പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കരിനിഴലിൽ വിപണി; ക്രൂഡ് ഓയിൽ വില വിപണി ഗതിയെ സ്വാധീനിക്കും
പശ്ചിമേഷ്യൻ സംഘർഷവും യു.എസ് കടപ്പത്രവിലയും വിപണിയെ നിയന്ത്രിച്ച ഒരാഴ്ച കടന്നു പോയി. സൂചികകൾക്കു പ്രതീക്ഷിച്ച ഉയർച്ചയ്ക്കു പകരം വലിയ ഇടിവാണുണ്ടായത്. ഈയാഴ്ചയുടെ തുടക്കത്തിനും പശ്ചിമേഷ്യൻ സംഘർഷം കരിനിഴൽ പടർത്തുന്നു. ക്ര്യൂഡ് ഓയിൽ വില എങ്ങോട്ടു നീങ്ങും എന്നതിനെ വിപണി ഉറ്റു നോക്കുന്നു.
മുഖ്യ സൂചികകൾക്കു ശക്തമായ പിന്തുണ നിലവിൽ ഉണ്ടെങ്കിലും രാജ്യാന്തര സൂചനകൾ ഒട്ടും അനുകൂലമല്ല. 19,400 ന്റെ പിന്തുണ നിലനിർത്താൻ നിഫ്റ്റിക്കു കഴിയുന്നില്ലെങ്കിൽ കൂടുതൽ ആഴങ്ങളിലേക്കാകും നീക്കം. വിദേശ നിക്ഷേപകർ എന്തു നിലപാടാകും സ്വീകരിക്കുക എന്നതാണു വിപണി ഉറ്റുനോക്കുന്ന പ്രധാന കാര്യം. റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുകി തുടങ്ങി ഈയാഴ്ച നിരവധി കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകൾ വരുന്നതും വിപണിയെ സ്വാധീനിക്കും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,426.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,500 നു മുകളിലായി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ചയും ഇടിവിലായിരുന്നു. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണു പ്രധാന സൂചികകൾ അവസാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം വ്യാപകമാകുമെന്ന ഭീതിയാണു വിപണിയെ താഴ്ത്തുന്നത്. 25 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു യു.കെ സർക്കാർ കടപ്പത്രങ്ങൾ താഴ്ന്നു. അടുത്ത വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ തീരുമാനം കൈക്കൊള്ളും. നിരക്ക് കൂട്ടുമെന്നാണു നിഗമനം.
യു.എസ് കടപ്പത്രങ്ങളുടെ വിലയിടിവ് തുടരുകയാണ്. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അഞ്ചു ശതമാനത്തിലേക്കു കയറി. 2007 നു ശേഷം നിക്ഷേപനേട്ടം ഇത്രയും ഉയരുന്നത് ആദ്യമാണ്. പിന്നീടു കടപ്പത്രവില അൽപം ഉയർന്നു.
ഡൗ ജോൺസ് 286.89 പോയിന്റ് (0.86%) താഴ്ന്ന് 33,127.28 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 53.84 പോയിന്റ് (1.26%) കുറഞ്ഞ് 4224.16 ൽ അവസാനിച്ചു. നാസ്ഡാക് 202.37 പോയിന്റ് (1.53%) ഇടിഞ്ഞ് 12,983.81 ൽ ക്ലോസ് ചെയ്തു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും ഇടിവിലായിരുന്നു. മുഖ്യ സൂചികകൾ താഴ്ന്ന് ഓപ്പൺ ചെയ്ത ശേഷം ചെറിയ കയറ്റിറക്കങ്ങളിലൂടെ നീങ്ങുകയായിരുന്നു.
സെൻസെക്സ് 231.62 പോയിന്റ് (0.35%) താഴ്ന്ന് 65,397.62ൽ അവസാനിച്ചു. നിഫ്റ്റി 82.05 പോയിന്റ് (0.42%) താഴ്ന്ന് 19,542.65ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 31.45 പോയിന്റ് (0.07%) കുറഞ്ഞ് 43,723.05 ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 1.13 ശതമാനം താഴ്ന്ന് 39,878.75 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.79 ശതമാനം കുറഞ്ഞ് 12,927.4-ൽ അവസാനിച്ചു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.3 ശതമാനവും നിഫ്റ്റി 1.1 ശതമാനവും നഷ്ടത്തിലായി. നിഫ്റ്റി ഓട്ടാേ ഒഴികെ എല്ലാ വ്യവസായ മേഖലകളും കഴിഞ്ഞവാരം നഷ്ടത്തിലായി. 2.3 ശതമാനം ഇടിഞ്ഞ നിഫ്റ്റി റിയൽറ്റിയാണ് ഏറ്റവും താഴ്ന്നത്. ഓയിൽ - ഗ്യാസ്, എഫ്എംസിജി, ബാങ്ക് നിഫ്റ്റി എന്നിവയും വലിയ നഷ്ടം കുറിച്ചു.
