ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റ്‌സ്: ബിഎസ്ഇ യിലെ പുതിയ സ്വര്‍ണ നിക്ഷേപ പ്ലാറ്റ്‌ഫോം

ദീപാവലി ദിവസം മുഹറത് വ്യാപാരത്തോട് അനുബന്ധിച്ച് പുതിയ സ്വര്‍ണ നിക്ഷേപ പ്ലാറ്റ്‌ഫോമിന് ബി എസ് ഇ യില്‍ തുടക്കം കുറിച്ചു. ഇതിലൂടെ ഒരു ഗ്രാം സ്വര്‍ണത്തിലും അതിന്റെ ഗുണിതങ്ങളിലും വ്യാപാരം നടത്താം. ഡെലിവറി 10 ഗ്രാം, 100 ഗ്രാം എന്ന അളവിലാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റസ് (EGR) എന്നാണ് വ്യാപാര പദ്ധതി അറിയപ്പെടുന്നത്.

995,999 എന്നി രണ്ട് പരിശുദ്ധികളിലാണ് സ്വര്‍ണം ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് ബി എസ് ഇ യ്ക്ക് തത്വത്തില്‍ ഇ ജി ആര്‍ തുടങ്ങാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ പരിശീലന വ്യാപാരം നടത്തിയതിന് ശേഷം ഇപ്പോഴാണ് എക്‌സ് ചേഞ്ചില്‍ യഥാര്‍ത്ഥ വ്യാപാരം ആരംഭിച്ചത്. വ്യക്തിഗത നിക്ഷേപകരെ കൂടാതെ ബാങ്കുകള്‍, ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങള്‍, സ്വര്‍ണ വ്യാപാരികള്‍, ആഭരണ ഉല്‍പ്പാദകര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി യാണ് പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചത്.

സ്വര്‍ണത്തിന് കാര്യക്ഷമവും, സുതാര്യതയോടെ വില കണ്ടെത്താനും, ദേശിയ തലത്തില്‍ സ്വര്‍ണത്തിന് ഒറ്റ വില സംവിധാനത്തിലേക്ക് നയിക്കാനുമാണ് പുതിയ സ്വര്‍ണ പദ്ധതി നടപ്പാക്കിയത്. ഇന്ത്യയില്‍ 800 മുതല്‍ 1000 ടണ്‍ വരെ വാര്‍ഷിക സ്വര്‍ണ ഉപഭോഗം ഉണ്ടെങ്കിലും അന്താരാഷ്ട്ര വില നിര്‍ണയത്തില്‍ രാജ്യത്തിന് ഒരു പങ്കും ഇല്ല. ബി എസ് ഇ യില്‍ ഇ ജി ആര്‍ ആരംഭിച്ചതോടെ അതും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണ ഇറക്കുമതി കുറക്കാനും നിക്ഷേപകരുടെ കൈവശമുള്ള സ്വര്‍ണം സുതാര്യതയോടെ കൈമാറ്റം ചെയ്യാനും സാധിക്കുന്നതാണ് പുതിയ ഇ ജി ആര്‍ പ്ലാറ്റ്‌ഫോം.

Related Articles
Next Story
Videos
Share it