വിദേശനാണ്യ വ്യാപാരവും ഊഹക്കച്ചവടവും

വിദേശനാണ്യ ഡെറിവേറ്റീവ് വ്യാപാരത്തിന് റിസര്‍വ് ബാങ്ക് നിയന്ത്രണം കടുപ്പിച്ചു. വിദേശനാണ്യം നല്‍കാന്‍ ബാധ്യത ഉള്ളവര്‍ മാത്രമേ എക്‌സ്‌ചേഞ്ച് ട്രേഡഡ് കറന്‍സി ഡെറിവേറ്റീവുകളുടെ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ റിസര്‍വ് ബാങ്ക് കര്‍ക്കശമാക്കി. ഈ വ്യവസ്ഥ ഏപ്രില്‍ ആദ്യം നടപ്പാക്കാനുള്ള തീരുമാനം പിന്നീട മെയ് മൂന്നിലേക്ക് നീട്ടി.

രൂപയുടെ വിനിമയ നിരക്കിനെ ഊഹക്കച്ചവടക്കാര്‍ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 10 കോടി ഡോളറില്‍ കൂടിയ വിദേശനാണ്യ ബാധ്യത/ആസ്തി ഉള്ളവര്‍ അതിന്റെ തെളിവ് ബ്രോക്കര്‍മാര്‍ക്ക് നല്‍കണം എന്നാണ് 2014 മുതല്‍ ഉള്ള വ്യവസ്ഥ. അതിലും കുറഞ്ഞ തോതില്‍ ഇടപാട് നടത്താന്‍ വിദേശനാണ്യ വരുമാനമോ ചെലവോ കാണിക്കേണ്ടതില്ല എന്നു പലരും വ്യാഖ്യാനിച്ചു. അതനുസരിച്ച് വിദേശനാണ്യ ആവശ്യം ഇല്ലാത്തവര്‍ പോലും കറന്‍സി ഡെറിവേറ്റീവ് വ്യാപാരം നടത്തിപ്പോന്നു.

ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ജനുവരിയില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറിനെ തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍.വിദേശ കറന്‍സി വരവോ ചെലവോ ഇല്ലാത്തവര്‍ വ്യാപാരം നടത്തേണ്ട എന്ന് പറഞ്ഞാല്‍ ഊഹക്കച്ചവടം വേണ്ട എന്നര്‍ത്ഥം.

ഊഹക്കച്ചവടക്കാര്‍ ഉണ്ടെങ്കിലേ വിപണിക്ക് ആഴവും പരപ്പും ഉണ്ടാകൂ, അപ്പോഴാണ് ശരിയായ വില നിര്‍ണയം സാധിക്കൂ എന്നാണ് ഇടപാടുകാര്‍ പറയുന്നത്. വിദേശനാണ്യ ബാധ്യത ഉള്ളവര്‍ക്ക് നഷ്ടസാധ്യത കുറയ്ക്കാന്‍ വേണ്ടിയാണ് ഈ ഡെറിവേറ്റീവ് വ്യാപാരം എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഏതായാലും സര്‍ക്കുലറില്‍ പറഞ്ഞ ഏപ്രില്‍ ആദ്യമായപ്പോള്‍ രൂപയുടെ വില കുത്തനെ ഇടിഞ്ഞു. പിന്നീട് ഒരു മാസം സാവകാശം അനുവദിച്ചപ്പോള്‍ രൂപ തിരിച്ചുകയറി, ഡോളര്‍ 15 പൈസ നഷ്ടത്തിലായി.


വിപണിയുടെ കഥ ഇതാണ്

ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിന്റെ കഥയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിന് പറയാനുള്ളത്. സെന്‍സെക്‌സ് 24.85 ശതമാനവും നിഫ്റ്റി 50 28.61 ശതമാനവും നേട്ടം ഉണ്ടാക്കിയപ്പോള്‍ ഓഹരി നിക്ഷേപകരുടെ സമ്പാദ്യം 133 ട്രില്യണ്‍ (ലക്ഷം കോടി) രൂപ കണ്ട് വര്‍ധിക്കുകയും ചെയ്തു. സെന്‍സെക്‌സിന്റെ വാര്‍ഷിക നേട്ടം 14,659.83 പോയിന്റും നിഫ്റ്റി 50ന്റേത് 4967.15 പോയിന്റുമാണ്.

മറ്റ് നിക്ഷേപ മേഖലകളില്‍ പണം മുടക്കുന്നവര്‍ക്ക് ഓഹരി നിക്ഷേപത്തെപ്പറ്റി അസൂയ തോന്നുന്നതിനും ഈ തിളങ്ങുന്ന നേട്ടം കാരണമാകാം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇരുപതിലും ഇന്ത്യന്‍ വിപണി നേട്ടം നല്‍കിയിരുന്നു.

അതില്‍ തന്നെ 15 വര്‍ഷം ഇരട്ടയക്ക നേട്ടം ഉണ്ടായി. നിഫ്റ്റി 50 സൂചിക 25 വര്‍ഷം കൊണ്ട്1592.2 പോയിന്റില്‍ നിന്ന് 22,514.65ല്‍ എത്തി. കൂട്ടുപലിശക്രമത്തില്‍ 11.22 ശതമാനം വാര്‍ഷിക ആദായം. മറ്റൊരു നിക്ഷേപ മേഖലയും നല്‍കാത്തആദായം ഓഹരി വിപണി നല്‍കുന്നു.

കഴിഞ്ഞ ധനകാര്യ വര്‍ഷം നിഫ്റ്റി 50യില്‍ ബജാജ് ഓട്ടോ 142.52, ടാറ്റാ മോട്ടോഴ്‌സ് 136.67, കോള്‍ ഇന്ത്യ 118.73, അദാനി പോര്‍ട്‌സ് 113.76, ഹീറോ മോട്ടോകോര്‍പ് 107.91, എന്‍ടിപിസി 97.67, ശ്രീറാം ഫിനാന്‍സ് 92.76, ഒഎന്‍ജിസിയും ബിപിസിഎലും 85.99 ശതമാനം വീതവും അദാനി എന്റര്‍പ്രൈസസ് 82.74 ശതമാനവും നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ വലിയ കുതിപ്പ് നടത്തി. ഈയിടെ ഉണ്ടായ തിരുത്തലിന് ശേഷവും നിഫ്റ്റി മിഡ് ക്യാപ് സൂചിക 60 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 70 ശതമാനവും നേട്ടം നല്‍കി. നിഫ്റ്റി റിയല്‍റ്റി സൂചിക 132 ശതമാനവും നേട്ടം ഉണ്ടാക്കി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it