Begin typing your search above and press return to search.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ രാജിവച്ചു; തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥിയാകും
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയും കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പ്രിഥ്വീരാജ് ഹരിചന്ദന്‍ രാജിവച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഒഴിയുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ കമ്പനി വ്യക്തമാക്കി.
ഒഡീഷ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ പദവി ഒഴിയുന്നതെന്നും രാജിക്ക് പിന്നില്‍ മറ്റ് കാരണങ്ങളില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിലിക (Chilika) നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക. ബി.ജെ.പിയുടെ ഒഡീഷ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പ്രിഥ്വീരാജ് ഹരിചന്ദന്‍.
മുന്നേറ്റത്തിന്റെ ഓഹരി
ഏകദേശം 20,000 കോടിയില്‍പ്പരം രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കാമ്പയിനുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ നേവിക്കായും മറ്റും നിരവധി ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയിട്ടുണ്ട്. കൂടുതല്‍ ഓര്‍ഡറുകള്‍ ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍.
കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം 2,688 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറുകളും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശമുണ്ട്. യൂറോപ്പില്‍ നിന്നടക്കം 6,300 കോടി രൂപയുടെ അധിക ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു.
ഇന്ന് ഒരു ശതമാനത്തോളം താഴ്ന്ന് 1,313.10 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 22 ശതമാനവും മൂന്ന് മാസത്തിനിടെ 45 ശതമാനവും ഒരുവര്‍ഷത്തിനിടെ 375 ശതമാനവും നേട്ടം (Return) നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
595 ശതമാനമാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ കുതിപ്പ്. ഇക്കാലയളവില്‍ 108 രൂപവരെ താഴ്ന്ന ഓഹരിവില റെക്കോഡ് ഉയരമായ 1,378 രൂപവരെ ഉയരുകയും ചെയ്തിരുന്നു. 34,589 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം (Market Cap).
Next Story
Videos