എല്‍ഐസി ഐപിഒയ്ക്ക് മുമ്പേ ഡീമാറ്റ് അക്കൗണ്ട് എടുക്കാം, പക്ഷേ എന്തൊക്കെ ശ്രദ്ധിക്കണം

എല്‍ഐസി പോളിസി (LIC Policy) ഉടമയാണ്, പക്ഷേ ഡീമാറ്റ് അക്കൗണ്ടില്ല... ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുമ്പോള്‍ വലിയൊരു വിഭാഗം പോളിസി ഉടമകളെങ്കിലും നേരിടുന്ന പ്രശ്‌നമിതാണ്. നിലവില്‍, വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഓഹരികളില്‍ 10 ശതമാനത്തോളം ഓഹരികള്‍ എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാമെന്നിരിക്കെ ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കില്‍ നഷ്ടമാവുക നല്ലൊരു അവസരമായിരിക്കും. സ്വന്തം ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് മാത്രമേ ഡിസ്‌കൗണ്ട് ഓഹരികള്‍ക്കായി ഐപിഒയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.

എങ്ങനെ ഡീമാറ്റ് അക്കൗണ്ട് എടുക്കാം
ഓഹരി വിപണിയില്‍നിന്ന് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ വാങ്ങി നിക്ഷേപമായി സൂക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ നേരിട്ട് ഡീമാറ്റ് അക്കൗണ്ട് എടുക്കാന്‍ സാധ്യമല്ല. സ്‌റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കേണ്ടത്. നിലവില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി നിരവധി സ്‌റ്റോക്ക് ബ്രോക്കറേജ് കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കാന്‍ ആവശ്യമായി വരുന്നത്.
എന്തൊക്കെ ശ്രദ്ധിക്കണം
ഓഫ്‌ലൈനായും ഓണ്‍ലൈനായും ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്. എന്നാല്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഏത് സ്‌റ്റോക്ക് ബ്രോക്കറേജ് (Stock Brokerage) സ്ഥാപനമാണെന്നതിനെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഓരോ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലായിരിക്കും ബ്രോക്കറേജ് ഫീസുകളുണ്ടാവുക. ഇത് താരതമ്യം ചെയ്ത് ഏതാണ് മികച്ച സേവനം നല്‍കുന്നതെന്ന് മനസിലാക്കി വേണം അക്കൗണ്ട് തുറക്കാന്‍. കൂടാതെ, സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിശ്വാസ്യത, അവരുടെ പാരമ്പര്യം, ഗുണമേന്മ, മാനേജ്‌മെന്റ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും മനസിലാക്കുന്നത് നന്നായിരിക്കും.
ഡീമാറ്റ് അക്കൗണ്ട് തുറന്നാല്‍ മാത്രം നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ സാധിക്കണമെന്നില്ല. അതിനാല്‍, എങ്ങനെയാണ് നിക്ഷേപിക്കേണ്ടത്, ഐപിഒകളില്‍ നിക്ഷേപിക്കേണ്ടതെങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളില്‍നിന്ന് തന്നെ അറിയേണ്ടതാണ്. ഇതിനായുള്ള സംവിധാനങ്ങളും സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കിവരുന്നുണ്ട്. കൂടാതെ, തങ്ങളുടെ റിസര്‍ച്ച് ടീം ലഭ്യമാക്കുന്ന സ്റ്റോക്ക് റെക്കമെന്റേഷനുകളും സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it