ക്രിപ്‌റ്റോയില്‍ എസ്‌ഐപി നിക്ഷപ പദ്ധതി അവതരിപ്പിച്ച് കോയിന്‍സ്വിച്ച്

നിക്ഷേപകര്‍ക്കായി ആവര്‍ത്തന വാങ്ങല്‍ പദ്ധതി (Recurring Buy Plan-RBP) അവതരിപ്പിച്ച് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കോയിന്‍സ്വിച്ച് (coinswitch). മ്യൂച്വല്‍ ഫണ്ട് വ്യവസ്ഥാപിത നിക്ഷേപ പദ്ധതിക്ക് (എസ്‌ഐപി-SIP ) സമാനമാണ് ആര്‍ബിപി. എല്ലാ മാസവും ഒരു നിശ്ചിത തുക ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ക്രിപ്‌റ്റോ വിപണിയില്‍ ഉണ്ടാകുന്ന വലിയ ചാഞ്ചാട്ടങ്ങളെ തുടര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപകരെ പുതിയ പദ്ധതി സഹായിക്കും.

കോയിന്‍സ്വിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്ത് വെയിറ്റ്‌ലിസ്റ്റ് വഴി ആര്‍ബിപിയുടെ ഭാഗമാവാം. ഫെബ്രുവരി 15 മുതല്‍ നിക്ഷേപം ആരംഭിക്കാം. ആദ്യമെത്തുന്ന നിക്ഷേപകര്‍ക്കാണ് ഈ മാസം നിക്ഷേപിച്ച് തുടങ്ങാന്‍ അവസരം. ബാക്കിയുള്ളവര്‍ ആര്‍ബിപി പൂര്‍ണമായി അവതരിപ്പിക്കുന്നത് വരെ കാത്തിരിക്കണം. ബിറ്റ്‌കോയിന്‍, എഥെറിയം, ഡോഷ്‌കോയിന്‍ ഉള്‍പ്പടെ എണ്‍പതിലധികം ക്രിപ്‌റ്റോകളില്‍ ആര്‍ബിപിയിലൂടെ നിക്ഷേപിക്കാം.
ഒരു ആര്‍ബിപിയിലൂടെ ഒന്നിലധികം ക്രിപ്‌റ്റോകളില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. അതേ സമയം ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ആര്‍ബിപികള്‍ ആരംഭിക്കാം. നിക്ഷേപത്തുക ഒരിക്കല്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ മാറ്റം വരുത്താനും സാധിക്കില്ല. നിലവില്‍ കോയിന്‍സ്വിച്ചിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ മാത്രമാണ് സേവനം ലഭിക്കുന്നത്. ആര്‍ബിപിയെക്കൂടാതെ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിലെ റിസ്‌കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റിസ്‌കോമീറ്റര്‍ എന്ന ഫീച്ചറും കമ്പനി അവതരിപ്പിച്ചു.




Related Articles
Next Story
Videos
Share it