തിരിച്ചുവരവിന്റെ പാതയില്‍ വീണ്ടും ഗോള്‍ഡ് ഇ.ടി.എഫ്

മാര്‍ച്ചിലെ ഇടിവിന് ശേഷം ഏപ്രിലില്‍ തിരിച്ചുകയറി നിക്ഷേപം

ഇക്കഴിഞ്ഞ മാര്‍ച്ചിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകെയും (2022-23) വലിയ തിരിച്ചടി നേരിട്ട ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോള്‍ഡ് ഇ.ടി.എഫ്/ Gold ETF) വീണ്ടും നിക്ഷേപമൊഴുകുന്നു. ആഗോളതലത്തില്‍ വീണ്ടും മാന്ദ്യഭീതി ഉയരുകയും ഓഹരി വിപണികള്‍ കനത്ത ചാഞ്ചാട്ടത്തിന് സാക്ഷിയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണ ഇ.ടി.എഫുകളിലേക്ക് പണമൊഴുക്കുകയായിരുന്നു എന്ന് ഏപ്രിലിലെ ട്രെന്‍ഡ് വ്യക്തമാക്കുന്നു.

മാര്‍ച്ചില്‍ 266 കോടി രൂപയുടെ നിക്ഷേപനഷ്ടം നേരിട്ട ഇന്ത്യയിലെ ഗോള്‍ഡ് ഇ.ടി.എഫുകള്‍ ഏപ്രിലില്‍ 124 കോടി രൂപയുടെ നിക്ഷേപം നേടിയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി. 2022-23 വര്‍ഷത്തെ മൊത്തം ഗോള്‍ഡ് ഇ.ടി.എഫ് നിക്ഷേപം കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും താഴ്ചയിലായിരുന്നു. 2021-22ല്‍ 2,541 കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നത് 2022-23ല്‍ 653 കോടി രൂപയായാണ് കുറഞ്ഞത്. കൊവിഡ് പ്രതിസന്ധി നിലനിന്ന 2020-21 സാമ്പത്തിക വര്‍ഷം 6,919 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. 1,614 കോടി രൂപയായിരുന്നു 2019-20ലെ നിക്ഷേപം. 2018-19ല്‍ നേരിട്ടത് 3,024 കോടി രൂപയുടെ നിക്ഷേപ നഷ്ടവുമായിരുന്നു.

മൊത്തം ആസ്തിയിലും വര്‍ദ്ധന
ഇന്ത്യയിലെ 14 സ്വര്‍ണ അധിഷ്ഠിത ഗോള്‍ഡ് ഇ.ടി.എഫുകളും ചേര്‍ന്ന് 124.54 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞമാസം നേടിയത്. ഗോള്‍ഡ് ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മാര്‍ച്ചിലെ 22,737 കോടി രൂപയില്‍ നിന്ന് 22,950 കോടി രൂപയായും ഉയര്‍ന്നു. ഗോള്‍ഡ് ഇ.ടി.എഫിലെ മൊത്തം നിക്ഷേപക അക്കൗണ്ടുകള്‍ (Investor Portfolio) ഏപ്രിലില്‍ 12,600 എണ്ണം വര്‍ദ്ധിച്ച് 47.13 ലക്ഷത്തിലുമെത്തി.

എന്താണ് ഗോള്‍ഡ് ഇ.ടി.എഫ്
ഭൗതിക സ്വര്‍ണവില അടിസ്ഥാനമാക്കി തന്നെ ആഭരണങ്ങള്‍ക്ക് പകരം ബുള്ള്യനുകളില്‍ നിക്ഷേപം നടത്താവുന്ന മാര്‍ഗമാണ് സ്വര്‍ണ ഇ.ടി.എഫുകള്‍ (ഗോള്‍ഡ് ഇ.ടി.എഫ്). കടലാസ് അധിഷ്ഠിതമായ (Paper or Dematerialized) ഗോള്‍ഡ് ഫണ്ടില്‍ നാം നിക്ഷേപിക്കുമ്പോള്‍, ആ തുകയ്ക്ക് തുല്യമായ സ്വര്‍ണക്കട്ടികളുടെ (ബുള്ള്യന്‍) മൂല്യമാണ് അതിനുണ്ടാവുക. ഒരു ഗോള്‍ഡ് ഇ.ടി.എഫ് എന്ന് പറയുന്നത് ഒരു ഗ്രാം സ്വര്‍ണമാണ്.
Related Articles
Next Story
Videos
Share it