Begin typing your search above and press return to search.
വിഷയം സങ്കീര്‍ണം; ബജറ്റ് സമ്മേളനത്തിലും ക്രിപ്‌റ്റോ ബില്‍ അവതരിപ്പിച്ചേക്കില്ല
അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും ക്രിപ്‌റ്റോ കറന്‍സി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കില്ല. ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കേന്ദ്രത്തിനായിട്ടില്ല എന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രം വളരെ ഉറ്റുനോക്കുന്ന നിയമ നിര്‍മാണം ആണങ്കിലും വിഷയത്തിലെ സങ്കീര്‍ണത പരിഗണിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് വിവരം. ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ ആവശ്യമാണെന്നാണ് വിലയിരുത്തല്‍.
റിസര്‍വ് ബാങ്ക് പരീക്ഷണാര്‍ത്ഥം ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചതിന് ശേഷം മാത്രം ക്രിപ്‌റ്റോ ബില്‍ എന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്. നേരത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021 കേന്ദ്രം ലിസ്റ്റ് ചെയ്തിരുന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നികുതി സംബന്ധിച്ചും കേന്ദ്രത്തിന് കൃത്യമായ തീരുമാനം എടുക്കാനായിട്ടില്ല. അതേ സമയം ബജറ്റ് സമ്മേളനത്തില്‍ ക്രിപ്റ്റോ നിക്ഷേപങ്ങളില്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കാം. പക്ഷെ പൂര്‍ണമായ ഒരു നികുതി ചട്ടക്കൂട് രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാകും. ക്രിപ്‌റ്റോയെ ആസ്ഥിയായി കണ്ട് നികുതി ചുമത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. ക്രിപ്‌റ്റോയെ ഇക്വിറ്റിയായി കണ്ട് നേട്ടങ്ങള്‍ക്ക് മേല്‍ നികുതി ഇടാക്കുക എന്ന നിര്‍ദ്ദേശവും കേന്ദ്രത്തിന് മുന്നിലുണ്ട്.
ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങളുടെ സഹകരണവും പ്രധാനമന്ത്രി നരേന്ദ്രമോദി തേടിയിട്ടുണ്ട്. ക്രിപ്റ്റോയ്ക്ക് പിന്നിലെ ടെക്നോളജി പരിഗണിക്കുമ്പോള്‍, ഏതെങ്കിലും ഒരു രാജ്യം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പര്യാപ്തമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്‌റ്റോ ബില്‍ അവതരിപ്പിച്ചാലും, ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ സങ്കീര്‍ണതകള്‍ പരിഗണിച്ച് ഒരു ആഗോള നയം രൂപീകരിക്കാന്‍ ഇന്ത്യ മുന്‍പന്തിയില്‍ ഉണ്ടാവും എന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്.
Next Story
Videos