ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില; പവന് ഇന്നെന്ത് നല്‍കണം?
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന നിലയില്‍ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,820 രൂപയില്‍ തുടരുന്നു. വെള്ളി വില ഗ്രാമിന് 81 രൂപ.
ഒരു പവന് ഇന്ന് എന്ത് നല്‍കണം?
പവന് 46,560 രൂപയാണ് ഇന്നത്തെ വില. എന്നാല്‍, ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. ഈ വിലയോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക് ചാര്‍ജ്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ പണിക്കൂലിയും കൊടുത്താലേ ആഭരണം വാങ്ങാനാകൂ. നികുതിയും പണിക്കൂലിയും കൂടിച്ചേരുമ്പോള്‍ 48,000-49,000 രൂപയെങ്കിലും കൊടുത്താലേ ഒരുപവന്‍ ആഭരണം ലഭിക്കൂ. പണിക്കൂലി ഉയര്‍ന്ന ആഭരണങ്ങള്‍ക്കെങ്കില്‍ 50,000 രൂപയില്‍ അധികമാകും.
ഉയര്‍ന്ന നിരക്കിന് പിന്നില്‍
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിലയും ഉയരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഔണ്‍സിന് 2,030 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,052 ഡോളറില്‍.
അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡ് (ആദായനിരക്ക്) 4 ശതമാനത്തിന് താഴേക്ക് വീണതും ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണ നിക്ഷേപങ്ങളെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഇതാണ് വില വര്‍ധന സൃഷ്ടിക്കുന്നത്.