നിക്ഷേപകര്‍ കുറയുന്നു, പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17 മാസത്തെ താഴ്ന്ന നിലയില്‍
പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ (dematerialised) എടുക്കുന്നവരുടെ എണ്ണം ജൂണ്‍ മാസം 1.8 മില്യണായി ആയി കുറഞ്ഞു. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഇത്രയും ഇടിയുന്നത്. സ്‌മോള്‍, മിഡ് ക്യാപ് ഓഹരികള്‍ ഇടിഞ്ഞതും ആഗോളതലത്തില്‍ ഉണ്ടായ ആശങ്കകളും നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
2021 ഒക്ടോബറില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 3.5 മില്യണില്‍ എത്തിയിരുന്നു. 2022 ജനുവരിയില്‍ 3.4 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം ഇടിയുകയായിരുന്നു. ഈ വര്‍ഷം ആദ്യമായാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണം രണ്ട് മില്യണില്‍ താഴെയാവുന്നത്. ജൂണിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 96.6 മില്യണ്‍ ഡീമാറ്റ് അക്കൗണ്ടുകളുണ്ട്.
ഡീമാറ്റ് അക്കൗണ്ടുകള്‍ക്കൊപ്പം പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും കുറയുകയാണ്. ജൂണില്‍ 1.79 മില്യണ്‍ എസ്‌ഐപി അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. 1.14 മില്യണ്‍ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ജൂണില്‍ 12,276 കോടി രൂപയാണ് എസ്‌ഐപി അക്കൗണ്ടുകളിലൂടെ നിക്ഷേപിക്കപ്പെട്ടത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടം അവസാനിക്കുന്നത് വരെ നിലവിലെ പ്രവണത തുടരുമെന്നാണ് വിലയിരുത്തല്‍.