലാണ് നടക്കുക. ഇതോടെ ആദിത്യ ബിര്‍ല ഫാഷന് ടി.സി.എന്‍.എസ് ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനാവകാശം (controlling stake) ലഭിക്കും.
മാര്‍ച്ച് 31, 2022 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 896.05 കോടിരൂപയായിരുന്നു ടി.സി.എന്‍.എസിന്റെ വിറ്റുവരവ്. ഫാഷന്‍ റീറ്റെയ്ല്‍ രംഗത്ത് റിലയന്‍സ് ട്രെന്‍ഡ്‌സുമായുള്ള മത്സരത്തിന്റെ ആക്കം കൂട്ടാന്‍ ഈ ഏറ്റെടുക്കല്‍ എ.ബി.എഫ്.ആര്‍.എലിന് വഴിയൊരുക്കും.
പ്രമുഖ ബ്രാന്‍ഡുകളുടെ പിന്തുണ
കേരളത്തില്‍ റിലയന്‍സ് ട്രെന്‍ഡ്‌സ്, മാക്‌സ് ഗ്രൂപ്പുകളിലെ ക്ലോത്തിംഗ് ബ്രാന്‍ഡ് ഷോപ്പുകളില്‍ സ്ഥിര സാന്നിധ്യമാണ് എത്‌നിക് കുര്‍ത്തികളും ടോപ്‌സ്, ബോട്ടം പോലുള്ള ഉത്പന്നങ്ങളുമായി 'ഡബ്ള്യു', ഒറേലിയ (W, Aurelia) ബ്രാന്‍ഡുകള്‍. കൂടാതെ വിഷ്ഫുള്‍, ഫോക്‌സോംഗ്, ഇലവന്‍ (Wishful, Folksong and Elleven) തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളും സാധാരണക്കാര്‍ക്ക് സുപരിചിതമാണ്.
ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്തും ശക്തമായ സാന്നിധ്യമാണ് ഈ ബ്രാന്‍ഡുകള്‍ക്കുള്ളത്. ബജറ്റ് ക്ലോത്തിംഗ് സെഗ്മെന്റിലെ ഈ എത്‌നിക് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കല്‍ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഫാഷന്‍ റീറ്റെയ്ല്‍ ബിസിനസിന് ശക്തി പകര്‍ന്നേക്കും.
എബി.എഫ്.ആര്‍.എല്‍, ടി.സി.എന്‍.എസ് എന്നീ കമ്പനികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റഡ് ആണ്. ഇന്നലെ (മെയ് 6, വെള്ളിയാഴ്ച) രാത്രിയാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അത് കൊണ്ട് തന്നെ തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോള്‍ ഇരു കമ്പനികളുടെയും ഓഹരിവിലകളില്‍ ഈ മാറ്റം പ്രകടമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.