Begin typing your search above and press return to search.
നിക്ഷേപവുമായി പൊറിഞ്ചു വെളിയത്ത്; എഡ്‌വെന്‍സ്വ ഓഹരികളില്‍ വന്‍കുതിപ്പ്
ഹൈദരാബാദ് ആസ്ഥാനമായ ഐ.ടി സേവന കമ്പനിയായ എഡ്‌വെന്‍സ്വ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ഇന്ന് വീണ്ടും വന്‍ മുന്നേറ്റവുമായി അപ്പര്‍-സര്‍ക്യൂട്ടില്‍ 'തട്ടി'. കമ്പനിയുടെ ഉപസ്ഥാപനമായ എഡ്‌വെന്‍സ്വ ടെക് അമേരിക്കയിലെ ഒരു 'ബിഗ് ഫോര്‍ കണ്‍സള്‍ട്ടന്‍സി'കമ്പനിയില്‍ നിന്ന് പുത്തന്‍ കരാര്‍ സ്വന്തമാക്കിയതാണ് ഓഹരിക്കുതിപ്പിന് വഴിയൊരുക്കിയത്.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ എഡ്‌വെന്‍സ്വ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടായ അഞ്ച് ശതമാനം കുതിപ്പോടെ 54.99 രൂപയിലെത്തി. പ്രമുഖ ഓഹരി നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സ് സി.ഇ.ഒയുമായ പൊറിഞ്ചു വെളിയത്ത് ഓഹരിയൊന്നിന് 52.18 രൂപ നിരക്കില്‍ കമ്പനിയുടെ 1.3 ലക്ഷം ഓഹരികള്‍ വാങ്ങിയതാണ് ഇന്ന് എഡ്‌വെന്‍സ്വ എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ കുതിപ്പുണ്ടാക്കിയത്. കമ്പനിയുടെ 1.43 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്.
ഏപ്രില്‍ 6ന് 45.26 രൂപയായിരുന്നു കമ്പനിയുടെ ഓഹരിവില. അമേരിക്കയില്‍ നിന്ന് പുതിയ കരാര്‍ കമ്പനിക്ക് ലഭിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏപ്രില്‍ 10ന് ഓഹരികള്‍ 5 ശതമാനം മുന്നേറി 47.52 രൂപയിലെത്തി, അപ്പര്‍-സര്‍ക്യൂട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 550 ശതമാനവും ഒരുവര്‍ഷത്തിനിടെ 155 ശതമാനവും ആദായം (റിട്ടേണ്‍) ഓഹരിനിക്ഷേപകര്‍ക്ക് സമ്മാനിച്ച കമ്പനിയാണ് എഡ്‌വെന്‍സ്വ എന്റര്‍പ്രൈസസ്. എന്നാല്‍, കഴിഞ്ഞ ആറ് മാസമായി ഓഹരിവില തളരുകയായിരുന്നു. ആറുമാസം മുമ്പ് 110.55 രൂപയായിരുന്ന ഓഹരിവില പിന്നീട് 38.07 ശതമാനം ഇടിഞ്ഞ് 42.66 രൂപയിലെത്തി. തുടര്‍ന്നാണ്, അമേരിക്കന്‍ ഓര്‍ഡറിന്റെ പിന്‍ബലത്തില്‍ കുതിപ്പ് തുടങ്ങിയത്. കഴിഞ്ഞ 5 വ്യാപാര സെഷനുകളിലായി മാത്രം ഓഹരിവില മുന്നേറിയത് 23 ശതമാനമാണ്.
അമേരിക്കയിലെ 'ബിഗ് 4' ഓര്‍ഡര്‍
ഡിലോയിറ്റ്, ഏണ്‍സ്റ്റ്-ആന്‍ഡ് യംഗ്, കെ.പി.എം.ജി., പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) എന്നിവയാണ് അമേരിക്കയിലെ ബിഗ് 4 കണ്‍സള്‍ട്ടന്‍സി കമ്പനികളെന്ന് അറിയപ്പെടുന്നത്. ഇവയിലൊന്നില്‍ നിന്ന് ദീര്‍ഘകാലത്തേക്കുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍.പി.എ) കരാര്‍ ലഭിച്ചതാണ് എഡ്‌വെന്‍സ്വ എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ കുതിപ്പിന് വഴിയൊരുക്കിയത്. സങ്കീര്‍ണമായ സോഫ്റ്റ്‌വെയറുകളുള്ള പഴയ സിസ്റ്റത്തില്‍ നിന്ന് പുതിയവയിലേക്ക് ഡേറ്റ സുരക്ഷിതമായി മാറ്റാനാണ് ആര്‍.പി.എ ഉപയോഗിക്കുന്നത്.
എന്താണ് അപ്പര്‍-സര്‍ക്യൂട്ട്?
ഓരോ വ്യാപാരദിനത്തിലും കമ്പനികളുടെ ഓഹരിവില നിശ്ചിത ശതമാനം വരെ മാത്രമേ ഉയരാനും താഴാനും പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. ഇവയെയാണ് യഥാക്രമം അപ്പര്‍-സര്‍ക്യൂട്ട്, ലോവര്‍-സര്‍ക്യൂട്ട് എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു ഓഹരി അപ്പര്‍-സര്‍ക്യൂട്ടിലത്തെിയാല്‍ അന്നത്തെ ദിവസത്തെ വ്യാപാരത്തില്‍ പരമാവധി വില അതായിരിക്കും. അതിനും മുകളിലേക്ക് വില ഉയരാന്‍ അനുവദിക്കില്ല. ലോവര്‍-സര്‍ക്യൂട്ടിലെത്തുന്ന ഓഹരിക്കും ഇത്തരത്തില്‍ കുറഞ്ഞവിലയ്ക്ക് പരിധിയുണ്ടാകും. അതിലധികം താഴാന്‍ അനുവദിക്കില്ല.
കമ്പനിയുടെ വിപണിമൂല്യം, വ്യാപാരം ചെയ്യുന്ന ഓഹരികളുടെ മൊത്തം എണ്ണം, ഓഹരിയുടെയോ വ്യാപാരം നടക്കുന്ന സൂചികയുടെയോ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അപ്പര്‍/ലോവര്‍ സര്‍ക്യൂട്ടുകളുടെ പരിധി നിര്‍ണയിക്കുന്നത്.
ഓഹരികള്‍ വലിയ തോതില്‍ ഇടിയുന്നതിലൂടെ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം ഉണ്ടാകുന്നത് തടയാനാണ് ലോവര്‍-സര്‍ക്യൂട്ട് ഏര്‍പ്പെടുത്തുന്നത്. ഓഹരിവില പരിധിയിലധികം ഉയര്‍ന്ന് അസാധാരണ അളവില്‍ വ്യാപാരം ചെയ്യപ്പെടുന്നത് തടയുകയാണ് അപ്പര്‍-സര്‍ക്യൂട്ടിന്റെ ലക്ഷ്യം. ഓഹരികളിലെ കനത്ത ചാഞ്ചാട്ടം ഒഴിവാക്കുകയാണ് ഇതിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്.
Next Story
Videos