സ്വർണാഭരണ ഡിമാന്റ് ഇടിയുന്നു, കാരണങ്ങൾ അറിയാം

കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ 5 % വർധിപ്പിച്ചത്, സ്വർണ വിലയിലെ ചാഞ്ചാട്ടം, കോവിഡിനെ തുടർന്ന് ഉപഭോക്താക്കളുടെ ക്രയ ശേഷി കുറഞ്ഞത് തുടങ്ങിയ കാരണങ്ങളാൽ സ്വർണാഭരണ ഡിമാൻറ്റ് കുറയുന്നതായി റിപ്പോർട്ട്. കേരളത്തിൽ ഇ വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അത് വിപണിയെ ഇതു വരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യം കേന്ദ്ര സർക്കാരിന് അറിയിച്ചെങ്കിലും സ്വർണ ഇറക്കുമതി പിടിച്ചു നിർത്താനുള്ള നയമാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

2022-23 രണ്ടാം പാദത്തിൽ സ്വർണാഭരണ ഡിമാൻറ്റ് 8 ശതമാനവും, മൂന്നാം പാദത്തിൽ 15 ശതമാനവും ഇടിയുമെന്ന ഐ സി ആർ എ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു.

ഗ്രാമീണ മേഖലയിൽ കാലവർഷ മഴ ദുർബലമായാൽ സ്വർണാഭരണ ഡിമാൻറ്റ് കുറയും. രണ്ടു വർഷത്തിന് ശേഷം ടൂറിസം വിപണി സജീവമായതോടെ ഉപഭോക്താക്കൾ യാത്രകൾക്കും ഉല്ലാസത്തിനും കൂടുതൽ തുക ചെലവാക്കുന്നത് ആഭരണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഓണവും, വിവാഹങ്ങളും, മറ്റ് ഉത്സവങ്ങളും ആഭരണ വിപണിയിൽ ഡിമാൻറ്റ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും പൊതുവിൽ 2022-23 സ്വർണാഭരണ വിപണി വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

സംഘടിത ജുവലറി റീറ്റെയ്ൽ മേഖല മെച്ചപ്പെട്ട വളർച്ച കൈവരിക്കുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. പ്രവർത്തന ചെലവുകൾ വർധിക്കുമെങ്കിലും 14 % വാർഷിക വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. ലിസ്റ്റ് ചെയ്യപ്പെട്ട പ്രധാന ജ്വല്ലറികളിൽ തങ്കമായിൽ (Thangamayil Jewellery ), ജുവലറിയുടെ അറ്റാദായം ജൂൺ പാദത്തിൽ 97 % വർധിച്ച് 18.98 കോടി രൂപയായി, കല്യാൺ ജൂവലേഴ്‌സ് അറ്റാദായം 92.6 % വർധിച്ച് 107.94 കോടി രൂപ യായി. പ്രധാന ജൂവലറി ബ്രാൻഡുകളുടെ മാർജിൻ 7 -7.5 ശതമാനമായി മിതപ്പെടുമെന്ന് കരുതുന്നു. കൂടുതൽ റീറ്റെയ്ൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനാൽ പ്രമുഖ ജുവലറികളുടെ മൂലധന ചെലവുകൾ വർധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it