ക്രിപ്‌റ്റോ കറന്‍സിയില്‍ ഇനി നികുതി അടയ്ക്കാം, അവസരം ഒരുക്കി അര്‍ജന്റീനന്‍ പ്രവിശ്യ
ക്രിപ്‌റ്റോ കറന്‍സികളില്‍ നികുതി അടയ്ക്കാന്‍ അവസരം ഒരുക്കി അര്‍ജന്റീനന്‍ പ്രവിശ്യയായ മെന്‍ഡോസ (Mendoza) . യുഎസ്ഡിറ്റി,ഡിഎഐ തുടങ്ങിയ സ്‌റ്റേബിള്‍കോയിനുകളില്‍ (Stable coins) മാത്രമാണ് മെന്‍ഡോസ സര്‍ക്കാര്‍ സ്വീകരിക്കുക. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ നികുതി അടയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏതെങ്കിലും ഒരു ആസ്തിയുമായോ കറന്‍സിയുമായോ പെഗ് ചെയ്ത ക്രിപ്‌റ്റോകളാണ് ആണ് സ്‌റ്റേബിള്‍ കോയിനുകള്‍.
ബിനാന്‍സ്, ബിറ്റ്‌സോ, ബ്യൂന്‍ബിറ്റ്, ബൈബിറ്റ്, റിപിയോ, ലെമണ്‍ തുടങ്ങിയവയുടെ ക്രിപ്‌റ്റോ വാലറ്റുകള്‍ ഉപയോഗിച്ച് നികുതി അടയക്കാം. ക്രിപ്‌റ്റോയില്‍ ലഭിക്കുന്ന നികുതി മെന്‍ഡോസ സര്‍ക്കാര്‍ അര്‍ജന്റീനിയന്‍ പെസോസിലേക്ക് മാറ്റും. എന്നാല്‍ ഏത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയാവും ഇടപാട് നടത്തുകയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഏപ്രിലില്‍, അര്‍ജന്റീനയുടെ തലസ്ഥാന പ്രവിശ്യയായ ബ്യൂണസ് ഐറിസ് ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് നികുതി അടയ്ക്കാനുള്ള അവസരം ഒരുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ഉണ്ടായില്ല. 2023 മുതല്‍ റിയല്‍ എസ്റ്റേറ്റ് നികുതി ക്രിപ്‌റ്റോയില്‍ സ്വീകരിക്കുമെന്ന് ബ്രസീലിലെ റിയോ ഡീ ജനീറോ മുനിസിപാലിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.