ബുള്ളുകള്‍ ആവേശത്തില്‍; ലാഭമെടുപ്പില്‍ ശ്രദ്ധിക്കണം
വലിയ കുതിപ്പിന്റെ ആഴ്ചയ്ക്കു ശേഷം ബുള്‍ കയറ്റം തുടരാനുള്ള മോഹത്തിലാണ് ഇന്നു വിപണികള്‍ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലെ തടസമേഖല വെള്ളിയാഴ്ച മറികടക്കാന്‍ കഴിഞ്ഞത് ആവേശം വളര്‍ത്തുന്നു. ഒപ്പം ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം തുടരുമെന്ന ഭീഷണിയുണ്ട്. ചൈനീസ് ജി.ഡി.പി കണക്ക് പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണു വ്യാപാരമാരംഭിച്ചത്. എങ്കിലും ഇന്ത്യന്‍ വിപണി കയറ്റത്തിലേക്കാണ് ഉറ്റു നോക്കുന്നത്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,619 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,639 ലേക്ക് കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
വിദേശ സൂചികകള്‍
യൂറോപ്യന്‍ സൂചികകള്‍ വെള്ളിയാഴ്ച ഭിന്നദിശകളില്‍ ക്ലോസ് ചെയ്തു. ചില സൂചികകള്‍ കാല്‍ ശതമാനം വരെ കയറി. നോകിയയുടെ ഭാവിസൂചന മോശമായതു ടെലികോം കമ്പനികളെ താഴ്ത്തി.
യു.എസ് വിപണിയും ഭിന്നദിശകളിലായി. ഡൗ ജോണ്‍സ് ചെറിയ നേട്ടത്തില്‍ നിന്നപ്പോള്‍ മറ്റു സൂചികകള്‍ താഴ്ന്നു. ഡൗ ജോണ്‍സ് സൂചിക 113.89 പോയിന്റ് (0.33%) കയറി 34,395.14 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 4.62 പോയിന്റ് (0.10%) താണ് 4505.42ല്‍ എത്തി. നാസ്ഡാക് 24.87 പോയിന്റ് (0.18%) താഴ്ന്ന് 14,113.7 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞയാഴ്ച ഡൗ ജോണ്‍സ് 2.3 ശതമാനവും എസ് ആന്‍ഡ് പി 2.4 ശതമാനവും നാസ്ഡാക് 3.3 ശതമാനവും ഉയര്‍ന്നു. കുറഞ്ഞ ചില്ലറ വിലക്കയറ്റവും പ്രമുഖ ബാങ്കുകളുടെ മികച്ച റിസല്‍ട്ടും വിപണിയെ ഉയര്‍ത്തി. ഒരു മാന്ദ്യത്തിലേക്കു കാര്യങ്ങള്‍ എത്തിക്കാതെ വിലക്കയറ്റം നിയന്ത്രിക്കാന്‍ യുഎസ് ഫെഡിനു കഴിയും എന്ന വിശ്വാസമാണ് ഇപ്പോള്‍ വിപണിയെ നയിക്കുന്നത്.
ജെ.പി മോര്‍ഗന്‍, വെല്‍സ് ഫാര്‍ഗോ, പെപ്‌സികോ, ഡെല്‍റ്റാ എയര്‍ലൈന്‍സ് തുടങ്ങിയവ മികച്ച രണ്ടാം പാദ റിസല്‍ട്ട് പുറത്തുവിട്ടതും വിപണിക്കു കരുത്തായി. സിറ്റി ഗ്രൂപ്പ് മാത്രം പ്രതീക്ഷയോളം വന്നില്ല. ടെസ്ല, ബാങ്ക് ഓഫ് അമേരിക്ക, മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്‌സ് തുടങ്ങിയവ ഈയാഴ്ച റിസല്‍ട്ട് അവതരിപ്പിക്കും.യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 0.17 ശതമാനവും. എസ് ആന്‍ഡ് പി 0.19 ശതമാനവും നാസ്ഡാക് 0.17 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികളില്‍ നഷ്ടം
ഏഷ്യന്‍ ഓഹരികള്‍ ഇന്നു താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ചൈനയുടെ ഏപ്രില്‍-ജൂണ്‍ ജിഡിപി കണക്കും ജൂണിലെ വ്യവസായ ഉത്പാദന കണക്കും ഇന്നു പുറത്തുവരും. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ നാമമാത്ര വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്ന് 7.3 ശതമാനം വര്‍ധനയാണു ജിഡിപിയില്‍ പ്രതീക്ഷിക്കുന്നത്. യഥാര്‍ഥത്തില്‍ വളര്‍ച്ച കുറവാണെന്നാണ് അതു കാണിക്കുക. സാമ്പത്തിക ഉത്തേജക പദ്ധതി അനിവാര്യമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കും.
