ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും മക്‌ഡൊണാള്‍ഡിന്റെ മറുപടിയും; ഗ്രിമെയ്‌സ് കോയിന്റെ ജനനം ഇങ്ങനെ

പ്രശസ്ത ഫാസ്റ്റ് ഫൂഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സിനോട് ഡോഷ് കോയിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. മസ്‌കിന്റെ ഉടമസ്ഥതിലുള്ള ടെസ്‌ല ഗ്രിമെയ്‌സ് കോയിന്‍ സ്വീകരിച്ചാല്‍ തങ്ങള്‍ ഡോഷ് കോയിന്‍ പരിഗണിക്കാമെന്നായിരുന്നു മക്‌ഡൊണാള്‍ഡ്‌സിന്റെ മറു ട്വീറ്റ്. അവര്‍ ട്വീറ്റില്‍ പറഞ്ഞ ഗ്രിമെയ്‌സ് കോയിന്‍ എന്നൊരു ക്രിപ്‌റ്റോ കറന്‍സിയെ നിലവിലില്ല എന്നതുകൊണ്ട് എല്ലാവരും അതിനെ തമാശയായി ആണ് കരുതിയത്.

മക്‌ഡൊണാള്‍ഡ്‌സ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്ന ഒരു പാവയുടെ രൂപത്തിലുള്ള പ്രശസ്ത കഥാപാത്രമാണ് ഗ്രിമെയ്‌സ്. എന്നാല്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഗ്രിമെയ്‌സ് കോയിന്‍ ട്വീറ്റ് പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറി. ഗ്രിമെയ്‌സ് കോയിന്‍ എന്ന പേരില്‍ ഒരു ഡസനിലധികം ക്രിപ്‌റ്റോ കറന്‍സികളാണ് പ്രത്യക്ഷപ്പെട്ടത്. ട്വീറ്റില്‍ ഉപയോഗിച്ച അതേ ചിഹ്നം ഉപയോഗിക്കുന്ന കോയിനുകളാണ് ക്രിപ്‌റ്റോ ലോകത്ത് പ്രചരിച്ചത്. പലതിന്റെയും വിലയും കുതിച്ചുയര്‍ന്നു.
ഡിസെന്‍ട്രലൈസ്ഡ് എക്‌സ്‌ചേഞ്ച് ആയ പാന്‍സ്വാപ്പില്‍ പ്രത്യക്ഷപ്പെട്ട ഗ്രിമെയ്‌സ് കോയിനാണ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. ആദ്യ 24 മണിക്കൂര്‍ കൊണ്ട് ഈ കോയിന്റെ വില 285,000 ശതമാനമാണ് ഉയര്‍ന്നത്. കോയിന്‍ ഡെസ്‌ക് റിപ്പോര്‍ അനുസരിച്ച് 0.0007 ഡോളറില്‍( 0.05 രൂപ) ട്രേഡിംഗ് തുടങ്ങിയ മറ്റൊരു ഗ്രിമെയ്‌സ് കോയിന്റെ വില 2 ഡോളര്‍( ഏകദേശം 150 രൂപ) വരെയായി. രണ്ട് മില്യണ്‍ ഡോളറോളം ഈ കോയിന്റെ വിപണി മൂല്യം ഉയര്‍ന്നു. പതിനായിരത്തോളം പേര്‍ വാങ്ങിയ വേറൊരു ഗ്രിമെയ്‌സ് കോയിന്റെ വിപണി മൂല്യം 6 മില്യണ്‍ ഡോളറോളം എത്തി.
നേരത്തെ മീം കോയിനുകളുടെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ഗ്രിമെയ്‌സ് കോയിനുകളും അത്തരത്തില്‍ ഉള്ളവയാകാം എന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌ക്വിഡ് ടോക്കണ്‍ തട്ടിപ്പിലൂടെ നിക്ഷേപകര്‍ക്ക് 19 കോടിയോളം രൂപയാണ് നഷ്ടമായത്. നെറ്റ്ഫ്ലിക്സിലെ സ്‌ക്വിഡ് ഗെയിം സീരീസിന്റെ പേരില്‍ എത്തിയ സ്‌ക്വിഡ് ടോക്കണിന്റെ വില 300,000 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. വാങ്ങിയവര്‍ക്ക് ടോക്കണ്‍ വില്‍ക്കാനാവാതെ വന്നതോടെയാണ് തട്ടിപ്പ് ലോകം തിരിച്ചറിഞ്ഞത്. പുതിയ ക്രിപ്‌റ്റോ അവതരിപ്പിച്ച ശേഷം നിക്ഷേപകര്‍ക്ക് വില്‍പ്പനയ്ക്കുള്ള അവസരം നല്‍കാതെ പണവുമായി കടന്നുകളയുന്ന ഇത്തരം തട്ടിപ്പുകള്‍ റഗ് പുള്‍ എന്നാണ് അറിയപ്പെടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it