ഇന്ത്യന്‍ ഓഹരി വിപണിയെ ക്രിപ്‌റ്റോ സ്വാധീനിക്കും, പരസ്പര ബന്ധം 10 മടങ്ങ് ഉയര്‍ന്നെന്ന് ഐഎംഎഫ്
കോവിഡിന് ശേഷം ഏഷ്യന്‍ ഓഹരി വിപണികളും ക്രിപ്‌റ്റോ (Crypto) ആസ്തികളും തമ്മിലുള്ള പരസ്പര ബന്ധം (Correlation) കുത്തനെ ഉയര്‍ന്നതായി ആന്താരാഷ്ട്ര നാണയ നിധി (IMF). ഓഗസ്റ്റ് 21ന് പ്രസിദ്ധീകരിച്ച ഐഎംഎഫ് ബ്ലോഗിലാണ് ഈ വിഷയം പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയും ക്രിപ്‌റ്റോ ആസ്തികളും തമ്മിലുള്ള ബന്ധം കോവിഡിന് ശേഷം പത്ത് മടങ്ങ് വര്‍ധിച്ചെന്ന് ഐഎംഎഫ് വ്യക്തമാക്കി
ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്ക് ക്രിപ്‌റ്റോ മേഖലയെയും തിരിച്ചും സ്വാധീനിക്കാനുള്ള കഴിവാണ് കോറിലേഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഈ ട്രെന്‍ഡ് കൂടുതല്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിക്ഷേപകര്‍ ഓഹരി വിപണിയെപോലെ തന്നെ ക്രിപ്‌റ്റോ നിക്ഷേപങ്ങളെയും കാണാന്‍ തുടങ്ങിയിരുന്നു.
ഈയൊരു സവിശേഷത കൊണ്ട് ഉണ്ടാവാന്‍ ഇടയുള്ള അപകടവും ബ്ലോഗ് പോസ്റ്റില്‍ ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിപ്‌റ്റോ രംഗത്തെ തിരിച്ചടികള്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ വികാരത്തെയും സ്വാധിനിക്കാം. ഇത് വിറ്റഴിക്കലിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎഫ് ബ്ലോഗില്‍ പറയുന്നു. കോവിഡിന് മുമ്പ് സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെട്ടാണ് ക്രിപ്‌റ്റോ നിന്നിരുന്നത്.
2017-19ല്‍ ഇന്ത്യന്‍ ഓഹരി വിപണിയും ബിറ്റ്‌കോയിനും (Bitcoin) തമ്മിലുള്ള അസ്ഥിരതാ ബന്ധം (Volatality Correlation ) 0.14 ആയിരുന്നു. 2020-22 കാലയളവില്‍ ഇത് 0.44ല്‍ എത്തി. ഓഹരി-ക്രിപ്‌റ്റോ വിപണിയില്‍ നിന്നുള്ള നേട്ടങ്ങളുടെ കോറിലേഷന്‍ (Return Correlation) ഇക്കാലയളവില്‍ 0.03ല്‍ നിന്ന് 0.31 ആയി ഉയര്‍ന്നു. പരസ്പരം സ്വാധീനിക്കാനുള്ള കഴിവാണ് ഉയര്‍ന്ന കോറിലേഷന്‍ പോയിന്റ് കൊണ്ട് സൂചിപ്പിക്കുന്നത്. തായ്‌ലന്‍ഡിന്റെ ഓഹരി വിപണിയാണ് ക്രിപ്‌റ്റോ മേഖലയുമാണ് ഏറ്റവും അധികം ബന്ധപ്പെട്ട് കിടക്കുന്നത്.
ഓഹരി വിപണികളും ക്രിപ്‌റ്റോയുമായുള്ള വളരുന്ന ഈ ബന്ധം ക്രിപ്‌റ്റോ മേഖലയെ നിയന്ത്രിക്കേണ്ടതിന്റെ ആവഷ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തടസമായി നില്‍ക്കുന്ന പ്രധാന ഘടകം മേഖലയിലെ കൃത്യമായ വിവരങ്ങളുടെ (ഡാറ്റ) അഭാവമാണ്. ഈ ഡാറ്റ വിടവ് പരിഹരിക്കാന്‍ രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് (IMF) ബ്ലോഗില്‍ പറയുന്നു.