ഓസ്‌ട്രേലിയന്‍, ജാപ്പനീസ് സൂചികകള്‍ നാമമാത്രമായി താണു. ചൈനീസ് വിപണി ഒരു ശതമാനം ഇടിഞ്ഞു.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച നേട്ടത്തില്‍ തുടങ്ങി. അത് അവസാനം വരെ തുടര്‍ന്നു. പുതിയ ഉയരങ്ങളില്‍ ക്ലോസിംഗും നടത്തി. സെന്‍സെക്‌സ് ആദ്യമായി 66,000 നു മുകളിലും നിഫ്റ്റി 19,500 നു മുകളിലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 502.01 പോയിന്റ് (0.77%) നേട്ടത്തില്‍ 66,060.90 ലും നിഫ്റ്റി 150.75പോയിന്റ് (0.78%) കയറി 19,564.50. ലും ക്ലോസ് ചെയ്തു. വിശാലവിപണിയും നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.15 ശതമാനം കയറി 36,528.95 ലും സ്‌മോള്‍ ക്യാപ് സൂചിക 1.42 ശതമാനം കുതിച്ച് 11,323.90ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞയാഴ്ച 1.2 ശതമാനം വീതം ഉയര്‍ന്നു.
ഐടിയില്‍ പുതിയ പ്രത്യാശ
ടെക് ഓഹരികള്‍ വലിയ കുതിപ്പു നടത്തി. യു.എസില്‍ ഈ മാസത്തോടെ പലിശവര്‍ധന നിര്‍ത്തും എന്ന സൂചനയാണ് കാരണം. പലിശ കൂട്ടാതെയും മാന്ദ്യത്തിലേക്കു വീഴാതെയും യുഎസ് സമ്പദ്ഘടന വളര്‍ന്നാല്‍ ഇന്ത്യയിലെ ഐടി സേവന കമ്പനികള്‍ക്കു കൂടുതല്‍ ബിസിനസ് കിട്ടും. കരാര്‍ നിരക്കുകളും കൂടും. ഈ പ്രതീക്ഷ വിപണിയിലെ വലിയ നേട്ടം ഐടി കമ്പനികള്‍ക്കു കിട്ടാന്‍ വഴി തെളിച്ചു. എംഫസിസ് 7.95%, ബിര്‍ലാ സോഫ്റ്റ് 5.26%, ടിസിഎസ് 5.21%, ടെക് മഹീന്ദ്ര 4.54%, ഇന്‍ഫോസിസ് 4.46%, മൈന്‍ഡ് ട്രീ 4.08%, എച്ച്‌സിഎല്‍ ടെക് 3.8% തുടങ്ങിയവയുടെ വില കുതിച്ചു കയറി. കഴിഞ്ഞയാഴ്ച ഐടി സൂചിക 4.9 ശതമാനം ഉയര്‍ന്നു.
വിദേശനിക്ഷേപകര്‍
വിദേശനിക്ഷേപകര്‍ വലിയ തോതില്‍ വാങ്ങല്‍ തുടരുന്നു. വെള്ളിയാഴ്ച അവര്‍ ക്യാഷ് വിപണിയില്‍ 2636.43 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകള്‍ 772.45 കോടിയുടെ ഓഹരികള്‍ വിറ്റു.
