ഓഹരികളില്‍ നിക്ഷേപകര്‍ കൂടുന്നു; ഡീമാറ്റ് എക്കൗണ്ടുകള്‍ 12 കോടി കടന്നു

രാജ്യത്തെ ഡീമാറ്റ് എക്കൗണ്ടുകളുടെ (Demat Account) എണ്ണം ആദ്യമായി 12 കോടി കടന്നു. ജൂണില്‍ പുതുതായി 23.6 ലക്ഷം എക്കൗണ്ടുകളാണ് തുറന്നത്. ഇതോടെ ആകെ എക്കൗണ്ടുകളുടെ എണ്ണം 12.51 കോടി എത്തി. 13 മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

സി.ഡി.എസ്.എല്ലും (Central Depository Service /CDSL)) എന്‍.എസ്.ഡി.എല്ലും(National Securities Depository /NSDL)) നല്‍കുന്ന കണക്കനുസരിച്ച് 2022 മേയ്ക്കു ശേഷം ഇത്രയും എക്കൗണ്ടുകള്‍ തുറക്കുന്നത് ആദ്യമായാണ്. ഏപ്രിലില്‍ 21 ലക്ഷവും കഴിഞ്ഞ വര്‍ഷം ജൂണില്‍ 23 ലക്ഷവും എക്കൗണ്ടുകളാണ് തുറന്നത്.
ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്.

വിപണിയിലെ കുതിപ്പ്

ജൂണില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ച്ച തുടര്‍ന്നതാണ് കൂടുതല്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചത്. തുടര്‍ച്ചയായ നാലാം മാസമാണ് ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. ഇതിനു മുന്‍പ് 2021 ഒക്ടോബര്‍വരെയുള്ള തുടര്‍ച്ചയായ ആറ് മാസം വിപണി നേട്ടം തുടര്‍ന്നിരുന്നു. നിഫ്റ്റി 3.5 ശതമാനവും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ യഥാക്രമം 5.9%, 6.6% എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
ഐ.പി.ഒയ്ക്കും മികച്ച പ്രതികരണം

ജൂണില്‍ നിരവധി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും (ഐ.പി.ഒ) വിപണി സാക്ഷ്യം വഹിച്ചു. ഐകിയോ ലൈറ്റിംഗ്, ഐഡിയ ഫോര്‍ജ് ടെക്‌നോളജി, സിയന്റ് ഡി.എല്‍.എം തുടങ്ങിയ ഐ.പി.ഒകള്‍ക്ക് റീറ്റെയ്ല്‍ നിക്ഷപകരില്‍ നിന്ന് 10 ലക്ഷത്തിലധികം അപേക്ഷകള്‍ നേടാനും സാധിച്ചു. കഴിഞ്ഞ മാസം 5 ഐ.പി.ഒകള്‍ സമാഹരിച്ചത് 2,588 കോടി രൂപയാണ്.
വിറ്റുവരവ് കൂടി
ജൂണില്‍ ബി.എസ്.ഇയിലെയും എന്‍.എസ്.ഇയിലെയും മൊത്തം വിറ്റുവരവ് 14 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. റിപ്പോര്‍ട്ടുകളനുസരിച്ച് പ്രതിദിന ശരാശരി വിറ്റുവരവ് (Average Daily Turnover) 67,491 കോടി രൂപയാണ്. 2022 ഏപ്രിലിനു ശേഷമുള്ള ഉയര്‍ന്ന നിലയാണിത്. മുന്‍ വര്‍ഷം ജൂണിലെ വിറ്റുവരവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനമാണ് വര്‍ധന. വിപണിയിലൊരു പോസിറ്റീവ് മാറ്റം വന്നിട്ടുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇക്കാലയളവില്‍ ഡെറിവേറ്റീവ് മാര്‍ക്കറ്റ് 259 ലക്ഷം കോടി രൂപയിലെത്തി. 18 മാസത്തെ തുടച്ചയായ മുന്നേറ്റമാണ് ഈ വിഭാഗത്തിലുണ്ടായത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it