ബിറ്റ്‌കോയിന്‍ വില പൂജ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ചൈനയുടെ മുന്നറിയിപ്പ് കാര്യമോ..?

ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇക്കണോമിക് ഡെയിലി എന്ന പത്രം ബിറ്റ്‌കോയിനെതിരെ മുറിയിപ്പുമായി എത്തിയത്. ബിറ്റ്കോയിന്റെ വില പൂജ്യത്തിലേക്ക് എത്താമെന്നാണ് ചൈനീസ് പത്രം എഴുതിയത്. അതിനുള്ള കാരണവും പത്രം വിശദാമാക്കുന്നുണ്ട്.

ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ കോഡുകളുടെ ഒരു കണ്ണിമാത്രമാണെന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയക്ക് വില്‍ക്കുമ്പോള്‍ മാത്രമാണ് നേട്ടം ലഭിക്കുന്നതെന്നും പത്രം പറയുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം തകരുകയോ അല്ലെങ്കില്‍ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ബിറ്റ്‌കോയിന്‍ അതിന്റെ യഥാര്‍ത്ഥ മൂല്യത്തിലേക്ക് എത്തും. യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന് മൂല്യമൊന്നും ഇല്ല എന്നാണ് ഇക്കണോമിക് ഡെയിലിയുടെ വിലയിരുത്തല്‍.

ഇത് ആദ്യമായല്ല ഇക്കണോമിക് ഡെയിലി ക്രിപ്‌റ്റോയ്‌ക്കെതിരെ നിലപാട് എടുക്കുന്നത്. സ്റ്റേബിള്‍ കോയിനുകളായ ടെറ യുഎസ്ഡി, ലൂണ എന്നിവയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി ചൈനയുടെ ക്രിപ്റ്റോ നിരോധനത്തെ നേരത്തെ ഇക്കണോമിക് ഡെയിലി ന്യായീകരിച്ചിരുന്നു. ബിറ്റ്‌കോയിന്റെ വിലയെ സംബന്ധിച്ച് പല സാമ്പത്തിക ശാസ്ത്രഞ്ജരും ഇത്തരം ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നോബേല്‍ ജേതാവായ പോള്‍ ക്രുഗ്മാന്‍ പറഞ്ഞത് ബിറ്റ്‌കോയിന്‍ ഒരു തരത്തിലുള്ള സാമ്പത്തിക ഉദ്ദേശങ്ങളും നിറവേറ്റുന്നില്ല എന്നാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ക്രിപ്‌റ്റോ നിരോധിച്ച ചൈന 2018ല്‍ തന്നെ വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പരീക്ഷണാര്‍ത്ഥം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ചൈന അവതരിപ്പിച്ചിത് 2022 ജനുവരിയില്‍ ആണ്. സമ്പത്ത് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതും കുറ്റകൃത്യങ്ങളും തടയുകയാണ് ക്രിപ്‌റ്റോ നിരോധനം കൊണ്ട് ലക്ഷ്യമിടുതെന്നാണ് ചൈനയുടെ വാദം. നിരോധനത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ 50 ബില്യ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികള്‍ ചൈനയില്‍ നിന്ന് മാറ്റപ്പെറ്റെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ക്രിപ്‌റ്റോ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് ലോക രാജ്യങ്ങള്‍. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നികുതി പരിഷ്‌കാരങ്ങള്‍ ഇന്ത്യയിലെ ക്രിപ്‌റ്റോ വിപണിയെ കാര്യമായി ബാധിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുതിന് പിന്നാലെ ഏതൊക്കെ രാജ്യങ്ങള്‍ ചൈനയുടെ വഴി സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ സമ്പത്ത് വ്യവസ്ഥയെ ക്രിപ്‌റ്റോ സ്വാധീനിച്ചാല്‍ എങ്ങനെ നേരിടണമെന്നതിനുള്ള മാതൃക ചൈന മുന്നോട്ടുവെച്ച് കഴിഞ്ഞു.

എന്നാല്‍ ചൈനീസ് പത്രം പറയുന്നതു പോലെ ബിറ്റ്‌കോയിന്റെ മൂല്യം പൂജ്യം ആവുക എന്നത് ഏറെക്കുറെ അസാധ്യമാണ്. നിലവിലെ കറന്‍സികളുടെ പരിമിതികള്‍ മറികടക്കുക എന്നതാണ് ബിറ്റ്‌കോയിന്റെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ട്രേഡിംഗിനായി ആണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വ്യാപകമാവുന്നതോടെ ഇപ്പോള്‍ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അവസാനിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

ലോകത്ത് എവിടെപ്പോയാലും ഒരേ മൂല്യത്തില്‍ ഉപയോഗിക്കാവുന്ന, എളുപ്പം കൈമാറ്റം ചെയ്യാവുന്ന ഇടനിലക്കാരില്ലാത്ത ഒരു കറന്‍സിയുടെ നേട്ടമാണ് ബിറ്റ്‌കോയിന്‍ നല്‍കുന്നത്. വില പൂജ്യത്തിലേക്ക് എത്തണമെങ്കില്‍ ബിറ്റ്‌കോയിന്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ബ്ലോക്ക് ചെയില്‍ എല്ലാവരും ഉപേക്ഷിക്കേണ്ടി വരും.

ഏതൊരു കറന്‍സിയും പോലെ തന്നെ ജനങ്ങള്‍ സ്വീകരിക്കുന്നിടത്തോളം കാലം ബിറ്റ്‌കോയിന് മൂല്യമുണ്ടാകുമെന്നാണ് സോഷ്യല്‍ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോം സഹികോയിന്റെ സഹസ്ഥാപകനായ മെല്‍ബിന്‍ തോമസ് പറയുന്നത്. ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിന്‍ സ്വീകരിച്ചു തുടങ്ങി. എണ്ണം പരിമിതമായത് തന്നെ അതിന്റെ മുല്യം നിലനിര്‍ത്തുന്ന ഘടകമാണ്. എളുപ്പത്തില്‍ കൈമാറാം എന്നത് ബിറ്റ്‌കോയിന്റെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുമെന്നും മെല്‍ബിന്‍ തോമസ് ചൂണ്ടിക്കാട്ടി.

ലോകത്ത് ആകെ ബിറ്റ്‌കോയിനുകളുടെ എണ്ണം 21 മില്യണ്‍ ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. 2 മില്യണോളം ബിറ്റ്‌കോയിനുകള്‍ ഇനിയും മൈന്‍ ചെയ്യാനുണ്ട്. ഏകദേശം 2140 ഓടെ മാത്രമേ അവസാന ബിറ്റ്‌കോയിന്‍ മൈന്‍ ചെയ്യപ്പെടു എന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 16,61,881.18 രൂപയോളമാണ് ഒരു ബിറ്റ്കോയിന്റെ വില. കഴിഞ്ഞ നവംബറില്‍ ബിറ്റ്‌കോയിന്‍ വില 47 ലക്ഷത്തിനും മുകളിലെത്തിയിരുന്നു.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it