നിഫ്റ്റിയുടെ ശക്തമായ പിന്തുണ നിലയാണ് 18,400. അതു നിലനിർത്താനായാൽ ഒരു തിരിച്ചു കയറ്റം പ്രതീക്ഷിക്കാം. എന്നാൽ ആ നില തകർന്നാൽ വിപണി കൂടുതൽ ഇടിവിലാകാം എന്നാണു വിലയിരുത്തൽ.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 456.21 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 8.53 കോടിയുടെ ഓഹരികൾ വാങ്ങി.
വിദേശനിക്ഷേപകർ ഈ മാസം ക്യാഷ് വിപണിയിൽ ഇതുവരെ 13,412 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വെള്ളിയാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ റിസൽട്ട് വരും. ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി സുസുകി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഡോ. റെഡ്ഡീസ്, ഇന്ത്യൻ ഹോട്ടൽസ്, എൻടിപിസി തുടങ്ങിയ കമ്പനികളുടെ റിസൽട്ടും ഈയാഴ്ച ഉണ്ട്.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബാങ്ക് റിസൽട്ടുകൾ പ്രതീക്ഷയ്ക്കൊത്ത വളർച്ചയും ലാഭമാർജിനും കാണിച്ചു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയവ വാരാന്ത്യത്തിൽ റിസൽട്ട് പ്രസിദ്ധീകരിച്ചു.
മിക്ക വ്യാവസായിക ലോഹങ്ങളും വെള്ളിയാഴ്ച നഷ്ടത്തിലായി. അലൂമിനിയം 0.10 ശതമാനം താണ് ടണ്ണിന് 2181.5 ഡോളറിലായി. ചെമ്പ് 0.61 ശതമാനം താഴ്ന്ന് ടണ്ണിന് 7879.61 ഡോളറിലെത്തി. ലെഡ് 0.57 ഉം സിങ്ക് 0.31 ഉം നിക്കൽ 0.35 ഉം ശതമാനം ഉയർന്നു. ടിൻ 2.62 ഉം ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച നാമമാത്രമായി കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് 92.16 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.08 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു വില യഥാക്രമം 91.55 ലേക്കും 87.37 ലേക്കും താണു. യുഎഇയുടെ മർബൻ ക്രൂഡ് 94.4 ഡോളറിൽ വ്യാപാരം നടക്കുന്നു. ക്രൂഡ് ഓയിൽ വില 140 ഡോളർ വരെ എത്തുമെന്ന് പാരീസ് ആസ്ഥാനമായ അലയൻസ് ട്രേഡിന്റെ സാമ്പത്തിക ഗവേഷണ മേധാവി അനാ ബോട്ടാ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതാണു കാരണം.
വാരാന്ത്യത്തിലും സ്വർണവില കുതിച്ചു കയറി. സുരക്ഷിത നിക്ഷേപം എന്ന നിലയിലെ ഡിമാൻഡ് കൂടുകയാണ്. വെള്ളിയാഴ്ച 1996 ഡോളർ വരെ കയറിയ സ്വർണം 1982.2 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ കുത്തനേ താഴ്ന്ന് 1967 ഡോളറിൽ എത്തി.
കേരളത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പവൻ വില 720 രൂപ ഉയർന്ന് 45,260 രൂപയായി. ഇന്നു വില കുറഞ്ഞേക്കും. ഡോളർ വെള്ളിയാഴ്ച 12 പൈസ കുറഞ്ഞ് 83.12 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 106.16 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.22-ലേക്കു കയറി. ക്രിപ്‌റ്റോ കറൻസികൾ വാരാന്ത്യത്തിൽ നല്ല കയറ്റം കാണിച്ചു. ബിറ്റ്കോയിൻ 30,000 ൽ എത്തിയിട്ട് അൽപം താഴ്ന്നു.
വിപണി സൂചനകൾ
(2023 ഒക്ടോബർ 20, വെള്ളി)
സെൻസെക്സ് 30 65,397.62 -0.35%
നിഫ്റ്റി 50 19,545.65 -0.42%
ബാങ്ക് നിഫ്റ്റി 43,723.05 -0.07%
മിഡ് ക്യാപ് 100 39,878.75 -1.13%
സ്മോൾ ക്യാപ് 100 12,927.40 -0.79%
ഡൗ ജോൺസ് 30 33,127.30 -0.86%
എസ് ആൻഡ് പി 500 4224.16 -1.26%
നാസ്ഡാക് 12,983.80 -1.53%
ഡോളർ ($) ₹83.12 -₹0.12
ഡോളർ സൂചിക 106.16 -0.09
സ്വർണം (ഔൺസ്) $1982.20 +$ 06.90
സ്വർണം (പവൻ) ₹45,280 +₹720.00
ക്രൂഡ് ബ്രെന്റ് ഓയിൽ $92.16 -$0.22