കഴിഞ്ഞയാഴ്ച വിദേശികള്‍ 106 കോടി ഡോളര്‍ (8700 കോടി രൂപ) ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ ഇതു വരെ അവര്‍ നടത്തിയ നിക്ഷേപം 373 കോടി ഡോളര്‍ (30,600 കോടി രൂപ) കവിഞ്ഞു.
ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കാനുള്ള വില്‍പന സമ്മര്‍ദം തുടരും. എങ്കിലും വിപണി തുടര്‍ക്കുതിപ്പ് സാധ്യമാണെന്ന വിശ്വാസത്തിലാണ്. വെള്ളിയാഴ്ച ഒരു ബുള്ളിഷ് മെഴുകു തിരി രൂപപ്പെടുത്തിയാണു നിഫ്റ്റി ക്ലോസ് ചെയ്തത്. 19,500 നു മുകളില്‍ ക്ലോസ് ചെയ്തത് പുതിയ മുന്നേറ്റത്തിനു തുടക്കമാകുമെന്നു കരുതപ്പെടുന്നു. 19,720 -19,800 മേഖലയാകും നിഫ്റ്റിയുടെ ആദ്യ ലക്ഷ്യമെന്നാണു വിലയിരുത്തല്‍.
ഇന്നു നിഫ്റ്റിക്ക് 19,475 -ലും 19,370 ലും പിന്തുണ ഉണ്ട്. 19,595 ലും 19,695ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.59 ശതമാനം താണു ടണ്ണിന് 2268 ഡോളറിലായി. ചെമ്പ് ഇന്നലെ 0.82 ശതമാനം കയറി ടണ്ണിന് 8651 ഡോളറില്‍ എത്തി. നിക്കല്‍ 0.72 ശതമാനവും ടിന്‍ 3.43 ശതമാനവും ഉയര്‍ന്നു. ലെഡ് 0.09 ശതമാനവും സിങ്ക് 2.01 ശതമാനവും താഴ്ന്നു.
ക്രൂഡ്, സ്വര്‍ണം, ഡോളര്‍
ക്രൂഡ് ഓയില്‍ വില 80 ഡോളറിനു താഴെ വന്നു. ബ്രെന്റ് ഇനം ക്രൂഡ് 79.87 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 75.42 ഡോളറിലും ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ബ്രെന്റ് 79.29 ലേക്കും ഡബ്‌ള്യുടിഐ 74.89 ഡോളറിലേക്കും താണു.
സ്വര്‍ണം വെള്ളിയാഴ്ച അല്‍പം താണ് 1954.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1955 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന്‍വില 44,000 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഡോളര്‍ അല്‍പം കയറി. വെള്ളിയാഴ്ച ഡോളര്‍ ഒന്‍പതു പൈസ കൂടി 82.16 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക 100നു താഴെ തുടരുന്നു. വെള്ളിയാഴ്ച സൂചിക അല്‍പം ഉയര്‍ന്ന് 99.91 ല്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. ബിറ്റ്‌കോയിന്‍ 30,300 ഡോളറിനടുത്താണ്.
വിപണി സൂചനകള്‍
(2023 ജൂലൈ 14, വെള്ളി)
സെന്‍സെക്‌സ് 30 66,060.90 +0.77%
നിഫ്റ്റി 50 19,564.50 +0.78%
ബാങ്ക് നിഫ്റ്റി 44,819.30 +0.35%
മിഡ് ക്യാപ് 100 36,528.95 +1.15%
സ്‌മോള്‍ക്യാപ് 100 11,323.90 +1.42%
ഡൗ ജോണ്‍സ് 30 34,509.03 +0.33%
എസ് ആന്‍ഡ് പി 500 4505.42 -0.10.%
നാസ്ഡാക് 14,113.70 -0.18%
ഡോളര്‍ ($) ?82.16 +09പൈസ
ഡോളര്‍ സൂചിക 99.91 +0.15
സ്വര്‍ണം(ഔണ്‍സ്) $1954.30 -$06.70
സ്വര്‍ണം(പവന്‍ ) ?44,000 00.00
ക്രൂഡ് (ബ്രെന്റ്)ഓയില്‍ $79.87 -$1.49