എഫ്ടിഎക്‌സിന്റെ തുടര്‍ച്ച; പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്ത് ബ്ലോക്ക്‌ഫൈ

എഫ്ടിഎക്‌സിന് പിന്നാലെ ക്രിപ്‌റ്റോ മേഖലയിലെ മറ്റൊരു പ്രമുഖ കമ്പനി കൂടി തകരുന്നു. ന്യൂ ജഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ഫൈ (BlockFi) ആണ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തത്. ക്രിപ്‌റ്റോ നിക്ഷേപം സ്വീകരിക്കുകയും ഈടിന്മേല്‍ വായ്പ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ബ്ലോക്ക്‌ഫൈ.

ക്രിപ്‌റ്റോ കറന്‍സികളുടെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്ലോക്ക്‌ഫൈ. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ എഫ്ടിഎക്‌സുമായി 400 മില്യണ്‍ ഡോളറിന്റെ ഒരു കാരാറില്‍ ബ്ലോക്ക്‌ഫൈ എത്തിയിരുന്നു. കമ്പനിയെ ഏറ്റെടുക്കാന്‍ എഫ്ടിഎക്‌സിന് അവസരം നല്‍കുന്നത് കൂടിയായിരുന്നു ഡീല്‍. തുടര്‍ന്ന് എഫ്ടിഎക്‌സില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ ബ്ലോക്ക്‌ഫൈ വായ്പയും എടുത്തു.

എഫ്ടിഎക്‌സ് തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാറ്റ്‌ഫോമിലെ പണം പിന്‍വലിക്കല്‍ ബ്ലോക്ക്‌ഫൈ അവസാനിപ്പിച്ചിരുന്നു. ഒരുലക്ഷത്തിലധികം പേരാണ് ബ്ലോക്ക്‌ഫൈയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. കമ്പനിയുടെ ആസ്തികളുടെയും ബാധ്യതകളുടെയും മൂല്യം ഏകദേശം 10 ബില്യണ്‍ ഡോളറോളം ആണ്. നിലവില്‍ 257 മില്യണ്‍ ഡോളര്‍ മാത്രമാണ് പണമായി ബ്ലോക്ക്‌ഫൈയുടെ കൈയ്യിലുള്ളത്. അന്‍കൂര ട്രസ്റ്റിനാണ് ബ്ലോക്ക്‌ഫൈ ഏറ്റവും അധികം പണം (729 ബില്യണ്‍ ഡോളര്‍) നല്‍കാനുള്ളത്.


മതിയായ രേഖകള്‍ ഇല്ലാതെ വായ്പ അനുവദിച്ചതിനെ തുടര്‍ന്ന് പിഴ ഇനത്തില്‍ യുഎസ് സെക്യൂരിറ്റീ ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നല്‍കാനുള്ളത് 30 മില്യണ്‍ ഡോളറാണ്. നടപടികളുടെ ഭാഗമായി മൂന്നില്‍ രണ്ട് ജീവനക്കാരെയും കമ്പനി പിരിച്ചുവിടും. 292 ജീവനക്കാരാണ് ബ്ലോക്ക്‌ഫൈയ്ക്ക് ഉള്ളത്. സാക്ക് പ്രിന്‍സ്, ഫ്‌ലോറി മാര്‍ക്വീസ് എന്നിവര്‍ ചേര്‍ന്ന് 20017ല്‍ സ്ഥാപിച്ചതാണ് ബ്ലോക്ക്‌ഫൈ. കമ്പനിയുടെ എതിരാളികളായിരുന്ന സെല്‍ഷ്യസ് നെറ്റ്‌വര്‍ക്ക്, വൊയേഗര്‍ എന്നീ കമ്പനികള്‍ കഴിഞ്ഞ ജൂലൈയില്‍ തകര്‍ന്നിരുന്നു.

Related Articles
Next Story
Videos
Share it