Begin typing your search above and press return to search.
ജനുവരിയിലെ മൂന്നാം ശനിയാഴ്ച പ്രത്യേക വ്യാപാര സെഷന്‍ നടത്താന്‍ ബി.എസ്.ഇയും എന്‍.എസ്.ഇയും
ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (BSE) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) 2024 ജനുവരി 20ന് (ശനി) പ്രത്യേക വ്യാപാര സെഷന്‍ സംഘടിപ്പിക്കും. സാധാരണ ഓഹരി വിപണികള്‍ക്ക് ശനിയും ഞായറും അവധിയാണ്.
ഓഹരി വിപണികളുടെ നിലവിലെ വ്യാപാര പ്ലാറ്റ്‌ഫോമായ പ്രൈമറി സൈറ്റില്‍ (PR) നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (DR) മാറുന്നതിനായാണ് ജനുവരിയിലെ മൂന്നാം ശനിയാഴ്ച പ്രത്യേക വ്യാപാര സെഷന്‍ സംഘടിപ്പിക്കുന്നത്. സെബിയുമായും (SEBI) ടെക്‌നിക്കല്‍ അഡൈ്വസറി സമിതിയുമായും നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
പി.ആറില്‍ നിന്ന് ഡി.ആറിലേക്കുള്ള മാറ്റം സുഗമമായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ ഏതെങ്കിലും തരത്തില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസങ്ങളുണ്ടായാല്‍ അതിവേഗം നിശ്ചിത റിക്കവറി സമയത്തിനകം വ്യാപാരം പുനരാരംഭിക്കാന്‍ സഹായകമാകുന്നതാണ് ഡി.ആര്‍ സൈറ്റ്.
വ്യാപാര സമയം ഇങ്ങനെ
രാവിലെ 9ന് തന്നെ പ്രീ-ഓപ്പണ്‍ സെഷന്‍ തുടങ്ങും. 9.15ന് സാധാരണ വ്യാപാരം ആരംഭിച്ച് 10ന് ക്ലോസ് ചെയ്യും. തുടര്‍ന്ന് 11.15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റില്‍ പ്രീ-ഓപ്പണ്‍ സെഷന്‍ തുടങ്ങും. 11.23ന് ഡി.ആര്‍ സൈറ്റില്‍ സാധാരണ വ്യാപാരത്തിനും തുടക്കമാകും. 12.50ന് ക്ലോസ് ചെയ്യും. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് ശ്രേണിയില്‍ ക്ലോസിംഗ് 12.30നാണ്.
ഓഹരിക്കും ഡെറിവേറ്റീവ്‌സിനും അന്നത്തെ ദിനം പരമാവധി പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. നിലവില്‍ 2 ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അത് തുടരും.
Next Story
Videos