ഓഹരി വിപണിയിലെ നിക്ഷേപകരാണോ, ഈ 4 ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത്

ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഓഹരി ചാഞ്ചാട്ടം നേരിടുമ്പോള്‍ എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണമെന്നൊക്കെ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടായേക്കാം. ഒരു ഓഹരി നിക്ഷേപകന് ഒരു മോശം അനുഭവം നേരിട്ടാല്‍ ചിലപ്പോള്‍ അത് സംബന്ധിച്ച് സ്ഥിരമായ വിശ്വാസം അയാളുടെ മനസില്‍ ഊട്ടിയുറപ്പിക്കപ്പെടും. ഇത് സോഷ്യല്‍ പ്രൂഫ് ബയാസിന് കാരണമാകും.

ഓഹരിയില്‍ നിന്നുള്ള നേട്ടവും അത്തരത്തിലാണ്. ഓഹരിവിപണിയില്‍ നിന്നും വലിയ നേട്ടമുണ്ടാക്കാന്‍ വളരെക്കാലത്തെ പഠം ആവശ്യമാണ്. തുടക്കക്കാരെങ്കില്‍ ഓഹരി പഠിക്കാനും തുടര്‍ച്ചയായി നിരീക്ഷിക്കാനും ശ്രമങ്ങളുണ്ടായിരിക്കണം. ഓരോ വ്യക്തിയും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിദഗ്ധ സഹായത്തോടെ പഠിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ഓഹരിവിപണിയിലെ നിക്ഷേപനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കുണ്ടായിരിക്കാന്‍ പാടില്ലാത്ത ശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. നെഗറ്റീവ് മനോഭാവം
ഇക്കഴിഞ്ഞിടെ അന്തരിച്ച ഓഹരിവിപണിയിലെ ബിഗ്ബുള്‍ രാകേഷ് ജുന്‍ജുന്‍വാല പങ്കുവച്ച തത്വമാണിത്. മറ്റുള്ളവര്‍ക്ക് മോശം അനുഭവമുണ്ടായെന്ന് കരുതി അത്തരം കാര്യങ്ങളെ നിങ്ങളും നെഗറ്റീവായി കാണേണ്ടതില്ല. മോശം ഫലങ്ങള്‍ നിങ്ങളുടെ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. താദ്കാലികമായി സംഭവിച്ച ഒരു കാര്യമാണെങ്കില്‍ പോലും അത്തരം മോശം അനുഭവം ഉണ്ടായിക്കഴിഞ്ഞാല്‍ നിക്ഷേപകനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മനസില്‍ ആ നിക്ഷേപത്തെ സംബന്ധിച്ച് തെറ്റായ ധാരണ മനസില്‍ കടന്നുകൂടും. ഇത് അത്തരം കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കാനുള്ള പ്രവണത ഉണ്ടാക്കുന്നുണ്ട്.
2. പേഴ്‌സണല്‍ ബയാസ്
ഒരു ഓഹരി ഒന്നോ രണ്ടോ തവണ ചിലപ്പോള്‍ നല്ല വരുമാനം നല്‍കുമ്പോള്‍ പോര്‍ട്ട്‌ഫോളിയോയില്‍ പക്ഷപാതപരമായി നീങ്ങാന്‍ നിക്ഷേപകന് പ്രേരണ ഉണ്ടായേക്കാം. ട്രെന്‍ഡ് മാറുകയും ഓഹരിയില്‍ തകര്‍ച്ച ആരംഭിക്കുകയും ചെയ്താല്‍ പോലും ഇത്തരം നിക്ഷേപകര്‍ ആ ഓഹരിയെ മുറുകെ പിടിച്ചിരിക്കും. നമ്മള്‍ വിപണിയിലെ മാറ്റങ്ങള്‍ മനസിലാക്കി വാങ്ങുകയും വില്‍ക്കുകയും വേണം അല്ലാതെ നേരത്തെ ലാഭം നല്‍കിയത് കൊണ്ട് വീണ്ടും ലാഭം തരുമെന്ന മുന്‍വിധി സൂക്ഷിക്കുകയല്ല വേണ്ടത്.
3. ആള്‍ക്കൂട്ടങ്ങള്‍ക്ക് പിന്നാലെ
ആള്‍ക്കൂട്ടത്തിന്റെ ശരികള്‍ക്കൊപ്പം മുന്നോട്ട്‌പോകുന്ന സ്വഭാവം നിക്ഷേപകന് നന്നല്ല. ഓഹരിവിപണിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ശരിയാകണമെന്നില്ല. വാര്‍ത്തകള്‍ക്ക് പിന്നാലെയോ സുഹൃത്തുക്കളുടെ പിന്നാലെയോ ഒരു കൂട്ടം ആളുകള്‍ക്ക് പിന്നാലെയോ ഓഹരി നിക്ഷേപകന്‍ പോകരുത്. ഒരു നിക്ഷേപകന്‍ ഒരു കൂട്ടം ആളുകള്‍ ഒരു ഓഹരി നല്ലതാണെന്നോ മോശമാണെന്നോ പറയുന്നത് കണക്കിലെടുത്ത് തന്റെ തീരുമാനവും കൈക്കൊളളുന്നതിനെയാണ് സോഷ്യല്‍ ബയാസ് എന്ന് വിളിക്കുന്നത്. ഇത് മാറ്റിവയ്ക്കുക. മറ്റുള്ളവരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കി നിക്ഷേപത്തെ കുറിച്ച് മുന്‍ധാരണ വെച്ചുപുലര്‍ത്തരുത്. സ്വയം കാര്യങ്ങള്‍ മനസിലാക്കുകയോ വിദഗ്ധരുടെ സഹായം തേടുകയോ ആണ് വേണ്ടത്.
4. ബ്രാന്‍ഡിനോടുള്ള ഇഷ്ടം ഓഹരിവാങ്ങുന്നതിലും
ബ്രാന്‍ഡ് കോണ്‍ഷ്യസ് ആയവര്‍ ഓഹരി നിക്ഷേപത്തിലിറങ്ങുമ്പോള്‍ സ്വാഭാവികമായി അത് നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലും കൊണ്ടുവരാന്‍ ശ്രമിക്കും. മാത്രമല്ല, നിക്ഷേപകന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒരു പ്രത്യേക കമ്പനിയെ പുകഴ്ത്തി പറയുന്നത് നിക്ഷേപത്തെയും സ്വാധീനിച്ചേക്കാം. ഇത് പാടില്ല.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it