ചോയ്‌സ് ഇന്റര്‍നാഷണലിന് ₹21.3 കോടി ലാഭം

ധനകാര്യ സേവന കമ്പനിയായ ചോയ്‌സ് ഇന്റര്‍നാഷണല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 21.3 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 7.7 കോടി രൂപയേക്കാള്‍ 177 ശതമാനം അധികമാണിത്.

വരുമാനം 78.7 കോടി രൂപയില്‍ നിന്ന് 77 ശതമാനം വര്‍ദ്ധിച്ച് 139.30 കോടി രൂപയായെന്നും കമ്പനി അറിയിച്ചു.
നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) 114 ശതമാനം വര്‍ദ്ധിച്ച് 37.6 കോടി രൂപയായി. 2022-23ലെ സമാനപാദത്തില്‍ ഇത് 17.6 കോടി രൂപയായിരുന്നു.
ബ്രോക്കിംഗ് ബിസിനസിലും മികച്ച വളര്‍ച്ചയുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. ആദ്യപാദത്തില്‍ 41,000 ഡീമാറ്റ് അക്കൗണ്ടുകളാണ് കമ്പനി കൂട്ടിച്ചേര്‍ത്തത്. മൊത്തം ഡീമാറ്റ് അക്കൗണ്ടുകള്‍ ഇതോടെ 7.21 ലക്ഷത്തിലെത്തി.
മ്യൂച്വല്‍ഫണ്ടില്‍ ₹405 കോടി
ചോയ്‌സ് കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ഫണ്ട് ബിസിനസ് ആസ്തി 28 ശതമാനം ഉയര്‍ന്ന് 405.4 കോടി രൂപയായി. മൊത്തം പ്രീമിയം വരുമാനം 33.8 കോടി രൂപയാണ്; 186 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തില്‍ വിറ്റഴിച്ച പോളിസികളുടെ എണ്ണം 106 ശതമാനം ഉയര്‍ന്ന് 8,008 ആയി.
ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായി 25ഓളം കമ്പനികളുമായി കമ്പനിക്ക് സഹകരണമുണ്ട്.
എന്‍.ബി.എഫ്.സിയായും നേട്ടം
2022 ജൂണിലാണ് ചോയ്‌സ് പൂര്‍ണതോതില്‍ എന്‍.ബി.എഫ്.സി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം 415.2 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. കഴിഞ്ഞ പാദത്തില്‍ മാത്രം 148.4 കോടി രൂപയുടെ റീട്ടെയില്‍ വായ്പകള്‍ നല്‍കിയെന്ന് ചോയ്‌സ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ കമല്‍ പൊഡ്ഡാര്‍ പറഞ്ഞു.
ചോയ്‌സിന്റെ മൊത്തം വരുമാനത്തില്‍ 59 ശതമാനവും സ്‌റ്റോക്ക് ബ്രോക്കിംഗില്‍ നിന്നാണ്. 28 ശതമാനം അഡൈ്വസറി വിഭാഗത്തില്‍ നിന്നും 13 ശതമാനം എന്‍.ബി.എഫ്.സി വിഭാഗത്തില്‍ നിന്നും.
ഓഹരികള്‍ നഷ്ടത്തില്‍
അതേസമയം, ഇന്ന് ചോയ്‌സ് ഓഹരികള്‍ നഷ്ടത്തിലാണുള്ളത്. സെന്‍സെക്‌സില്‍ ഓഹരി 1.98 ശതമാനം താഴ്ന്ന് 347.25 രൂപയിലാണുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it