ജാഗ്രത വേണം, അല്ലെങ്കില്‍ പണി പാളും; ഇന്ത്യക്കാരില്‍നിന്ന് വ്യാജ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ തട്ടിയത് ആയിരം കോടി

എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന് കണ്ടാല്‍ ഒന്നും ആലോചിക്കാതെ നിക്ഷേപിക്കുന്നവരാണ് പലരും, പ്രത്യേകിച്ച് ഇന്ത്യക്കാര്‍. എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് പോലും നോക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളും നാം കാണാറുണ്ട്. ഇപ്പോള്‍ ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സൈബര്‍-സുരക്ഷാ കമ്പനിയായ CloudSEK.

വ്യാജ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ വഴി ഇന്ത്യന്‍ നിക്ഷേപകരുടെ 128 മില്യണ്‍ ഡോളറിലധികം (ഏകദേശം 1,000 കോടി രൂപ) കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി ഫിഷിംഗ് ഡൊമെയ്നുകളും ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള വ്യാജ ക്രിപ്റ്റോ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുന്ന ഒരു ഓപ്പറേഷന്‍ കണ്ടെത്തിയതായി CloudSEK ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'ഈ വലിയ തോതിലുള്ള കാമ്പെയ്ന്‍ ജാഗ്രതയില്ലാത്ത വ്യക്തികളെ ഒരു വലിയ തട്ടിപ്പിലേക്കാണ് നയിക്കുന്നത്. ഈ വ്യാജ വെബ്സൈറ്റുകളില്‍ പലതും യുകെയിലെ നിയമാനുസൃതമായ ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് പ്ലാറ്റ്ഫോമായ 'CoinEgg' ന്റെ വ്യാജമായാണ് പ്രവര്‍ത്തിക്കുന്നത്'' റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വെബ്സൈറ്റിന്റെ ഡാഷ്ബോര്‍ഡും ഉപഭോക്തൃ അനുഭവവും പകര്‍ത്തിയാണ് സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തുടക്കത്തില്‍ ലാഭം നല്‍കുന്ന രീതിയിലാണ് ഈ വ്യാജ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് വിശ്വാസം നേടുകയും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് കൂടുതല്‍ തുക വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് ഈ വെബ്‌സൈറ്റുകളുടെ രീതിയെന്ന് CloudSEK ന്റെ റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  
Next Story
Share it