ഇക്വിറ്റി ഫണ്ട് നിക്ഷേപം ജൂലൈയിൽ 9 ശതമാനം ഇടിഞ്ഞു; 23,332 കോടി രൂപയുടെ റെക്കോഡ് നേട്ടത്തില്‍ എസ്.ഐ.പി

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവ്. ജൂലൈയില്‍ ഒമ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂണിലെ 40,608 കോടി രൂപയില്‍ നിന്ന് നിക്ഷേപം ജൂലൈയില്‍ 37,113 കോടിയായാണ് കുറഞ്ഞത്. ലാർജ് ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിലുണ്ടായ കുറവാണ് ഓപ്പൺ-എൻഡ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇടിയാനുളള പ്രധാന കാരണങ്ങളിലൊന്ന്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ആകെ വരവ് ജൂണിൽ 21,262 കോടി രൂപയിൽ നിന്ന് ജൂലൈയിൽ 23,332 കോടി രൂപയുടെ റെക്കോഡ് ഉയരത്തില്‍ എത്തി.

സ്‌മോൾ ക്യാപ് ഫണ്ടുകളിൽ 2,109.20 കോടി രൂപയുടെ പുതിയ നിക്ഷേപം

ബിഗ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 31 ശതമാനം ഇടിഞ്ഞ് 670.12 കോടി രൂപയിലെത്തി. മിഡ്ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിലും 35 ശതമാനത്തിന്റെ വലിയ ഇടിവ് നേരിട്ടു. മിഡ്ക്യാപ് ഫണ്ടുകളില്‍നിന്ന് ജൂലൈയില്‍ 2,527 കോടി രൂപ നിക്ഷേപകര്‍ പിന്‍വലിച്ചു. ജൂണില്‍ ഇത് 1,644 കോടിയായിരുന്നു.
സ്‌മോൾ ക്യാപ് ഫണ്ടുകളിൽ 2,109.20 കോടി രൂപയുടെയും മിഡ് ക്യാപ് ഫണ്ടുകളിൽ 1,644.22 കോടി രൂപയുടെയും പുതിയ നിക്ഷേപം ജൂലൈയില്‍ ഉണ്ടായി.

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയില്‍ വര്‍ധന

സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളില്‍ ജൂലൈയിൽ 18,386.35 കോടി രൂപയുടെ ​​നിക്ഷേപം ലഭിച്ചു. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ജൂണിലെ 1.07 ലക്ഷം കോടിയില്‍ നിന്ന് 1.19 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
ടാക്‌സ് സേവിങ് (ഇ.എല്‍.എസ്.എസ്) ഫണ്ടുകളില്‍നിന്ന് ജൂലൈയില്‍ 637 കോടി രൂപയും ഫോക്കസ്ഡ് ഫണ്ടുകളില്‍നിന്ന് 620 കോടി രൂപയും നിക്ഷേപകര്‍ പിന്‍വലിച്ചു. ജൂലൈയില്‍ വിപണിയിലെത്തിയ 15 ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളില്‍ നിന്നായി ആകെ 16,565 കോടി രൂപ സമാഹരിക്കാനും സാധിച്ചു.
മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി ജൂലൈയില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ജൂണിലെ 60.89 ലക്ഷം കോടി രൂപയില്‍ നിന്ന് ജൂലൈയില്‍ 64.69 ലക്ഷം കോടിയായാണ് വര്‍ധിച്ചത്.
Related Articles
Next Story
Videos
Share it