വിപണിയില്‍ പവര്‍ കാട്ടി അദാനി കമ്പനി, ആറ് മാസത്തിനിടെ സമ്മാനിച്ചത് 237 ശതമാനം നേട്ടം

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് അത്ഭുതകരമായ നേട്ടം സമ്മാനിച്ച് അദാനി ഗ്രൂപ്പിന് (Adani Group) കീഴിലെ അദാനി പവര്‍. ആറ് മാസത്തനിടെ 237 ശതമാനം നേട്ടമാണ് അദാനി പവര്‍ (Adani Power) നിക്ഷേപകര്‍ക്ക് നല്‍കിയത്. അഞ്ച് ദിവസത്തിനിടെ 17 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 38 ശതമാനത്തിന്റെ ഉയര്‍ച്ചയും ഈ ഓഹരിയിലുണ്ടായി. ഒരു വര്‍ഷത്തിനിടെ 422 ശതമാനത്തിന്റെ കുതിപ്പും. ഇന്ന് 2.10ന് 1.34 ശതമാനത്തോളം ഉയര്‍ന്ന അദാനി പവറിന്റെ ഓഹരികള്‍ 410.30 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. എക്കാലത്തെയും ഉയര്‍ന്ന നിലയാണിത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം നേടാനായതാണ് ഓഹരി വില കുതിക്കാന്‍ കാരണം. ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 4,780 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷം 278 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവില്‍ 108.91 ശതമാനം ഉയര്‍ന്ന് 13,723 കോടിയിലെത്തി. 6,568.86 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ 6 ഉപകമ്പനികളെ അദാനി പവറില്‍ ലയിപ്പിച്ചിരുന്നു. ഇതാണ് അറ്റാദായം കുത്തനെ ഉയരാന്‍ കാരണം. അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍, അദാനി പവര്‍ മുന്‍ദ്ര, ഉഡുപി പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, റായിപൂര്‍ എനര്‍ജെന്‍, റായിഗഢ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിപ്പിച്ച കമ്പനികള്‍.
അദാനി പവര്‍ (Adani Power), ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പ്പാദകനാണ്. ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആറ് പവര്‍ പ്ലാന്റുകളിലായി 12,410 മെഗാവാട്ട് താപവൈദ്യുത ശേഷി കമ്പനിക്കുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it