റിസള്‍ട്ടിന് ശേഷം എന്തുകൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇടിഞ്ഞു?

തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭം ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ തൊട്ടുമുന്‍ പാദത്തിനേക്കാള്‍ 53.94 ശതമാനം ഇടിഞ്ഞ് 102.75 കോടി രൂപയായി. രണ്ടാം പാദത്തില്‍ ലാഭം 223.10 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ ബാങ്കിംഗ് ഇതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം (പലിശയേതര വരുമാനം) 34.18 കോടി രൂപ നഷ്ടത്തില്‍ കലാശിച്ചതാണ് ലാഭത്തില്‍ ഇടിവുണ്ടാകാനുള്ള ഒരു പ്രധാന കാരണം.


അതേ സമയം ഏറ്റവും ഉയര്‍ന്ന അറ്റ പലിശ വരുമാനമാണ് ബാങ്ക് മൂന്നാംപാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 825 കോടി രൂപ. തൊട്ടുമുന്‍പാദത്തിനെ അപേക്ഷിച്ച് 14 ശതമാനം വര്‍ധന.

പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല


വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത റിസള്‍ട്ടായിരുന്നില്ല സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേതെന്ന് സ്റ്റോക്ക് ബ്രോക്കിംഗ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ (24 ജനുവരി) സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 8.54 ശതമാനം ഇടിവാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി കഴിഞ്ഞ പാദത്തില്‍ 2.51 ശതമാനമായിരുന്നുവെങ്കില്‍ ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 2.26 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ അറ്റ ലാഭ മാര്‍ജിന്‍ തൊട്ടുമുന്‍ പാദത്തിനേക്കാള്‍ പകുതിയോളമായി കുറഞ്ഞു. തൊട്ടുമുന്‍ പാദത്തില്‍ ഇത് 11.18 ശതമാനമായിരുന്നുവെങ്കില്‍ അവലോകന പാദത്തില്‍ 5.51 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

ട്രഷറി ബാങ്കിംഗില്‍ 158. 80 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോര്‍പ്പറേറ്റ് ബാങ്കിംഗ് കഴിഞ്ഞ പാദത്തിലെ നഷ്ടത്തില്‍ നിന്ന് കരകയറി 50.83 കോടി രൂപ ലാഭത്തിലായിട്ടുണ്ട്.

തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ അടയ്ക്കുന്നതിനായി ബാങ്ക് മാറ്റിവെച്ച തുക (പ്രൊവിഷന്‍സ്) കുത്തനെ ഇടിഞ്ഞു 41.43 കോടിയായി.

മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കിന്റെ അറ്റാദായം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 50.31 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.

രാജ്യത്തെ സാധാരണ ജനങ്ങളുടെ നിക്ഷേപ നിരക്കില്‍ വന്നുകൊണ്ടിരിക്കുന്ന കുത്തനെയുള്ള ഇടിവ് രണ്ടോ മൂന്നോ പാദങ്ങള്‍ കൂടി കഴിയുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണങ്ങളും ഇതിനിടെ ബ്രോക്കറേജുകള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഓഹരി നിക്ഷേപകര്‍ക്ക മികച്ച നേട്ടമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ സമ്മാനിച്ചിരിക്കുന്നത്. 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 8.85 രൂപയില്‍ നിന്ന് 18.8 രൂപയായി ഉയര്‍ന്നിരുന്നു. 112.43 ശതമാനം വര്‍ധനയാണ് ഓഹരി വിലയിലുണ്ടായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it