നിക്ഷേപകനാണോ, ഈ 4 കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
''ഓഹരി വിപണി എന്നും ചാഞ്ചാടി കൊണ്ടിരിക്കും. അതിന്റെ സ്വഭാവം തന്നെ അതാണ്. അതുകൊണ്ട് വിപണിയിലെ കയറ്റിറക്കങ്ങള്‍ വര്‍ധിക്കുന്ന സന്ദര്‍ഭത്തില്‍ നിക്ഷേപകര്‍ എന്തു ചെയ്യണമെന്നതല്ല പ്രസക്തമായ കാര്യം, ഓഹരി വിപണിയില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട അച്ചടക്കത്തോടെയുള്ള സമീപനങ്ങളാണ്,'' പറയുന്നത് യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി ഗ്രൂപ്പ് പ്രസിഡന്റും ഹെഡ് ഓഫ് ഇക്വിറ്റിയുമായ വെട്രി സുബ്രഹ്‌മണ്യം.
പ്രധാനമായും നാല് കാര്യങ്ങളാണ് ഓഹരി നിക്ഷേകര്‍ ചെയ്യേണ്ടതെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.
1. സാമ്പത്തിക ലക്ഷ്യം തീരുമാനിക്കല്‍
എന്ത് സാമ്പത്തിക ലക്ഷ്യം നിറവേറ്റനാണ് നിക്ഷേപം നടത്തുന്നതെന്നത് കൃത്യമായി തീരുമാനിച്ചിരിക്കണം. വിപണിയില്‍ കയറ്റിറക്കങ്ങള്‍ സംഭവിക്കുമ്പോള്‍ ആലോചനയില്ലാതെ അതിവേഗം തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇത്തരം ലക്ഷ്യങ്ങള്‍ സഹായകരമാകും.
2. ആസ്തി വിഭജനം
നിക്ഷേപകര്‍ കൃത്യമായി അസറ്റ് അലോക്കേഷന്‍ നടത്തിയിരിക്കണം. സ്വന്തം കാലില്‍ നിന്ന് വളരുന്ന, വളര്‍ച്ചയ്ക്കായി പുനര്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള കമ്പനികളിലും പ്രതിബന്ധങ്ങളെ മറികടന്ന് ടേണ്‍ എറൗണ്ട് ചെയ്ത് വളര്‍ച്ചാ പാതയിലൂടെ മുന്നോട്ടുപോകുന്ന കമ്പനികളിലും ഒക്കെ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. അതായത് വളര്‍ച്ചാ കമ്പനികളിലും മൂല്യമുള്ള കമ്പനികളിലും നിക്ഷേപം വിന്യസിക്കണം.
3. വൈവിധ്യവല്‍ക്കരണം
എല്ലാ മുട്ടകളും ഒരേ കുട്ടയില്‍ സൂക്ഷിക്കരുതെന്ന തത്വത്തിന് എന്നും പ്രസക്തിയുണ്ട്. റീറ്റെയ്ല്‍ നിക്ഷേപകര്‍ തീര്‍ച്ചയായും നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തിയിരിക്കണം.
4. എസ് ഐ പി ഒഴിവാക്കരുത്
സാധാരണ നിക്ഷേപകരെ സംബന്ധിച്ച് റിസ്‌ക് കുറഞ്ഞതും എന്നാല്‍ വിപണിയുടെ നേട്ടത്തിന്റെ പങ്കുപറ്റാന്‍ സാധിക്കുന്നതുമായ നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. സാധാരണ നിക്ഷേപകരുടെ മനസില്‍ അനിശ്ചിതത്വവും അവ്യക്തതയും നിറയുമ്പോള്‍ കുറഞ്ഞ റിസ്‌കില്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ ഉപകരിക്കുന്ന നിക്ഷേപമാര്‍ഗമാണ് എസ് ഐ പി.
റീറ്റെയ്ല്‍ നിക്ഷേപകര്‍ വിദഗ്ധ മാര്‍ഗനിര്‍ദേശത്തിനായി അഡൈ്വസര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുന്നത് ഉചിതമായിരിക്കുമെന്ന് വെട്രി സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടുന്നു. ''അസുഖം വരുമ്പോഴും അസുഖങ്ങളിലാതെ ജീവിക്കാനും വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കാന്‍ ആരും മടിക്കാറില്ല. സാമ്പത്തിക ആരോഗ്യത്തിന്റെ കാര്യത്തിലും ഇത്തരം വിദഗ്ധ 'വെല്‍ത്ത് ഡോക്ടര്‍മാരുടെ' സേവനം തേടാന്‍ മടിക്കരുത്.'' ഓരോ വ്യക്തിയുടെയും വരവ് ചെലവുകളും സാമ്പത്തിക സാഹചര്യങ്ങളും മനസില്ലാക്കിയുള്ള നിക്ഷേപമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധരായ അഡൈ്വസര്‍മാര്‍ക്ക് സാധിക്കും. ''വെല്‍ത്ത് ഓക്കെയായാല്‍ ഹെല്‍ത്തും ഓക്കെയാകും,'' വെട്രി സുബ്രഹ്‌മണ്യം പറയുന്നു.